ആഷസ്: ഓസീസ് ജയത്തോടടുക്കുന്നു

Monday 18 December 2017 2:30 am IST

പെര്‍ത്ത്്: ഓസീസ് ആഷസ് പരമ്പരജയത്തോടടുക്കുന്നു. 259 റണ്‍സ് ലീഡു വഴങ്ങിയ ഇംഗ്ലണ്ട് മഴ തടസപ്പെടുത്തിയ നാലാം ദിനത്തില്‍  കളി നിര്‍ത്തുമ്പോള്‍  നാലിന് 132 റണ്‍സെന്ന നിലയിലാണ്.ആതിഥേയരെ വീണ്ടും ബാറ്റെടുപ്പിക്കാന്‍ ഇനി 127 റണ്‍സ് കൂടി വേണം.

മഴദൈവങ്ങള്‍ മാറിനിന്നാല്‍ ഓസീസിന് ഇന്ന് പരമ്പര വിജയമൊരുങ്ങും.ആദ്യ ഇന്നിങ്ങ്‌സില്‍ സെഞ്ചുറി കുറിച്ച ഡേവിഡ് മലാനും(28) ജോണി ബെയര്‍സ്‌റ്റോയു(14)മാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. ഒന്നാം ഇന്നിങ്ങ്‌സ് ഒമ്പതു വിക്കറ്റിന് 662 റണ്‍സ് നേടി അവസാനിപ്പിച്ചതോടെയാണ് ഓസീസിന് 259 റണ്‍സ് ലീഡ് ലഭിച്ചത്്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സില്‍ 403 റണ്‍സാണ് നേടിയത്.ആദ്യ രണ്ട് ടെസ്റ്റിലും വിജയം പിടിച്ച ഓസീസ് പരമ്പരയില്‍ 2-0 ന് മുന്നിലാണ്. ഇന്ന് വിജയം നേടിയാല്‍ അവര്‍ക്ക് ആഷസ് തിരിച്ചുപിടിക്കാനാകും.രണ്ടാം ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ന്നു.രണ്ടാം ഓവറില്‍ ഓപ്പണര്‍ സ്‌റ്റോണ്‍മാന്‍ വീണു. മൂന്ന് റണ്‍സ് എടുത്തുനിന്ന സ്‌റ്റോണ്‍മാനെ ഹെയ്‌സല്‍വുഡിന്റെ പന്തില്‍ കീപ്പര്‍ പിടികൂടി.

നൂറ്റയമ്പതാം ടെസ്റ്റ് കളിക്കുന്ന മുന്‍ നായകന്‍ അലിസ്റ്റര്‍ കുക്കിന് രണ്ടാം ഇന്നിങ്ങ്‌സിലും തിളങ്ങാനായില്ല. സ്വന്തം ബൗളിങ്ങില്‍ മനോഹരമായൊരു ഒറ്റക്കൈ ക്യാച്ചില്‍ കുക്കിന്റെ കഥകഴിഞ്ഞു. 14 റണ്‍സാണ് കുക്കിന്റെ നേട്ടം. ഈ പരമ്പരയില്‍ ഇതുവരെ ഈ മുന്‍ നായകന് 83 റണ്‍സേ നേടാനായൊള്ളു.നായകന്‍ ജോ റൂട്ടും അനായാസം കീഴടങ്ങി. 14 റണ്‍സ് കുറിച്ച റൂട്ടിനെ സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് പിടികൂടി. ശക്തമായി ചെറുത്തുനിന്ന ജെയിംസ് വിന്‍സ് അര്‍ധസെഞ്ചുറി കുറിച്ചാണ് മടങ്ങിയത്്.

നേരിട്ട 95 പന്തില്‍ 12 എണ്ണം വിന്‍സ് അതിര്‍ത്തി കടത്തിവിട്ടു.ഹെയ്‌സല്‍വുഡ് ഒമ്പത് ഓവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റും സ്റ്റാക്ക്, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.നേരത്തെ നാലിന് 549 റണ്‍സിന് ഇന്നിങ്ങ്്‌സ് പുനരാരംഭിച്ച ഓസ്്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 662 റണ്‍സ് നേടി ഒന്നാം ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ആഷസില്‍ സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയുടെ  ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇംഗ്ലണ്ടിനെതിരെ ഏറ്റവും ഉയര്‍ന്ന അഞ്ചാം സ്‌കോറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.