കെഎസ്ആര്‍ടിസി ചെയിന്‍ തുടങ്ങി;ബസ്സുകളുടെ സമയക്രമം പാലിക്കാതായി

Monday 18 December 2017 12:00 am IST

കോട്ടയം: പാമ്പാടി-മാന്തുരുത്തി-കറുകച്ചാല്‍ റൂട്ടില്‍ ബസ്സുകള്‍ സമയക്രമം പാലിക്കുന്നില്ലെന്ന് വ്യാപക പരാതി. കെഎസ്ആര്‍ടിസി കോട്ടയം-റാന്നി ചെയിന്‍ സര്‍വ്വീസ് ആരംഭിച്ചതു മുതലാണ് ഇതുവഴിയുള്ള സ്വകാര്യ ബസ്സുകള്‍ സമയക്രമം പാലിക്കാതെ വന്നുതുടങ്ങിയത്.
അനുവദനീയമായ സമയത്തില്‍ നിന്ന് 10 മുതല്‍ 20 മിനിറ്റ് വരെയാണ് പല ബസ്സുകളും നിര്‍ദ്ദിഷ്ട സ്‌റ്റോപ്പുകള്‍ കടന്നു പോകുന്നത്. ഇതുമൂലം യാത്രക്കാര്‍ വളരെയേറെ ദുരിതത്തിലായിരിക്കുകയാണ്.
കെഎസ്ആര്‍ടിസി ബസ്സുകളുമായുള്ള മത്സരമാണ് സമയക്രമം തെറ്റാന്‍ കാരണം. ഇതുമൂലം സ്‌റ്റോപ്പുകളില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റാനും കൂട്ടാക്കാറില്ല.
ഒന്നിലധികം ബസ്സുകള്‍ ഒരേ സമയം കടന്നു പോകുന്ന സ്ഥിതിവിശേഷമാണുള്ളത്. നിശ്ചിത സമയത്ത് സര്‍വ്വീസ് നടത്താന്‍ അധികൃതര്‍ ഇടപെടണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. യാത്രാക്ലേശം രൂക്ഷമായ പ്രദേശത്തെ ആളുകള്‍ വലിയൊരനു ഗ്രഹമായാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സര്‍വ്വീസിനെ ജനങ്ങള്‍ കണ്ടത്.
എന്നാല്‍ സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും മത്സരിച്ച് സര്‍വീസ് നടത്തുന്നതിനാല്‍ ഈ സര്‍വ്വീസുകള്‍ കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാതായിരി ക്കുകയാണ്.
ഇതിനിടെ കെഎസ്ആര്‍ടിസി ബസ്സുകളുടെ സമയക്രമം പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കോട്ടയം-മണിമല സ്വകാര്യ ബസ്സുകള്‍ക്കൊപ്പമാണ് പല ഷെഡ്യൂള്‍ സമയവും വന്നിരിക്കുന്നത്. ഇത് കോര്‍പ്പറേഷന് ഉദ്ദേശിച്ച ഗുണഫലം നല്‍കുന്നില്ലെന്ന് ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കോട്ടയം, റാന്നി ഡിപ്പോകളില്‍ നിന്ന് നാല് വീതം ബസ്സുകളാണ് ചെയിന്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. സമയം പുനഃക്രമീകരിച്ചാല്‍ ലാഭകരമായ സര്‍വ്വീസായി ഇത് മാറുമെന്നും ജീവനക്കാര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.