ആകാംക്ഷ, ആശങ്ക: വോട്ടെണ്ണല്‍ പുരോഗമിച്ചതിങ്ങനെ

Monday 18 December 2017 3:32 pm IST

കൊച്ചി: പ്രതിപക്ഷത്തിനും ഭരണകക്ഷിക്കും പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ഉത്കണ്ഠയുണ്ടാക്കി വോട്ടെണ്ണല്‍ പുരോഗമിച്ചതിങ്ങനെ. പക്ഷേ, അക്ഷോഭ്യരായി, അടുത്ത പരിപാടികള്‍ നേരത്തേ നിശ്ചയിച്ചുറച്ച് നീങ്ങിയത് നേതാക്കള്‍- നരേന്ദ്ര മോദിയും അമിത്ഷായും. ആവേശവും നിരാശയും മാറിമാറി മുന്നണികളിലേക്കും പാര്‍ട്ടികളിലേക്കും ചാഞ്ചാടിയതിനൊപ്പം ഓഹരിക്കമ്പോളവും ഊഞ്ഞാലാടിയത് ശ്രദ്ധേിക്കപ്പെടേണ്ട കാര്യം തന്നെയാണ്.

ഗുജറാത്ത്- ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടു പെട്ടിയിലായതു മുതല്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കമേറിയിരുന്നു. ഹിമാചല്‍ പതിവുപോലെ പ്രതിപക്ഷത്തെ ഭരണത്തിലിരുത്തുമെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു. എന്നാല്‍, ഗുജറാത്തിലെ കാര്യം അങ്ങനെയല്ലായിരുന്നു. ഭരണം തുടരുമോ തകരുമോ എന്നതില്‍ തര്‍ക്കവും വാദവും വാതുവെപ്പും തകൃതിയായിരുന്നു. അവിടെ ബിജെപി ഒറ്റ, മറ്റു പാര്‍ട്ടികളെല്ലാം ഒന്നിച്ച്; മാദ്ധ്യമങ്ങളുള്‍പ്പെടെ മറ്റെല്ലാവരും ബിജെപിക്ക് എതിര്. അപ്പോള്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ സൂചിക അനുകൂലമായപ്പോള്‍ ആഘോഷിക്കാതെ പറ്റുമോ. അങ്ങനെയാണ് അത് സംഭവിച്ചത്- ഗുജറാത്തില്‍ ബിജെപി പിന്നില്‍, കോണ്‍ഗ്രസ് മുന്നില്‍!!

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ടിവി ചാനലുകളിലും മറ്റും ബീഹാറിനെ ഉദാഹരിക്കാന്‍ തുടങ്ങി. അവര്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ കണ്ട പ്രവണതകള്‍ അടിസ്ഥാനമാക്കി, അടയാളമാക്കി. എട്ടര മണിവരെ അത് നീണ്ടു. ടിവി ചര്‍ച്ചകളും വിശകലനങ്ങളും ബിജെപി വിരുദ്ധ വികാരത്തിന്റെയും ഭരണ വിരുദ്ധ വികാരത്തിന്റെയും കഥകള്‍ പറഞ്ഞു തുടങ്ങി. ആകെ ആയിരത്തില്‍ത്താഴെയായിരുന്നു പോസ്റ്റല്‍ വോട്ട്!!

8.30: വോട്ടിങ് യന്ത്രത്തിന്റെ സീലഴിച്ച് എണ്ണം പരിശോധിക്കാന്‍ തുടങ്ങി.
9.10: എണ്ണം പുരോഗമിക്കവേ കോണ്‍ഗ്രസ് പാര്‍ട്ടി മെല്ലെമെല്ലെ ബിജെപിയുമായുള്ള എണ്ണത്തിലെ അകലം കുറച്ചു.
9.30: കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയേക്കാള്‍ എണ്ണത്തില്‍ മുന്നിലെത്തി.
10.00: ബിജെപി മുന്നേറി. കോണ്‍ഗ്രസിനേക്കാള്‍ ഏറെ മുന്നിലായി. കോണ്‍ഗ്രസ് രാഷ്ട്രീയ ഭൂകമ്പത്തിനിരയായി എന്നുതന്നെ വിശകലന വിദഗ്ദ്ധര്‍ പറയാന്‍ തുടങ്ങി.
10.15: ബിജെപി 182 അംഗ നിയമസഭയില്‍ പകുതിയോളം സീറ്റുകളില്‍ മുന്നേറി. ആറാമതും തുടര്‍ച്ചയായി ബിജെപി അധികാരത്തിലെത്തുമെന്ന് തീര്‍ച്ചയായി.
11.30: ബിജെപി നൂറു സീറ്റുനു മുകളിലെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.