തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം ജനുവരി 1 മുതല്‍

Tuesday 19 December 2017 2:30 am IST

കാലടി/കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ പാര്‍വ്വതീദേവിയുടെ നടതുറപ്പു മഹോത്സവം ജനുവരി 1ന് രാത്രി 8 മണിക്ക് ആരംഭിക്കും. ജനുവരി 12 രാത്രി 8ന് നടയടയ്ക്കും.നടതുറപ്പുത്സവത്തിന് ക്ഷേത്രത്തില്‍ എത്തുന്ന ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ക്കു സുരക്ഷിതമായും സൗകര്യപ്രദമായും ദര്‍ശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം ലഭ്യമാക്കുന്നതിനായി ജില്ലാ കളക്ടറുടെ നേൃത്വത്തില്‍ തിരുവൈരാണിക്കുളത്ത് വകുപ്പു മേധാവികളുടെ യോഗം വിളിച്ചുകൂട്ടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. 22ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുനരവലോകന യോഗവും നടക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിതകേരളം’ പദ്ധതിയുടെ ഭാഗമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് തിരുവൈരാണിക്കുളം പ്രദേശത്ത് ശുചിത്വപരിപാലനയജ്ഞപദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് പുലര്‍ച്ചെ 3 മണിക്ക് ദര്‍ശനം ആരംഭിക്കും. നടതുറപ്പു ദിവസങ്ങളില്‍ ദര്‍ശനത്തിന് ‘ഓണ്‍ലൈന്‍ ക്യൂ’ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ക്യൂ ബുക്കിങ് 22ന് ആരംഭിക്കും.

ക്ഷേത്രത്തില്‍ എത്തുന്നതിന് വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നു പ്രത്യേക സര്‍വീസുകള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബസ്സുകള്‍ സര്‍വീസിന് ഉണ്ടാകുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. നടതുറപ്പ്, നടയടപ്പ് ദിവസങ്ങളിലും അധിക ബസ്സുകള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രട്രസ്റ്റിന്റെ ആവശ്യപ്രകാരം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്നു പൊതുമരാമത്ത് വകുപ്പിനു ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവൈരാണിക്കുളം പ്രദേശത്തെ 2 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി ചെയ്തു തീര്‍ത്ത് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് 4 വലിയ പാര്‍ക്കിങ് ഗ്രൗണ്ടുകളും ഒരുക്കിയിട്ടുണ്ട്. ഒരേസമയം 25000 പേര്‍ക്ക് ക്യൂ നില്‍ക്കുന്നതിനായി പന്തലുകളും ബാരിക്കേഡുകളും തയ്യാറാക്കിയിട്ടുണ്ട്. കുടിവെള്ളം ക്യൂവില്‍ തന്നെ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളുമുണ്ട്. അടിയന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമായിരിക്കും.

ദേവീ പ്രസാദങ്ങളായ അപ്പം, അരവണ നിവേദ്യങ്ങള്‍ തയ്യാറാക്കിവരുന്നു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ അന്നദാനം നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരുടെയും 350ഓളം പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മുന്നൂറില്‍പരം വാളണ്ടിയേഴ്‌സിനെ വിവിധ ജോലികള്‍ക്കായി നിയോഗിക്കും. ആഘോഷങ്ങള്‍ക്ക് ഗ്രീന്‍പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്താനുള്ള ആസൂത്രണങ്ങളും പുരോഗമിക്കുന്നുണ്ട്.

തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയര്‍ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എന്‍. ശ്രീകുമാര്‍, സെക്രട്ടറി പി.ജി. സുധാകരന്‍, ജോ. സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്‍, ട്രസ്റ്റ് അംഗങ്ങളായ കെ.കെ. ബാലചന്ദ്രന്‍, പി. ശിവശങ്കരന്‍, വി.പി. കൃഷ്ണന്‍ നമ്പൂതിരിപ്പാട്, സീനിയര്‍ മാനേജര്‍ പി.കെ. നന്ദകുമാര്‍, മാനേജര്‍ എം. കലാധരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.