ഭൂമി തട്ടിയെടുത്ത് വില്‍പ്പന നടത്തി; ബന്ധു റിമാന്‍ഡില്‍

Sunday 17 December 2017 10:01 pm IST

 

തൊടുപുഴ: മുക്ത്യാര്‍ വാങ്ങിയ ഭൂമി ഉടമയറിയാതെ വില്‍പ്പന നടത്തുകയും ഇതേ സ്ഥലത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ വായ്പയെടുക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍. മുന്‍ തൊടുപുഴ ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കീരികോട് കുഞ്ചറക്കാട്ട് ആന്റണി ജോസഫ് (56) ആണ് പിടിയിലായത്. മരട് പുത്തന്‍പുരയില്‍ ജോസ് ജോസഫ് തൊടുപുഴ സി.ജെ.എം. കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ഭാര്യയും മകനും സഹോദരിയുമുള്‍പ്പെടെ കൂടുതലാളുകള്‍ പിടിയിലാകാനുണ്ടെന്ന് തൊടുപുഴ എസ്‌ഐ വി.സി. വിഷ്ണുകുമാര്‍ അറിയിച്ചു.
പരാതി ഇങ്ങനെ: 2002 ല്‍ സാമ്പത്തിക പ്രതിസന്ധി വന്നപ്പോള്‍ ജോസ് ബാങ്ക് ജീവനക്കാരനായിരുന്ന പ്രതി ആന്റണിയെ സമീപിച്ചു. ലോണ്‍ താരാമെന്ന് പറഞ്ഞ് ഈടായി ജോസിന്റെ ഭാര്യയുടെ പേരില്‍ വെങ്ങല്ലൂര്‍ കോലാനി ബൈപാസിലുള്ള 15 സെന്റ് സഥലത്തിന്റെ മുക്ത്യാര്‍ ആന്റണിയുടെ ഭാര്യ സിമിലിയുടെ പേരിലേക്ക് എഴുതി വാങ്ങി. ബന്ധുവായതിനാലാണ് മുക്ത്യാര്‍ എഴുതി നല്‍കിയത്.
2004 ല്‍ ഈ സ്ഥലം സിമിലിയുടെ പേരില്‍ നിന്ന് ആന്റണിയുടെ പേരിലേക്കെഴുതി. 2010ല്‍ ലാലു ജോര്‍ജ്ജ് എന്ന ആന്റണിയുടെ സുഹൃത്തിന്റെ പേരിലേക്ക് മാറ്റിയെഴുതി. ഇതിന് ശേഷം പല പ്രാവശ്യമായി ആന്റണിയുടെയും ബന്ധുക്കളുടെയും പേരില്‍ ഇതേ സ്ഥലത്തിന്റെ പേരില്‍ ആന്റണി സെക്രട്ടറിയായ ബാങ്കില്‍ നിന്ന് 40 ലക്ഷത്തിലധികം രൂപാ ലോണെടുത്തു.
സ്ഥലത്തിനിപ്പോള്‍ സെന്റിന് പത്ത് ലക്ഷത്തിലധികം രൂപാ വില വരും. സ്ഥലം തിരികെ എഴുതി തരണമെന്ന് ജോസും ഭാര്യയും പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ല. 2015 വരെ ലോണെടുത്തുള്ള തട്ടിപ്പ് തുടര്‍ന്നു. 2016ല്‍ സ്ഥലത്തിന്റെ കരം അടക്കാന്‍ ചെന്നപ്പോഴാണ് ഉടമസ്ഥാവകാശം മാറ്റിയതായി ജോസ് അറിഞ്ഞത്. ഇതോടെ ജോസ് കോടതിയെ സമീപിച്ചു.
രണ്ട് മാസം മുമ്പ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ആന്റണി കാഞ്ഞിരമറ്റം കേന്ദ്രീകരിച്ച് കാര്‍ഷിക സൊസൈറ്റി രൂപീകരിച്ച ശേഷം പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.