എള്ള്

Tuesday 19 December 2017 2:30 am IST

ശാസ്ത്രീയ നാമം: Sesamum indicum
സംസ്‌കൃതം-തിലം, പവിത്രം, ഹോമധാന്യം
തമിഴ്: എള്ള്
എവിടെക്കാണാം: ഇന്ത്യയില്‍ ഉടനീളം കാര്‍ഷിക വിളയായി കൃഷി ചെയ്യുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വെളുത്ത എള്ള് ലഭ്യമാണ്. കേരളത്തില്‍ രണ്ട് തരം എള്ള് കൃഷി ചെയ്യുന്നു. ചെറ്റെള്ള്( വയല്‍ എള്ള്), കാരെള്ള്. ഔഷധഗുണം കൂടുതല്‍ കാരെള്ളിനാണെന്ന് വൃദ്ധവൈദ്യന്മാര്‍ പറയുന്നു. വെളുത്ത എളളിനാണ് എണ്ണ കൂടുതല്‍. ഗന്ധവും നിറവും കാരെള്ളിന്റേതിന് തുല്യം.

പുനരുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍: കാരള്ളെന്റെ എണ്ണ നിത്യവും തേച്ച് കുളിക്കുന്നത് ത്വക്കിന് മിനുസവും സ്വാഭാവിക വര്‍ണ്ണവും കൂടുതല്‍ നല്‍കും. തലയില്‍ തേച്ചാല്‍ കാഴ്ചശക്തി കൂടും ചെവിയുടേയും മൂക്കിന്റേയും പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തവും സുതാര്യവും ആക്കുന്നു.

ഭൃംഗരാജ രസായനം ഉണ്ടാക്കുന്നതിനും കാരെള്ള് പ്രധാനമാണ്. കാരെള്ള്, കൈയ്യുണ്യം, നെല്ലിക്കാ തൊണ്ട്, തിപ്പലി എന്നിവ സമം എടുത്ത് ഉണക്കിപ്പൊടിച്ച് 5 ഗ്രാം ( ഒരു സ്പൂണ്‍) പൊടി തേനും നെയ്യും കൂട്ടി സേവിക്കുക. ഗര്‍ഭിണികള്‍ ഒന്നാം മാസം മുതല്‍ പ്രസവിക്കുന്നത് വരേയും കഴിക്കുക. പ്രസവശേഷം മുലയൂട്ടല്‍ കാലം വരേയും അമ്മയും കുഞ്ഞും സേവിച്ചാല്‍ 100 വയസ്സുവരെ ആയുസ്സും ജരാനരകളില്‍ നിന്ന് മുക്തിയും ലഭിക്കും. എല്ലാ രോഗങ്ങളേയും പ്രതിരോധിക്കാനുള്ള ശേഷി, നല്ല ബുദ്ധി ഇവ ലഭിക്കും.

ആര്‍ത്തവദോഷങ്ങള്‍ മാറുന്നതിന് അഞ്ച് ഗ്രാം കാരെള്ള് അരച്ച് വെണ്ണയില്‍ കുഴച്ച് സേവിക്കണം. ആര്‍ത്തവ ദോഷം മാറും. എന്നാല്‍ ഈ പൊടി 25 ഗ്രാമോ അതില്‍ കൂടുതലോ ഗര്‍ഭിണികള്‍ സേവിച്ചാല്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകും.

കാരെള്ള്, കാര്‍കോകിലരി, പുത്തി അരി( നാഗര്‍കോവിലിലെ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഗോപാലനാശാന്റെ കടയില്‍ ഇത് ലഭ്യമാണ്) ഇവ ഏഴ് ദിവസം നെല്ലിക്കാ നീരില്‍ രാത്രി ഇട്ടുവച്ച്, പകല്‍ വെയിലത്ത് ഉണക്കുക( ഭാവന ചെയ്യുക). ഇപ്രകാരം ചെയ്ത് പൊടിച്ച് തുല്യ അളവില്‍ കല്‍ക്കണ്ടം ചേര്‍ത്ത് തേനില്‍ കുഴച്ച് 90 ദിവസം സേവിച്ചാല്‍ കുഷ്ഠവും വെള്ളപ്പാണ്ടും ശമിക്കും.

കാരെള്ള്, അമുക്കുരം, ചുക്ക് ഇവ സമം ശര്‍ക്കര ചേര്‍ത്ത് ഇടിച്ച് ഒരു സ്പൂണ്‍ പൊടി നെയ്യില്‍ സേവിച്ചാല്‍ മെലിഞ്ഞവര്‍ക്ക് ശരീര പുഷ്ടിയുണ്ടാകും.

കാരെള്ളും ചുവന്ന അശോകത്തിന്റെ തൊലിയും തുല്യ അളവിലെടുത്ത് ഉണക്കി പൊടിച്ച് ഒരു സ്പൂണ്‍ പൊടി കല്‍ക്കണ്ടം, തേന്‍, നെയ്യ് ഇവ ചേര്‍ത്ത് ദിവസം രണ്ടുനേരം സേവിച്ചാല്‍ ഗര്‍ഭാശയ വളര്‍ച്ച മുരടിച്ച സ്ത്രീകളില്‍ ഗര്‍ഭാശയം വളര്‍ന്ന് പൂര്‍ണ്ണ സ്ത്രീയായി മാറും.
പാലൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനത്തിനുണ്ടാകുന്ന നീരും ചുവപ്പും പഴുപ്പും മാറുന്നതിന് കാരെള്ള്, തുമ്പപ്പൂവ്, കറുകപ്പുല്ല് ഇവ സമം പച്ചപ്പാലില്‍ അരച്ച് തേയ്ക്കുന്നത് ഫലം ചെയ്യും. മുലപ്പാല്‍ ദൂഷ്യവും മാറിക്കിട്ടും. കാരെള്ള് പാലില്‍ അരച്ച് ദേഹത്ത് തേച്ചാല്‍ ചുടുനീറ്റല്‍ മാറും. കാരെള്ളും ആര്യവേപ്പിലയും സമം തേനില്‍ അരച്ച് വൃണത്തില്‍ തേച്ചാല്‍ മുറിവ് കരിയും.

ശരീരത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് എള്ളിന്റെ ഇല അരച്ച് തേച്ചാല്‍ ആശ്വാസം കിട്ടും.
ചുമ മാറുന്നതിന് കാരെള്ളും ചുക്കും കുരുമുളകും തിപ്പലിയും സമം എടുത്ത് കരുപ്പെട്ടിയും ശര്‍ക്കരയും ചേര്‍ത്ത് കല്ലുരലില്‍ ഇടിച്ച് ഒരു നെല്ലിക്ക അളവില്‍ ഉരുട്ടിയെടുക്കുക. ഓരോന്നു വീതം സേവിക്കുക. ചുമ, കഫക്കെട്ട് ഇവ ശമിക്കും.

ആയുര്‍വേദത്തില്‍ തൈലം ഉണ്ടാക്കുന്നത് എള്ള് എണ്ണയില്‍ ആയിരിക്കണം എന്നാണ് വിധി. തൈലം= തിലത്തില്‍ നിന്ന് ജനിക്കുന്നത്. അതായത് എള്ളില്‍ നിന്ന് ഉണ്ടാകുന്നത് എന്നര്‍ത്ഥം. എന്നാലിന്ന് തൈലം ഉണ്ടാക്കുന്നതിന് വെളിച്ചെണ്ണ (തേങ്ങാ നെയ്യ്)യാണ് ഉപയോഗിക്കുന്നത്. ഇതിന് കാരണമായി പറയുന്നത് തലയില്‍ തേയ്ക്കുന്നതിനുള്ള തൈലം( ഉദാ: തൃഫലാദി തൈലം) എള്ള് എണ്ണയില്‍ ഉണ്ടാക്കിയാല്‍ ജലദോഷവും ജ്വരവും ഉണ്ടാകുമെന്ന് തെറ്റിദ്ധരിപ്പിച്ച് തൃഫലാദി കേരം എന്ന പേരില്‍ വില്‍ക്കുന്നു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.