ഹിമാചലില്‍ സിപിഎമ്മിന് എംഎല്‍എ!

Tuesday 19 December 2017 2:30 am IST

                     രാകേഷ് സിന്‍ഹ

ഷിംല: ഇരുപത്തിനാലു വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ ഹിമാചല്‍ പ്രദേശില്‍ സിപിഎമ്മിന് വിജയം. തിയോഗ് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം കടുത്തതാണ് സിപിഎമ്മിനു വിജയം സമ്മാനിച്ചത്. ഇവിടെ സിപിഎമ്മിന്റെ രാകേഷ് സിന്‍ഹ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി രാകേഷ് വര്‍മയെയാണ് സിന്‍ഹ തോല്‍പ്പിച്ചത്. സിന്‍ഹ 24,791 വോട്ടു നേടിയപ്പോള്‍ വര്‍മയക്ക് 22,808 വോട്ടു ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപക് റാത്തോറിന് 9,101 വോട്ടോടെ മൂന്നാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.

കോണ്‍ഗ്രസ് നേതാവും സിറ്റിങ് എംഎല്‍എയുമായ വിദ്യാ സ്‌റ്റോക്‌സിന്റെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് തന്റെ വിശ്വസ്തനെ മത്സരിപ്പിക്കാന്‍ വിദ്യ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം തള്ളി. ദീപക് റാത്തോര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി. ഇതോടെ വിദ്യയെ അനുകൂലിച്ചവരെല്ലാം സിപിഎമ്മിന് വോട്ടു ചെയ്യുകയായിരുന്നു.

രാകേഷ് സിന്‍ഹ രണ്ടാം തവണയാണ് എംഎല്‍എ ആകുന്നത്. 1993ല്‍ ഷിംലയില്‍ നിന്ന് രാകേഷ് വിജയിച്ചിരുന്നു. 2012ല്‍ മത്സരിച്ചെങ്കിലും 10,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
വിജയം നേടിയ രാകേഷ് സിന്‍ഹയെ സിപിഎം പൊളിറ്റ് ബ്യൂറോ അഭിനന്ദിച്ചു. തിയോഗിലെ ജനങ്ങള്‍ക്ക് നന്ദി. സിപിഎം ജനങ്ങളുടെ അവകാശങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ധ്വാനിക്കുന്നവര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും പോളിറ്റ് ബ്യൂറോ ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.