ഓഖി ദുരന്തത്തില്‍ ലത്തീന്‍ സമുദായം ശക്തി കാട്ടുന്നു-വെള്ളാപ്പള്ളി

Tuesday 19 December 2017 2:30 am IST

ശിവഗിരി മഹാസമാധി കനകജൂബിലയോട് അനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷവും വീടും ജോലിയും നല്‍കാമെന്ന് പറഞ്ഞിട്ടും ലത്തീന്‍ സമുദായ നേതാക്കള്‍ക്ക് തൃപ്തി വന്നിട്ടില്ലെന്നും കൂടുതല്‍ അവകാശങ്ങള്‍ ചോദിച്ച് അവര്‍ സംഘടിത ശക്തി കാട്ടുകയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ശിവഗിരി മഹാസമാധി കനകജൂബിലയോട് അനുബന്ധിച്ച് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണത്തിന് പത്തനംതിട്ട ജില്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

107 പേര്‍ മരിച്ച പുറ്റിങ്ങല്‍ ദുരന്തത്തില്‍ പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ മാത്രമാണ് ധനസഹായം കിട്ടിയത്. സര്‍ക്കാര്‍ വീടോ ജോലിയോ കൊടുത്തില്ല. അതിന്റെ പേരില്‍ ആരും സംഘടിച്ചുമില്ല. അവിടെ മരണമടഞ്ഞത് സംഘടിത സമുദായങ്ങളുടെ ആളുകളല്ല. കടപ്പുറത്തുണ്ടായ ദുരന്തത്തില്‍ ലത്തീന്‍ സമുദായം കാട്ടിയ സംഘടിത ശക്തി കണ്ടുപഠിക്കണം.

സംവരണം അട്ടിമറിച്ച് പിന്നാക്കക്കാരുടെയും പട്ടികജാതിക്കാരുടെയും അവകാശം കവര്‍ന്നെടുക്കാന്‍ ശ്രമം നടക്കുന്നു. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുളള പ്രഖ്യാപനം ഇതിന്റെ ഭാഗമാണ്. ഇടതുപക്ഷം പണ്ട് ഇത്തരം വ്യവസ്ഥകള്‍ക്കെതിരായിരുന്നു. എന്നാല്‍, ഇന്ന് വലതുപക്ഷത്തേക്കാള്‍ വലിയ അപകടകാരിയായി ഇടതുപക്ഷം മാറിയെന്നും വെളളാപ്പളളി പറഞ്ഞു.

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷനായി. സ്വാമി ശിവസ്വരൂപാനന്ദ കനകജൂബിലി സന്ദേശം നല്‍കി. തുഷാര്‍ വെളളാപ്പളളി, സ്വാഗതസംഘം ചെയര്‍മാന്‍ കെ. പത്മകുമാര്‍, കണ്‍വീനര്‍ ഡോ. എ.വി. ആനന്ദരാജ്, പി.ടി. മന്‍മഥന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.