പുറമ്പോക്കില്ലെന്ന് ജില്ലാ സര്‍വേ സൂപ്രണ്ട്; ഉണ്ടെന്ന് നഗരസഭ

Sunday 17 December 2017 10:03 pm IST

 

തൊടുപുഴ: വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ മങ്ങാട്ടുകവല നാലുവരിപ്പാതയ്ക്ക് സമീപം പുറമ്പോക്ക് ഭൂമിയില്ലെന്ന് ജില്ലാ സര്‍വേ സൂപ്രണ്ടിന്റെ വ്യാജ റിപ്പോര്‍ട്ട്. ഇടുക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പതിറ്റാണ്ടുകളായി ഇതിലെ ഒഴുകിയിരുന്ന തോടും മറ്റ് പുറമ്പോക്കും ഇല്ലെന്ന് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തോടിനോട് ചേര്‍ന്ന് ഭൂമിയുള്ള തൊടുപുഴ സ്വദേശി എബ്രഹാം സ്റ്റീഫന്‍ ഇവിടെ ഷോപ്പിങ് മാള്‍ പണിയുന്നതിന് ആവശ്യമായ നിര്‍മ്മാണ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അപേക്ഷ നല്‍കി. എന്നാല്‍ ഇത് ഈ മാസം ആദ്യം നടന്ന നഗരസഭ കൗണ്‍സില്‍ തടഞ്ഞിരിക്കുകയാണ്.
മാര്‍ച്ചിലാണ് ഇവിടെ 9556.69 ചതുരശ്ര അടിയില്‍ ഷോപ്പിങ് മാളിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നെല്‍വയലായിരുന്ന സ്ഥലത്തിന് മധ്യത്തിലൂടെ 14 അടി വീതിയില്‍ നല്ല ഒഴുക്കുള്ള തോട് ഉണ്ടായിരുന്നു. 66.445 സെന്റ് സ്ഥലമാണ് പുറമ്പോക്കായി ഇവിടെ ഉണ്ടായിരുന്നത്. തോടിനോട് ചേര്‍ന്ന് എബ്രഹാം സ്റ്റീഫന് ഒന്നര ഏക്കറോളം സ്ഥലം ഉണ്ട്. ഈ തോടും പുറമ്പോക്കും സര്‍ക്കസുകാരെത്തിയതിന്റെ മറവില്‍ മണ്ണിട്ട് നികത്തിയെടുത്ത് എബ്രഹാം തന്റെ സ്ഥലത്തോട് ചേര്‍ത്ത് എടുക്കുകയായിരുന്നുവെന്ന് തഹസില്‍ദാര്‍ക്ക് അന്ന് നല്‍കിയ പരാതിയില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കണ്ണന്‍ ദാസ് രേഖാമൂലം വ്യക്തമാക്കിയിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ പണി തടയുകയായിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ നഗരസഭയും കക്ഷി ചേര്‍ന്ന് കേസ് നടന്ന് വരികയാണ്.
2016 നവംബര്‍ 22ന് ശേഷം നഗരസഭ നിര്‍മ്മാണ അനുമതി പുതുക്കി നല്‍കിയിട്ടില്ല. 2017ല്‍ എബ്രഹാം സ്റ്റീഫന്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ ഹൈക്കോടതി ഒരുമാസം പെര്‍മി
റ്റ് നീട്ടി നല്‍കിയെങ്കിലും പിന്നീട് പുതുക്കാന്‍ തയ്യാറായില്ല. തൊടുപുഴ നഗരസഭ അതിര്‍ത്തിയില്‍ റീ സര്‍വ്വേ നടക്കുന്ന സാഹചര്യം മുതലെടുത്താണ് തെറ്റായ റിപ്പോര്‍ട്ട് ഹാജരാക്കി നിര്‍മ്മാണ അനുമതി നേടാനുള്ള ശ്രമം നടക്കുന്നത്. ഇതിന് അഡീഷണല്‍ തഹസില്‍ദാരും, സര്‍വേ സൂപ്രണ്ടും സഹായം ചെയ്യുന്നതായും അടുത്തിടെ കണ്ണന്‍ ദാസ് കണ്ണന്‍ ദാസ് നല്‍കിയ പരാതിയില്‍ പറയുന്നു.
2013ല്‍ താലൂക്ക് സര്‍വെയര്‍ തയ്യാറാക്കി നല്‍കിയ വ്യാജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് ഷോപ്പിങ് മാള്‍ നിര്‍മ്മാണത്തിനുള്ള അനുമതി നേടിയത്. ആദ്യം പെര്‍മിറ്റ് നല്‍കിയ നഗരസഭ പിന്നീട് പരാതിയുടെയും വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കയ്യേറ്റത്തിന് എതിരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.