പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയില്‍

Tuesday 19 December 2017 12:55 pm IST

പേട്ട: പേട്ട സ്വദേശിയായ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച അന്യസംസ്ഥാന യുവാവ് പിടിയില്‍. ആസാം സോനാപൂര്‍ സുത്തിയായില്‍ ജലീല്‍ ഹക്ക് (24) ആണ് പേട്ട പോലീസിന്റെ പിടിയിലായത്.
12ന് വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പേട്ട പോലീസില്‍ പരാതി നല്‍കി.
അന്വേഷണത്തില്‍ വേള്‍ഡ് മാര്‍ക്കറ്റിലെ ക്യാന്റീന്‍ ജീവനക്കാരനായ ആസാം സ്വദേശിയുമായുമായി ചിലര്‍ പെണ്‍കുട്ടിയെ കണ്ടതായി പോലീസിന് വിവരം നല്‍കി. ഇയാളുടെ മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ തമിഴ്‌നാട്ടിലെ മണ്ണാര്‍ക്കുടിയില്‍ സിഗ്‌നല്‍ ലഭിച്ചു.
പോലീസ് സംഘം ഇവിടെയെത്തിയെങ്കിലും മൊബൈല്‍ ഓഫ് ചെയ്തതോടെ സിഗ്‌നല്‍ നഷ്ടമായി. തുടര്‍ന്ന് ഇയ്യാളുടെ മൊബൈലില്‍ വന്ന മറ്റ് കോളുകള്‍ പരിശോധിച്ച് ബന്ധു അസര്‍ അലിയെ കണ്ടെത്തി. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് മറ്റൊരു വീട്ടില്‍ നിന്ന് ആസാം സ്വദേശിയെയും പെണ്‍കുട്ടിയെയും പോലീസ് പിടികൂടുകയായിരുന്നു.
പെണ്‍കുട്ടിയെ ആസാമിലേക്ക് കടത്താന്‍ ജലീല്‍ പദ്ധതിയിട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. സംഭവദിവസം വൈകിട്ട് സ്‌കൂളില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് തീവണ്ടിമാര്‍ഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ഇതിനിടയില്‍ ബന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നതാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
ഇയാള്‍ ആസാമില്‍ മറ്റൊരു പെണ്‍കുട്ടിയെ ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയി കുറേനാള്‍ കഴിഞ്ഞശേഷം ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തി.
ശംഖുംമുഖം എസി ഷാനിഹാന്‍, പേട്ട സിഐ സുരേഷ് വി. നായര്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.