കവര്‍ച്ച സംഘം തൃക്കാക്കര ലക്ഷ്യമിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ;

Monday 18 December 2017 2:49 am IST

രാത്രികാല പട്രോളിങ് ശക്തമാക്കി ട്രാക്കും ജനമൈത്രി പോലീസും

കാക്കനാട്: നഗരത്തിലും പരിസര പ്രദേശങ്ങളിലും അടിക്കടി കവര്‍ച്ചകള്‍ അരങ്ങേറിയ സാഹചര്യത്തില്‍ ജനപങ്കാളിത്തത്തോടെ സുരക്ഷ ശക്തമാക്കുമെന്ന് തൃക്കാക്കര പൊലീസ്. തൃക്കാക്കര റെസിഡന്‍സ് അസോസിയേഷന്‍ അപ്പക്‌സ് കൗണ്‍സില്‍ (ട്രാക്ക്) സഹകരണ ത്തോടെ രാത്രികാല പട്രോളിങ് ശക്തമാക്കാനാണ് പോലിസ് തീരുമാനം.
കൊച്ചിയിയിലും, തൃപ്പുണിത്തുറയിലും വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തിയ സംഘം തൃക്കാക്കര പ്രദേശം ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം തൃക്കാക്കര അസി.കമ്മീഷണര്‍ ഷംസ്, എസ്.ഐ എ.എന്‍. ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ട്രാക്ക് പ്രതിനിധികളുടെ അടിയന്തര യോഗം ചേര്‍ന്നാണ് തൃക്കാക്കര പ്രദേശത്ത് പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്.
തൃക്കാക്കരയില്‍ 104 റെസിഡന്‍സ് അസോസിയേഷനുകളാണ് ട്രാക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. അസോസിയേഷനുകളെ പത്ത് സോണുകളായി തിരിച്ചാണ് രാത്രികാല നിരീക്ഷണം നടത്തുക. ഓരോ ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ സ്‌കോഡുകളായിരിക്കും പെട്രോളിങിന് ഇറങ്ങുക. അടിയന്തര സാഹചര്യം പരിഗണിച്ച് രാത്രികാല പെട്രോളിങ് ശനിയാഴ്ച ആരംഭിച്ചു. തൃക്കാക്കരയുടെ വിവിധ പ്രദേശങ്ങളില്‍ പുലര്‍ച്ചെ അഞ്ചു വരെ പെട്രോളിങ് തുടരും.
പെട്രോളിങ്ങിന് ഇറങ്ങുന്നവരുടെ വിവരങ്ങള്‍ സ്റ്റേഷനില്‍ എട്ടുമണിക്ക് മുമ്പ് വിളിച്ചറിയിക്കണമെന്ന് തൃക്കാക്കര പോലിസ് അറിയിച്ചു. മാസത്തില്‍ ഒരു തവണ സ്‌കോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗം ചേരും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചയായിരിക്കും യോഗം ചേരുക. നഗരസഭ പ്രദേശത്തെ 43 വാര്‍ഡുകളിലായി 20,000 ത്തോളം കുടുംബങ്ങള്‍ താമസിക്കുന്നതായാണ് പോലിസിന്റെ കണക്ക്. എന്നാല്‍ സുരക്ഷക്കായി 45 പോലീസുകാര്‍ മാത്രമാണ്. ജോലിഭാരം കാരണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഇവര്‍ക്ക് ശ്രദ്ധ ചെലുത്താനാവുന്നില്ല. ഈ പ്രദേശങ്ങളില്‍ പോലീസിന്റെ അഭാവം മുതലെടുത്താണ് സാമൂഹിക വിരുദ്ധ സംഘങ്ങള്‍ സജീവമാകുന്നതെന്നാണ് വിലയിരുത്തല്‍.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.