യന്ത്രം നോക്കുകുത്തിയായി എരുമേലിയില്‍ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌ക്കരണം തുടങ്ങിയില്ല

Monday 18 December 2017 12:00 am IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ പദ്ധതി ഇതുവരെ നടപ്പായില്ല. ഇതിനുവേണ്ടി കൊണ്ടുവന്ന ‘ഷ്രഡിംഗ് മെഷീന്‍’ പ്ലാസ്റ്റിക്ക് കവറില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
തീര്‍ത്ഥാടനകാലത്ത് എരുമേലിയില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇവയെല്ലാം സംസ്‌ക്കരിക്കാന്‍ രണ്ടു സ്ഥലങ്ങളിലായി വിവിധ ഘട്ടങ്ങളിലായി ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല.
മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതിനെതിരെ ഉയര്‍ന്ന പരാതികളെ തുടര്‍ന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം വേര്‍തിരിച്ച് സംസ്‌ക്കരിക്കുന്നതിനായി ‘ഷ്രഡിംഗ് മെഷീന്‍’ വന്‍തുക മുടക്കി വാങ്ങിയത്. പദ്ധതി പ്രകാരം റീ സൈക്ലിങ്ങിലൂടെ കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് പൊടിച്ചെടുക്കുകയാണ് ലക്ഷ്യം. മെഷീനിന്റെ പ്രവര്‍ത്തനത്തിനായി വൈദ്യുതി പ്ലാന്റില്‍ എത്തിച്ചതായി അധിക്യതര്‍ പറഞ്ഞിരുന്നു. എന്നാല്‍ മണ്ഡലകാല തീര്‍ത്ഥാടനം സമാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല.
ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ജോലികള്‍ ചെയ്തു തീര്‍ക്കുമെന്നാണ് അവലോകന യോഗങ്ങളില്‍ ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. അധികൃതരുടെ അനാസ്ഥ എരുമേലി നിവാസികളെ കാത്തിരിക്കുന്നത് വലിയ വിപത്തുതന്നെയാണ്.
തീര്‍ത്ഥാടനകാലം കഴിയുന്നതോടെ ടണ്‍ കണക്കണക്കിന് മാലിന്യങ്ങളാകും സംസ്‌ക്കരിക്കാതെ കിടക്കുക. ഇത് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യതകളിലേക്ക് എത്തിക്കും. മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ ആഴ്ച തന്നെ പീസ് മെഷീന്‍ വരുമെന്ന് പഞ്ചായത്തംഗം കെ.ആര്‍.അജേഷ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.