ഐഎസില്‍ ചേര്‍ന്നവര്‍ക്കായി ഗള്‍ഫില്‍ പണപ്പിരിവ്

Tuesday 19 December 2017 2:50 am IST

കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനായി ഗള്‍ഫില്‍ പളളിയുടെ പേരില്‍ പണപ്പിരിവ് നടത്തിയതായി പോലീസിന്റെ കണ്ടെത്തല്‍. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലുളള ഒട്ടേറെ പേരില്‍ നിന്ന് ഇത്തരത്തില്‍ സംഭാവന പിരിച്ചിട്ടുണ്ട്. ഐഎസ് കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി തസ്ലീമിന്റെ നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നതെന്നും കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ തസ്ലീമിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കണ്ണൂരില്‍ നിന്നടക്കം സിറിയയിലെ ഐഎസില്‍ ചേര്‍ന്ന് യുദ്ധത്തിനായി പോയവര്‍ക്ക് സഹായധനം തസ്ലീം മുഖേനയാണ് നല്‍കിയതെന്ന് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അഞ്ചരക്കണ്ടി മിഥിലാജ് എന്നയാളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയിട്ടുള്ളത്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തസ്ലീമിന് ഇത്തരത്തില്‍ സഹായിക്കാന്‍ പണം എവിടെനിന്ന് ലഭിച്ചെന്ന അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

ഗള്‍ഫില്‍ നിന്ന് തസ്ലീം ഭീകരസംഘടനയ്ക്ക് വേണ്ടി സംഭാവന പിരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. യുഎഇയിലെ കോര്‍ക്കുഖാന്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തസ്ലീം നാട്ടിലെ ഒരു പള്ളിയുടെ പേരില്‍ അനധികൃതമായി പണപ്പിരിവ് നടത്തിയതിന് കേസ് നിലവിലുണ്ട്.
അറസ്റ്റിലായ ഷാജഹാന്റെ മാതാവില്‍ നിന്ന് മിഥിലാജ് ഒരു ലക്ഷം രൂപ വാങ്ങിയതായി കണ്ണൂരില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ മൊഴി നല്‍കിയിരുന്നു. ഈ തുക മിഥിലാജ് കണ്ണൂരിലെ ഒരു ടെക്‌സ്റ്റൈല്‍ ഉടമയ്ക്ക് കൈമാറുകയും ഉടമ സ്ഥാപനം നടത്തുന്ന സഹോദരന് കൈമാറുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഈ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു തസ്ലീമെന്നും അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. ഷാര്‍ജയിലെ റോള എന്ന സ്ഥലത്തുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു കാസര്‍കോട് സ്വദേശിയുടെ വാച്ചുകടയില്‍ നിന്നാണ് റിക്രൂട്ട് അംഗങ്ങള്‍ക്ക് തുക കൈമാറിയത്.

കഴിഞ്ഞ ദിവസം സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലെത്തിയ അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി പി.പി. സദാനന്ദനാണ് ഇക്കാര്യത്തിലുള്ള വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചത്. കണ്ണൂരിലെ ടെക്‌സ്റ്റൈല്‍ ഉടമയെ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കൈമാറിയത് ഐഎസിനുവേണ്ടിയാണെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് ഉടമയുടെ മൊഴി. കണ്ണൂരിലെ ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കേസുകള്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഏറ്റെടുത്ത സാഹചര്യത്തില്‍ കണ്ണൂര്‍ പോലീസിന് ലഭിച്ച മുഴുവന്‍ വിവരങ്ങളും എന്‍ഐഎക്ക് കൈമാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.