ശിവകാഞ്ചി എന്ന ഏകാംബരേശ്വര ക്ഷേത്രം

Tuesday 19 December 2017 2:45 am IST

പഞ്ചഭൂത പ്രതിഷ്ഠകളില്‍ ഒന്നാണ് ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രം. പൃഥ്വിലിംഗമാണ് ഇവിടുത്തേത്. 275 പാടല്‍ പെറ്റ സ്ഥലങ്ങളില്‍ ഒന്ന്: 108 ദിവ്യദേശങ്ങളില്‍ ഒന്നും ഇവിടെയുണ്ട്. കാഞ്ചീപുരം ബസ് സ്റ്റാന്റില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.

ലോകത്തെ സൃഷ്ടി-സ്ഥിതി-സംഹാര കാര്യങ്ങളില്‍ സദാ വ്യാപൃതനായിരുന്ന ശിവന്റെ കണ്ണുകള്‍ വെറുതെ ഒരു നേരംപോക്കിനായി ഭാര്യ പാര്‍വ്വതി അടച്ചുപിടിച്ചു. ഇതോടെ സൃഷ്ടിയും സംഹാരവും നിലച്ചു എന്നുമാത്രമല്ല പ്രകൃതി നിയമങ്ങളും തടസ്സപ്പെട്ടു. നിരവധി വര്‍ഷങ്ങള്‍ ഭൂമി ഇരുട്ടിലാണ്ടു. സംഗതി ഗൗരവമുള്ളതാണല്ലൊ. കോപിഷ്ഠനായ ശിവന്‍ പാര്‍വതിയെ ശപിച്ചു, ഭൂമിയില്‍ അവതരിച്ച് പാപപരിഹാരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ പാര്‍വതി ഭൂമിയിലെത്തി കമ്പാ നദിയുടെ തീരത്ത് ഒരു ഒറ്റ മാവിന്റെ കീഴില്‍ തപസ്സ് ആരംഭിച്ചു. ആറ്റു തീരത്തെ മണല്‍കൊണ്ട് ശിവലിംഗം ഉണ്ടാക്കി ശിവനെ ഉപാസിക്കാന്‍ തുടങ്ങി. പാര്‍വതിയെ പരീക്ഷിക്കാനായി ശിവന്‍ തപസ്സിന് പല വിഘ്‌നങ്ങളും സൃഷ്ടിച്ചു. പാര്‍വതി പതറിയില്ല.

വിഷ്ണുവിന്റെ സഹായത്തോടെ അവര്‍ എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്തു. അവസാനം ജടയ്ക്കുള്ളില്‍നിന്ന് ഗംഗയെ പുറത്തെടുത്ത് പാര്‍വതി ഉപാസിക്കുന്ന കണ്ണുകൊണ്ടുള്ള ലിംഗം ഒഴുക്കിക്കളയാന്‍ ശിവന്‍ ശ്രമിച്ചു. എല്ലാ ആദരവോടെയും പൃഥ്വിലിംഗം മാറോട് ഇറുക്കിപ്പിടിച്ച് അത് അലിഞ്ഞുപോകാതെ കാത്തു സൂക്ഷിച്ചു പാര്‍വതി. സംപ്രീതനായ ശിവന്‍ വീണ്ടും പാര്‍വതിയെ പത്‌നിയായി വരിച്ചു. അതിന്റെ ഓര്‍മ്മയ്ക്കായി ഫല്‍ഗുനി മാസത്തില്‍ ഉത്രം കഴിഞ്ഞുവരുന്ന പത്താം ദിവസം ശിവ-പാര്‍വതീ വിവാഹം വിപുലമായ രീതിയില്‍ ഉത്സവമായി ആഘോഷിക്കപ്പെടുന്നു ഇവിടെ. പാര്‍വതി തപസ്സിരിക്കെ ശിവന്റെ ശക്തിയാല്‍ മാവ് കത്തിത്തുടങ്ങി എന്നും പാര്‍വതിയുടെ സഹോദരനായ വിഷ്ണു ശിവന്റെ ജടയില്‍നിന്ന് ചന്ദ്രനെ എടുത്ത് കാണിച്ച് ആ തണുപ്പുകൊണ്ട് തീയണച്ചു എന്നുമാണ് മറ്റൊരു ഐതിഹ്യം.

ഒരിക്കല്‍ ശിവനും പാര്‍വതിയും ചൂതുകളിയില്‍ ഏര്‍പ്പെട്ടു. പരാജയഭീതി പൂണ്ട ശിവന്‍ പാര്‍വതി വികൃതരൂപം കൈവരിക്കട്ടെ എന്ന് ശപിച്ചു. വിഷ്ണുവിന്റെ സഹായത്തോടെ പാര്‍വതി കമ്പാതീരത്ത് ഒറ്റമാവിന്‍ചുവട്ടില്‍ തപസ്സനുഷ്ഠിച്ചു. മനോഹരമായ കണ്ണുകളോടെ പാര്‍വതി പൂര്‍വരൂപം വീണ്ടെടുത്തു. കാമാക്ഷി എന്നറിയപ്പെടുന്നത് ഇങ്ങനെയത്രെ. ആമ്രം എന്ന സംസ്‌കൃത പദത്തിന് മാങ്ങ എന്നാണ് അര്‍ത്ഥം. മാവിന്‍ചുവട്ടില്‍ തപസ്സിരുന്ന് പാര്‍വതി ശിവനെ വീണ്ടെടുത്തുകൊണ്ട് ശിവന് ഏകാമ്ര നാഥന്‍/മാവിന്റെ നാഥന്‍ എന്ന് പേര് ലഭിച്ചു. പിന്നീട് ഏകാംബരേശ്വരനായി. മൂല വിഗ്രഹത്തിന് ഏറെ പിന്നിലായി ശിവനും പാര്‍വതിയും സ്‌കന്ദനും ചേര്‍ന്ന് സോമസ്‌കന്ധ വിഗ്രഹം കാണാം.

ഏകാംബരേശ്വര ക്ഷേത്രത്തില്‍ മുഖ്യ പ്രതിഷ്ഠയ്ക്കു പിന്നിലായി ഒരു പ്രാകാരത്തില്‍ ശിവ-പാര്‍വതീ വിഗ്രഹത്തിനു പിന്നില്‍ ഇന്നും ഒരു മാവ് ഉണ്ട്. അഞ്ച് വ്യത്യസ്ത തരം ഇലകളുള്ള ശാഖകളും കാണാം. ഈ ശാഖകളില്‍ വ്യത്യസ്തയിനം മാങ്ങകളും കായ്ച്ചു നില്‍ക്കുന്നത് ഒരദ്ഭുതമത്രെ. (നാലുതരം മാങ്ങകളാണെന്നും വേദങ്ങളെ നാലായി പകുത്തതിന്റെ ഓര്‍മ്മയ്ക്കായാണ് ഇതെന്നും പറയാറുണ്ട്.)

ഇതിനു പുറത്തുള്ള പ്രാകാരത്തില്‍ 108 ചെറുശിവലിംഗങ്ങള്‍ അടങ്ങിയ ഒരു ശിവലിംഗം കാണാം. മറ്റൊരെണ്ണം 1008 ചെറു ശിവലിംഗങ്ങള്‍ ചേര്‍ന്നതാണ്. 63 നായനാര്‍മാരുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടു തീര്‍ത്ഥക്കുളങ്ങളുണ്ട് ക്ഷേത്രത്തില്‍-കമ്പനദിയും ശിവഗംഗയും. തിരുനിലത്തിങ്കല്‍ തുണ്ടത്താന്‍ എന്ന പേരില്‍ വിഷ്ണുവിന് ഒരു ശ്രീകോവിലുമുണ്ട് ഇവിടെ. വിഷ്ണുവിനെ വാമനമൂര്‍ത്തി ആയാണ് ഇവിടെ സങ്കല്‍പ്പിച്ചിട്ടുള്ളത്.

23 ഏക്കര്‍ വിസ്തൃതിയുള്ളതാണ് ക്ഷേത്രഭൂമി.172 അടി ഉയരവും നല്ല വിസ്തൃതിയുമുള്ള ക്ഷേത്രഗോപുരം ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ക്ഷേത്രത്തിലെ അതിമനോഹരമായ കൊത്തുപണികള്‍ ചെയ്ത 540 തൂണുകളുള്ള മണ്ഡപവും ശില്‍പവിദ്യാചാതുരിയാല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. അഞ്ച് പ്രാകാരങ്ങളുണ്ട്.

ആവണി മാസത്തിലെ മൂലം (ആഗസ്റ്റ്), നവരാത്രി, വൃശ്ചികത്തിലെ കാര്‍ത്തിക ദീപം, തൈപ്പൂയം, പങ്കുനി ഉത്രം, ചിത്രാ പൗര്‍ണമി, വൈശാഖ കാലം എന്നിങ്ങനെ നിരവധി വിശേഷദിവസങ്ങള്‍ ആഘോഷിക്കപ്പെടുന്നു. ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ ഒന്നും മറ്റൊന്നിന് നേരെ എതിരായല്ല കാണുക. ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് കാഞ്ചീപുരം.
ആദിശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച 34 ത്രികോണങ്ങള്‍ ചേര്‍ന്ന ശ്രീചക്രവും ഇവിടുത്തെ പ്രത്യേകതയാണ്. എട്ട് ഔഷധങ്ങള്‍ ചേര്‍ന്ന അഷ്ടാംഗദംകൊണ്ട് നിര്‍മിതമായ ശ്രീചക്രത്തിനും അഭിഷേകം നടത്താറില്ല. ചന്ദനംകൊണ്ട് പൂജിക്കും, കുങ്കുമംകൊണ്ട് അര്‍ച്ചന നടത്തും.
രാവിലെ 6 ന് നട തുറന്ന് 12.30 ന് അടയ്ക്കും. വൈകിട്ട് 4 ന് തുറന്ന് 8.30 ന് അടയ്ക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.