സര്‍ക്കാരിന് ഇനി പറ്റിക്കാനാവില്ല; കടല്‍ഭിത്തിക്ക് കൗണ്ട്ഡൗണ്‍

Monday 18 December 2017 2:50 am IST

പള്ളുരുത്തി: കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാമെന്ന് പ്രഖ്യാപനം നടത്തി പലവട്ടം കബളിപ്പിച്ച സര്‍ക്കാരിനെ കുടുക്കാന്‍ സമരസമിതിയുടെ കൗണ്ട്ഡൗണ്‍ ബോര്‍ഡ്. ചെല്ലാനം തീരത്ത് ഏപ്രില്‍ 30നകം കടല്‍ഭിത്തി നിര്‍മിക്കുമെന്നാണ് ഓഖി ദുരന്തത്തെതുടര്‍ന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

ഏപ്രില്‍ 30 ആകാന്‍ 134 ദിവസം ബാക്കിയുള്ളപ്പോഴാണ് ചെല്ലാനത്ത് സമരസമിതി കൗണ്ട്ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ചത്.
സാധാരണ പ്രഖ്യാപനങ്ങള്‍ നടത്തിയാല്‍ ജനപ്രതിനിധികളോ സര്‍ക്കാരോ പിന്നീട് അതേക്കുറിച്ച് ഓര്‍ക്കാറില്ല.

ഇക്കുറി ആര്‍ക്കും മറവിയുണ്ടാകരുതെന്ന് കരുതിയാണ് ചെല്ലാനത്ത് സമരസമിതിക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഓരോ ദിവസവും ബോര്‍ഡില്‍ ദിവസം തിരുത്തിയെഴുതും.
ഏപ്രില്‍ 30 ആകുമ്പോള്‍ കടല്‍ഭിത്തി സ്ഥാപിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ തീരദേശവാസികള്‍ നല്‍കുന്നത്.

ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നടത്തിയ റിലേ നിരാഹാരത്തെത്തുടര്‍ന്ന് റവന്യൂ അധികൃതരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഏപ്രില്‍ 30ന് കടല്‍ഭിത്തി നിര്‍മിക്കാമെന്ന് ഉറപ്പു നല്‍കിയത്.

കടലില്‍ മീന്‍ പിടിത്തത്തിനു പോയ ഒട്ടേറെപേര്‍ ഇനിയും തിരിച്ചെത്താനുണ്ട്. ഇവരെക്കുറിച്ചുള്ള ആശങ്കക ള്‍ക്കിടെയാണ് നാട്ടുകാരുടെ നടപടി.

ചാളക്കടവില്‍ നിന്ന് പ്രകടനമായെത്തിയശേഷം കണ്ടക്കടവ് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. ഫാ. ജോണ്‍, ടി.എ. ഡാല്‍ ഫിന്‍, ജെര്‍വിന്‍, ജിന്‍സണ്‍ വെളുത്തമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.