'പോര്‍'ക്കാറ്റില്‍ എല്‍ഡിഎഫ്

Monday 18 December 2017 2:53 am IST

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ വിട്ടുനിന്നതിനെച്ചൊല്ലി ഇടതുമുന്നണി യോഗത്തില്‍ വാക് പോര്. സിപിഎമ്മും ഘടകകക്ഷികളും സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സിപിഐ കൈയാളുന്ന റവന്യൂ, ഭക്ഷ്യവകുപ്പുകള്‍ പരാജയമെന്നും യോഗത്തില്‍ വിമര്‍ശനം. അതേസമയം, ഓഖി ദുരന്തത്തിന് പരിഹാരം കാണാന്‍ സംസ്ഥാനം ആവശ്യപ്പെട്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്നും യോഗത്തില്‍ വിലയിരുത്തല്‍.

തോമസ് ചാണ്ടിയുടെ രാജിയുണ്ടായ ദിവസത്തെ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നത് മുന്നണിമര്യാദകള്‍ക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ അതേ ഭാഷയില്‍ തന്നെ സിപിഐക്കു നേരെ തിരിഞ്ഞു. തോമസ് ചാണ്ടി രാജിവയ്ക്കുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചിട്ടും വിട്ടുനിന്നത് ശരിയായില്ലെന്ന് കോടിയേരി പറഞ്ഞു. ഘടകകക്ഷികളും സിപിഐയ്‌ക്കെതിരെ ഇതേ നിലപാടെടുത്തു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. തോമസ് ചാണ്ടിയെ പങ്കെടുപ്പിക്കരുതെന്നും പങ്കെടുപ്പിച്ചാല്‍ വിട്ടുനില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളിലെന്നും മുഖ്യമന്ത്രിയെ അറിയിച്ചതാണ്.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇടപെട്ടാണ് ചര്‍ച്ച അവസാനിപ്പിച്ചത്. തുടര്‍ന്നാണ് സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ മോശം പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഓഖി ദുരന്തം നേരിടുന്നത് കാര്യക്ഷമമാക്കാന്‍ റവന്യൂ വകുപ്പിനായില്ലെന്ന് കുറ്റപ്പെടുത്തലുണ്ടായി.

ജെഡിയുവിന്റെ മുന്നണി പ്രവേശനത്തില്‍ സിപിഐയുമായി സിപിഎം അനൗദ്യോഗിക ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.