തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം പിടിയില്‍

Monday 18 December 2017 2:30 am IST

 

പിടിയിലായ നാസര്‍

കോഴിക്കോട്: തൊഴില്‍ വാഗ്ദാനം ചെയ്ത് പണം തട്ടി ഉദ്യോഗാര്‍ത്ഥികളെ മലേഷ്യയില്‍ നരകജീവിതത്തിലേക്ക് തള്ളുന്ന സംഘം പിടിയില്‍. ഓണ്‍ലൈനിലൂടെയാണ് തട്ടിപ്പ്. സംഘത്തിലെ ഒരാളെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പിരിയാരി കൊടുന്തര വളപ്പില്‍ പി.കെ. നാസറാണ് പിടിയിലായത്. കോഴിക്കോട് താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്.

മൂന്നു പേരില്‍ നിന്ന് നാല് ലക്ഷത്തി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. സംഘത്തിലെ പ്രധാനികളായ ബഷീര്‍, ഷബീര്‍ എന്നിവരെ പിടികിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം തുടങ്ങിയ വിവരമറിഞ്ഞ ബഷീര്‍ മലേഷ്യയിലേക്ക് കടന്നതായാണ് സൂചന. നൗകരി.കോം എന്ന വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് യുവാക്കള്‍ ഇവരുടെ കെണിയില്‍പ്പെട്ടു. വിസിറ്റിങ് വിസയിലാണ് മലേഷ്യയിലേക്ക് ഇവര്‍ ആളുകളെ കൊണ്ടുപോകുന്നത്. എന്നാല്‍, മലേഷ്യയില്‍ വിസിറ്റിങ് വിസ, തൊഴില്‍ വിസയാക്കാനാകില്ലെന്ന വിവരം മറച്ചുവച്ചാണ് ഇവരുടെ ഇടപാടുകള്‍.

മലേഷ്യയിലെ വിവിധ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലാണ് ഇവര്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. അഭ്യസ്തവിദ്യരായ നിരവധി യുവാക്കള്‍ ഇങ്ങനെ ചതിയില്‍പ്പെട്ടു. കോഴിക്കോട് ആനിഹാള്‍ റോഡിലെ അലൈന്‍ ട്രെയ്ഡ് എന്ന സ്ഥാപനമാണ് റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിച്ചത്. ഇത് മൂന്ന് മാസം മുന്‍പ് അടച്ചു. പെട്രോണാസ് എന്ന കമ്പനിയില്‍ എഞ്ചിനീയര്‍ തസ്തികയില്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെട്ടവരാണ് പരാതി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് യുവാക്കള്‍ രക്ഷപ്പെടാനാവാതെ മലേഷ്യയിലെ ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. കണ്ടെയ്‌നറുകളിലാണ് ഇവരെ താമസിപ്പിക്കുന്നത്. ഒരു കണ്ടെയ്‌നറില്‍ ഇരുപതിലധികം ആളുകളെ പാര്‍പ്പിക്കുന്നെന്ന് രക്ഷപ്പെട്ടവര്‍ പറയുന്നു.

ട്രിച്ചി, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ ആളുകളെ മലേഷ്യയിലേക്ക് അയയ്ക്കുന്നത്. തമിഴ്‌നാട്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ക്ക് ഇവരെ കൈമാറും. എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്തവര്‍ക്ക് ലഭിച്ചത് കയറ്റിറക്കു ജോലിയായിരുന്നു. ആദ്യ മാസം മുപ്പത്തയ്യായിരം രൂപയും ആറു മാസം കഴിഞ്ഞാല്‍ നാല്‍പ്പത്തയ്യായിരും രൂപയുമാണ് ശമ്പളമായി ലഭിക്കുക എന്നാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ തുച്ഛമായ ശമ്പളമാണ് നല്‍കിയത്. അനധികൃതമായി മലേഷ്യയില്‍ താമസിച്ചതിന് വന്‍ തുക പിഴയൊടുക്കിയാണ് ഇവര്‍ നാട്ടിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.