കവര്‍ച്ച: മരടിലും പനങ്ങാടും ജനമൈത്രി സ്‌ക്വാഡ്

Monday 18 December 2017 2:46 am IST

മരട്: തുടര്‍ച്ചയായി നടക്കുന്ന കവര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മരട്, പനങ്ങാട് ജനമൈത്രി സ്റ്റേഷന്‍ പരിധികളില്‍ റസിഡന്റ്‌സ് അസോസിയഷനുകളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ജനകീയ സ്‌ക്വാഡ് രൂപീകരിച്ചു. പനങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ നെട്ടൂര്‍, പനങ്ങാട്, കുമ്പളം എന്നിങ്ങനെ മൂന്നിടത്തും മരടില്‍ ആറിടത്തുമാണ് സ്‌ക്വാഡ് ഇറങ്ങുക.
നെട്ടൂരില്‍ അടുത്തിടെയുണ്ടായ അക്രമങ്ങളുടെ വെളിച്ചത്തില്‍ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പനങ്ങാട് ജനമൈത്രി പോലീസ് പറഞ്ഞു. ജീപ്പ്, ബൈക്ക്, മഫ്ടി, കാല്‍നട എന്നിങ്ങനെ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. രണ്ടു മുതല്‍ നാലു പേര്‍ വരെയാണ് ഒരു സംഘത്തിലുള്ളത്.

ഭീതിവിട്ടുമാറാതെ കുടുംബാംഗങ്ങള്‍
തൃപ്പൂണിത്തുറ: അപ്രതീക്ഷിതമായി 15ഓളം അക്രമികളില്‍ നിന്നും കൊടിയ മര്‍ദ്ധനമേറ്റതിന്റെ ഭീതിവിട്ടുമാറാതെ എരൂര്‍ എസ്എന്‍പി കോളനി റോഡില്‍ നന്നപ്പിള്ളി വീട്ടില്‍ ആനന്ദകുമാറിന്റെ ഭാര്യ ഷാരിമോള്‍ എന്ന ഹിന്ദി അധ്യാപിക. ഭീകര നിമിഷങ്ങളെക്കുറിച്ച് ടീച്ചര്‍ പറയുന്നതിങ്ങനെ ”അക്രമികള്‍ ആദ്യം തന്റെ കണ്ണുകളും വായയും ഇറുകെകെട്ടി ആഭരണങ്ങള്‍ ഒന്നൊന്നായി അഴിച്ചുവാങ്ങുകയായിരുന്നു. അതിനിടയില്‍ കിട്ടിയ ഒരു വളയുമായി സംഘത്തിലെ ഒരാള്‍ ഓടിയതായി കവര്‍ച്ചാ സംഘത്തിലെ തന്നെ മറ്റൊരാള്‍ ഹിന്ദിയില്‍ ഉറക്കെ പറയുന്നത് കേട്ടു. ഉടന്‍ തന്നെ ആരെങ്കിലും ഒരാള്‍ അയാള്‍ക്ക് പിറകെ ഓടാന്‍ പറയുന്നതും വള എടുത്തോടിയവനെ ഹിന്ദിയില്‍ ചീത്ത പറഞ്ഞ് തിരികെ പിടിച്ച് കൊണ്ടുവന്ന് അയാളുടെ പോക്കറ്റില്‍ നിന്നും വള മേടിച്ചെടുത്തതായും ഇവര്‍ തമ്മിലുള്ള സംസാരത്തില്‍ മനസ്സിലാക്കി. തന്റെ പാദസരം അവര്‍ മുറിച്ചെടുക്കുന്നതിനിടയില്‍ അവരറിയാതെ തന്റെ താലിമാല കടിച്ചുപൊട്ടിച് താഴെ ഇട്ട് തട്ടി മാറ്റി സുരക്ഷിതമാക്കി ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നത് കണ്ട ഒരു കവര്‍ച്ചക്കാരന്‍ തന്റെ തോളില്‍ ഇടിക്കുകയും ഇവരെ സൂക്ഷിക്കണം എന്ന് മറ്റുള്ളവരോട് പറഞ്ഞത് കേട്ടതായും ഷാരിമോള്‍ പറഞ്ഞു. പിന്നീട് തന്നെ കമിഴ്ത്തി കിടത്തി നടുവിന് ചവിട്ടി കാലുകള്‍ ചേര്‍ത്ത് വെച്ച് കൈകളും കാലുകളും സാരി ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി, നടുക്കവും വേദനയും വിട്ടു മാറാതെ അവര്‍ ഓര്‍ത്തെടുത്തു. ഇതിന് ശേഷം തന്നെ സാരിയില്‍ പൊതിഞ്ഞ് കവര്‍ച്ച സംഘം പൊക്കിയെടുത്ത് കൊണ്ടുപോയപ്പോള്‍ ഭയന്ന് വിറച്ച തന്നോട് കവര്‍ച്ചക്കാര്‍ അപ്പോഴും ശബ്ദം വയ്ക്കാതെയിരുന്നാല്‍ കൂടുതല്‍ ഉപദ്രവിക്കില്ലെന്ന് ഹിന്ദിയില്‍ പറഞ്ഞു. കാല്‍ച്ചുവട്ടിലെ വസ്ത്രം നനഞ്ഞു തുടങ്ങിയപ്പോഴാണ് തന്നെ കിടത്തിയിരിക്കുന്നത് കുളിമുറിയിലാണെന്ന് മനസിലായത്. അതിനിടെ ഒരാള്‍ തന്റെ മൂക്കിന് താഴെ വിരല്‍ വെച്ച് ശ്വാസം ഉണ്ടോയെന്ന് നോക്കുന്നതായും തോന്നി. അതിന് ശേഷം അവര്‍ പുറത്ത് കടന്ന് കുളിമുറിയും പൂട്ടിയതായും ഷാരി ടീച്ചര്‍ ഓര്‍ത്തെടുത്തു.
കവര്‍ച്ച സംഘത്തിന്റെ ഭീകരതയ്ക്ക് ഇരയായ ആനന്ദകുമാറിന്റെ അമ്മ സ്വര്‍ണ്ണമ്മയുടെ ആഭരണങ്ങള്‍ കവര്‍ച്ചക്കാര്‍ ഊരിവാങ്ങുന്നതിനിടയില്‍ ചെവിയിലെ കമ്മലുകള്‍ ഊരിയെടുക്കാന്‍ കഴിയാതെ ചെവികള്‍ പിടിച്ചു വലിച്ചതിനാല്‍ രണ്ട് ചെവികളും ഇപ്പോഴും നന്നായി വേദനിക്കുന്നതായി ഭീതി വിട്ടുമാറാതെ സ്വര്‍ണ്ണമ്മ പറഞ്ഞു. ചെറുമകന്‍ ദീപക്ക് കവര്‍ച്ചാ സംഘത്തോട് ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് അനങ്ങാതെയിരിക്കാനും ശബ്ദം ഉണ്ടാക്കിയാല്‍ അമ്മയെയും മറ്റുള്ളവരെയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. തേപ്പുപെട്ടിയുടെ വയര്‍ ഉപയോഗിച്ചും മരത്തടി ഉപയോഗിച്ച് ദീപക്കിനെയും മര്‍ദ്ദിച്ചു. രൂപക്കിന്റെ കൈകള്‍ കെട്ടി കണ്ണിലും വായിലും പ്ലാസ്റ്റര്‍ ഒട്ടിച്ചു. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ കവര്‍ച്ചാ സംഘം മുഖത്ത് ഷൂസിട്ട കാലുകൊണ്ടു ചവിട്ടി. രൂപക്കിന്റെ ചുണ്ടുകള്‍ ഇപ്പോഴും നീരുവന്ന് വീര്‍ത്തിരിക്കുകയാണ്. ഇരുവരും അക്രമത്തിന്റെ നടുക്കത്തില്‍ നിന്നും വിട്ടുമാറിയിട്ടില്ല.

കവര്‍ച്ചക്കായി അയല്‍ വീട്ടിലെ
വളര്‍ത്തുനായയെ കൊന്നു
തൃപ്പൂണിത്തുറ: വിദേശ മലയാളിയായ എരൂര്‍ വലിയവീട് എബ്രഹാം വര്‍ഗ്ഗീസിന്റെ വീട്ടിലെ നായ കവര്‍ച്ചയ്ക്ക് മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് വിഷം കൊടുത്ത് ആരോ കൊന്നതായി വീട്ടുകാവല്‍ക്കാരന്‍ പറഞ്ഞു. ഇവിടുത്തെ പൂച്ചകളും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ചത്തു. ശനിയാഴ്ച വെളുപ്പിന് ഈ വലിയ വീടിന്റെ ഗേറ്റ് പുറത്തുനിന്നു തള്ളിത്തുറക്കാന്‍ ശ്രമിച്ചതായും പിന്നീട് ഇത് അടക്കാന്‍ പറ്റാത്ത രീതിയില്‍ ആയതായും വീടിന്റെ സൂക്ഷിപ്പുകാര്‍ പറഞ്ഞു. ഇതില്‍നിന്ന് കവര്‍ച്ച നടന്ന വീടിന്റെ പരിസരം ആഴ്ചകള്‍ക്ക് മുന്‍പേ കവര്‍ച്ച സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കാമെന്ന് പോലീസും നാട്ടുകാരും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.