പുനലൂര്‍ റെയില്‍വേ അടിപാത: സ്ഥലമേറ്റെടുക്കല്‍ വൈകുന്നു
പുനലൂര്‍: പുനലൂര്‍ റെയില്‍വേ ക്രോസിംഗ് ഗേറ്റ് പൂര്‍ണമായി അടയ്ക്കുന്നതിനു മുമ്പ് പകരമുള്ള അടിപ്പാത നിര്‍മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടതു-വലതു നേതാക്കളുടെ കള്ളക്കളികള്‍ പുറത്താവുന്നു.
ഈ മാസം പുനലൂര്‍-ചെങ്കോട്ട റെയില്‍വേ ലൈനിന്റെ പുനര്‍നിര്‍മാണ പണികള്‍ റെയില്‍വെ സേഫ്റ്റി കമ്മീഷണര്‍ പരിശോധിക്കും. കമ്മീഷന്റെ റിപ്പോര്‍ട്ട് ആയിക്കഴിഞ്ഞാല്‍ ജനുവരി ആദ്യവാരം പാത കമ്മീഷന് ചെയ്യും. ട്രെയിന്‍ സര്‍വീസ് പൂര്‍ണ തോതില്‍ ആരംഭിച്ചാല്‍ പുനലൂരിലെ റെയില്‍വേ ക്രോസിംഗ് ഗേറ്റ് അയക്കും.
റെയില്‍വേ അടിപ്പാതയ്ക്ക് വിഘാതമായി നില്ക്കുന്ന വസ്തു ഉടമയുമായി ഇടതു-വലതു നേതാക്കള്‍ക്കുള്ള അടുത്ത ബന്ധമാണ് സ്ഥലം ഏറ്റെടുക്കലിന് തടസ്സം. ഏറ്റെടുക്കാന്‍ ഉള്ള ഭൂമിയുടെ ഉടമ മുന്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ ഭാര്യ സഹോദരനാണ്. ഒപ്പം ഇപ്പോഴത്തെ വനം മന്ത്രി അഡ്വ.കെ.രാജുവും മുന്‍ എംഎല്‍എ പി.എസ്. സുപാലുമായി ഒക്കെയുള്ള ബന്ധുത്വം വസ്തു ഏറ്റെടുക്കലില്‍ ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല.
വസ്തുവിന് നിലവിലെ വിലയിലും ഏറെ ഉയര്‍ത്തിക്കാട്ടി വാദപ്രതിവാദങ്ങള്‍ക്ക് കാരണമായതും ഈ ബന്ധുത്വം കൊണ്ടു മാത്രമാണ് എന്നും പറയപ്പെടുന്നു. ആദ്യമെ തന്നെ സ്ഥലമേറ്റടുക്കുന്ന കാര്യങ്ങളില്‍ എംഎല്‍എയുടെ അലംഭാവം വ്യക്തമായിരുന്നു. റവന്യു അധികാരികളുടെയും ജനപ്രതിനിധികളുടെയും വസ്തു ഉടമകളുമായും പല അവസരങ്ങളിലും കൊല്ലം കളക്ട്രേറ്റില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം വൈകാന്‍ കാരണം കെ.രാജുവിന്റെ അലംഭാവം ഒന്നുകൊണ്ട് മാത്രമാണ്.
ഏറ്റെടുക്കാന്‍ ഉള്ള ആറ് സെന്റ് ഭൂമി മുന്‍മന്ത്രിയുടെ ഭാര്യാ സഹോദരന്റേതാണ്. ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ 3.74 കോടി രൂപ അനുവദിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുമ്പോള്‍ ഇല്ലാത്ത വില ആവശ്യപ്പെടുന്നതിന് പിന്നില്‍ ഇരു മുന്നണിയിലേയും ഉന്നത രാഷ്ട്രീയ ബന്ധമാണ് പുറത്തു വരുന്നത്.
ജനുവരിയില്‍ പുനലൂര്‍-ചെങ്കോട്ട ബ്രോഡ് ഗേജ് പാത യാഥാര്ത്ഥത്യമായാല് ഇരുപതോളം ട്രെയിന്‍ സര്‍വീസ് ഇതുവഴി നടക്കും. ഈ സമയമെല്ലാം റെയില്‍വേ ക്രോസ് അടച്ചിടേണ്ടി വന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. എത്രയും വേഗം വസ്തു ഏറ്റെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.