എച്ച്‌ഐവി അല്ലെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും

Tuesday 19 December 2017 2:30 am IST

കൊച്ചി: ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒമ്പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധയില്ലെന്ന് വിദഗ്ദ്ധ പരിശോധനയില്‍ തെളിഞ്ഞാല്‍ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി.
രക്തം സ്വീകരിച്ച തന്റെ മകള്‍ക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ചെന്നൈയില്‍ നടത്തിയ എച്ച്‌ഐവി ടെസ്റ്റിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും നേരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബി ആന്‍ഡ് റിസേര്‍ച്ചിലെ പരിശോധനയില്‍ എച്ച്‌ഐവി ബാധയില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇപ്പോള്‍ ചെന്നൈയിലെ പരിശോധനാ റിപ്പോര്‍ട്ടിനു പുറമേ ദല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടും വരേണ്ടതുണ്ടെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍ എച്ച്‌ഐവി ബാധയില്ലെന്ന് തെളിഞ്ഞാല്‍ ഇത്തരത്തില്‍ ആദ്യ റിപ്പോര്‍ട്ട് നല്‍കിയവര്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി പറഞ്ഞത്.
ഹര്‍ജി ക്രിസ്തുമസ് അവധിക്കുശേഷം ഉടന്‍ പരിഗണിക്കുന്ന തരത്തില്‍ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.