സ്ഥിരം ജീവന്‍രക്ഷാ സംവിധാനം വേണം: മത്സ്യപ്രവര്‍ത്തകസംഘം

Monday 18 December 2017 2:30 am IST

തിരുവനന്തപുരം: കടലറിവുള്ള മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്ഥിരം ജീവന്‍രക്ഷാ സംവിധാനം രൂപീകരിക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളുടെ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. രജനീഷ് ബാബു, സെക്രട്ടറി ബി. ശിവപ്രസാദ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.

ഓഖി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം സമയബന്ധിതമായി ഒരുമിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ വ്യക്തമാക്കി. 20 ലക്ഷം രൂപയുടെ സഹായത്തില്‍ അഞ്ച് ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്നാണ് നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളല്ലാത്ത മത്സ്യത്തൊഴിലാളികള്‍ക്കും ഈ തുക ലഭിക്കും. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നത് വരെ കാത്തിരിക്കാതെ ക്ഷേമനിധി ബോര്‍ഡിന്റെ കോര്‍പസ് ഫണ്ടില്‍ നിന്ന് പണം നല്‍കും. 2018-19 ല്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും വീടു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടു നല്‍കുന്നതിനൊപ്പം കേന്ദ്ര സഹായവും തേടും.

പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടും. വീടു വയ്ക്കുന്നതിന് തീരദേശ പരിപാലന നിയമത്തില്‍ ഇളവ് ആവശ്യപ്പെടും.ദേശീയ സൈക്ലോണ്‍ റിസ്‌ക് മിറ്റിഗേഷന്‍ പദ്ധതിയില്‍ നിന്നും ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും കേരളം ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട തൊഴിലുപകരണങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സഹായം തേടിയിട്ടുണ്ട്. കടലില്‍ തിരച്ചില്‍ നടത്തിയ സേനാവിഭാഗങ്ങള്‍ക്കുള്ള ചെലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്്, മുഖ്യമന്ത്രി അറിയിച്ചു.

കടലില്‍ കാണാതായവരുടെ കണക്ക് സംബന്ധിച്ച് വ്യക്തത കൈവരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭ്യര്‍ത്ഥിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.