വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വല്‍ക്കരണം അനിവാര്യം: ഗവര്‍ണര്‍ 

Tuesday 19 December 2017 2:30 am IST

കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍മാരുടെ രണ്ട് ദിവസത്തെ ദക്ഷിണ മേഖലാ സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നു

തേഞ്ഞിപ്പാലം: വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍വല്‍ക്കരണം കാലഘട്ടത്തിന്റെ ഏറ്റവും വലിയ അനിവാര്യതയാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. സര്‍വകലാശാലകള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ മികച്ച സര്‍വകലാശാലകള്‍ക്ക് ചാന്‍സലേഴ്‌സ് അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍മാരുടെ രണ്ട് ദിവസത്തെ ദക്ഷിണ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക രാഷ്ട്രങ്ങളെല്ലാം ലോകോത്തര നിലവാരത്തിലുള്ള സര്‍വകലാശാലകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ ചില സ്ഥാപനങ്ങള്‍ ഇപ്പോഴും വെറും പഠിപ്പിക്കല്‍ കടകള്‍ (ടീച്ചിംഗ് ഷോപ്പ്‌സ്) ആയി തുടരുന്ന അവസ്ഥയുണ്ടെന്നു ഗവര്‍ണര്‍ പറഞ്ഞു. ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ആര്‍ജ്ജിക്കുന്നത് കൊണ്ട് മാത്രം അതത് മേഖലകളില്‍ തൊഴില്‍ ലഭിക്കുമെന്ന് ഉറപ്പിക്കാനാവില്ല.

സര്‍വകലാശാലാതല വിദ്യാഭ്യാസത്തിന്റെ ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ തമ്മില്‍ സമതുലിതാവസ്ഥ സൃഷ്ടിക്കേണ്ടതുണ്ടന്നും ഗവര്‍ണര്‍ പറഞ്ഞു. ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകല്‍പനയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പങ്ക്’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. നവീകരിച്ച സെനറ്റ് ഹൗസിന്റെ ഉദ്ഘാടനവും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്‌സിറ്റി ന്യൂസിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറല്‍ പ്രൊഫ. ഫര്‍ഖാന്‍ ഖമര്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.ടി.എ. അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു. സമ്മേളനം ഇന്ന് സമാപിക്കും. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ഭാരവാഹികള്‍ എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.