കുട്ടികള്‍ക്കായി മൊബൈല്‍ ആപ് നിര്‍മാണക്യാമ്പ്

Tuesday 19 December 2017 12:01 pm IST

തിരുവനന്തപുരം: 30,000 ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് മൊബൈല്‍ ആപ് നിര്‍മാണപരിശീലനം നല്‍കാനുള്ള ക്രമീകരണങ്ങള്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഓണാവധിക്കാലത്ത് കുട്ടിക്കൂട്ടം അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ@ഉത്സവ് 2017 ക്യാമ്പിന്റെ തുടര്‍ച്ചയായി ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പരിശീലനം നല്‍കും. ഡിസംബര്‍ 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ വിവിധ ബാച്ചുകളായാണ് കുട്ടികള്‍ക്ക് ഏകദിനപരിശീലനം നല്‍കുക. എട്ട്, ഒന്‍പത് ക്ലാസുകളിലെ ഒരുലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി കൈറ്റ് ആവിഷ്‌കരിച്ച ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം പദ്ധതി കുട്ടികളുടെ വലിയ ഐടി ശൃംഖലയായി മാറിക്കഴിഞ്ഞു. അനിമേഷന്‍, ഹാര്‍ഡ്‌വെയര്‍, സൈബര്‍സുരക്ഷ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിങ്ങനെ അഞ്ചുമേഖലകളിലാണ് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് എല്ലാ സബ്—ജില്ലകളിലും കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.