പൈതൃകത്തെരുവില്‍ 'തെരുവിന്റെ കഥ'യൊരുങ്ങുന്നു

Monday 18 December 2017 2:50 am IST

കെ.യു. കൃഷ്ണകുമാര്‍ മിഠായിത്തെരുവില്‍ മ്യൂറല്‍ സിമന്റ് ശില്‍പങ്ങള്‍ തയ്യാറാക്കുന്നു

കോഴിക്കോട്: ഒരു തെരുവിന്റെ കഥ ഇവിടെ പുനര്‍ജ്ജനിക്കുന്നു. പൈതൃകത്തെരുവിന്റെ പ്രൗഢി കൂട്ടാന്‍ എസ്.കെ. പൊറ്റക്കാടിന്റെ ‘തെരുവിന്റെ കഥ’ സിമന്റ് റിലീഫ് മ്യൂറല്‍ ശില്‍പ്പങ്ങളായി കോഴിക്കോട് മിഠായി തെരുവില്‍ ഇനി മുതല്‍ സഞ്ചാരികളെ സ്വാഗതം ചെയ്യും.

മിഠായിത്തെരുവിന്റെ പൈതൃകം സംരക്ഷിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പ്രസിദ്ധ മ്യൂറല്‍ ചിത്രകാരനും ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്രപഠന കേന്ദ്രം പ്രിന്‍സിപ്പലുമായ കെ.യു. കൃഷ്ണകുമാര്‍ എസ്.കെ.പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ മിഠായിത്തെരുവില്‍ പുനരാവിഷ്‌ക്കരിക്കുന്നത്. മിഠായിത്തെരുവിന്റെ വടക്കേ അറ്റത്ത് പതിനഞ്ച് പാനലുകളിലായാണ് ശില്‍പ്പങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. സഹായത്തിന് ചുമര്‍ചിത്ര പഠനകേന്ദ്രത്തിലെ അഞ്ച് വിദ്യാര്‍ത്ഥികളുമുണ്ട്.

”ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളാണെന്ന” എസ്.കെ. പൊറ്റക്കാടിന്റെ തെരുവിന്റെ കഥയിലെ ആമുഖമാണ് തുടക്കം. അതിന് ശേഷം കഥാകാരന്റെ സര്‍ഗ്ഗസൃഷ്ടിയില്‍ വിരിഞ്ഞ കഥാസന്ദര്‍ഭങ്ങള്‍ സിമന്റ്‌റിലീഫുകളായി കൃഷ്ണകുമാര്‍ ഒരുക്കിയെടുക്കുന്നു.

സിമന്റ് ചുവരുകളില്‍ ചെറിയ കത്തികളും കമ്പുകളും കൊണ്ട് കൃഷ്ണകുമാര്‍ അനായാസേന ചുമര്‍ശില്‍പങ്ങള്‍ ഒരുക്കുന്നു 23നാണ് ഉദ്ഘാടനം. തിരുവനന്തപുരത്തെ സൂര്യ ഓപ്പണ്‍ തിയേറ്റര്‍, കൊല്ലങ്കോട് ഹൗസ്, സംഗീതനാടക അക്കാദമി എന്നിവിടങ്ങളില്‍ നേരത്തെ ഇത്തരം സൃഷ്ടികള്‍ പൂര്‍ത്തിയാക്കിയ അനുഭവവും കൃഷ്ണകുമാറിനുണ്ട്. നേവില്‍ബേസില്‍ ദ്രോണാചാര്യരുടെ ഗുരുകുല പഠനരീതികളും കൃഷ്ണകുമാര്‍ സിമന്റ് മ്യൂറലുകളായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലെത്തുന്നവര്‍ക്ക് മിഠായിത്തെരുവിലെ ദേശത്തിന്റെ കഥാകാരനായ എസ്.കെ. പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് സമീപം തന്നെ ഒരുങ്ങുന്ന തെരുവിന്റെ കഥയിലെ ആവിഷ്‌ക്കരണം കണ്ട് ഇനി മടങ്ങാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.