ബിജെപിക്ക് കരുത്തായി തെരഞ്ഞെടുപ്പ് ഫലം

Tuesday 19 December 2017 2:30 am IST

ന്യൂദല്‍ഹി: പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയിലും ഗുജറാത്ത് നിലനിര്‍ത്താനും ഹിമാചല്‍ പിടിച്ചെടുക്കാനും സാധിച്ചത് ദേശീയരാഷ്ട്രീയത്തില്‍ ബിജെപിയെ കൂടുതല്‍ കരുത്തരാക്കി. 22 വര്‍ഷത്തെ ഭരണത്തോടുണ്ടാകുന്ന സ്വാഭാവികമായ വിമുഖത, ജിഎസ്ടിയിലെ എതിര്‍പ്പുകള്‍, ജാതി ധ്രുവീകരണം തുടങ്ങി വിജയത്തിലെത്താവുന്ന ചെറുതും വലുതുമായ നിരവധി ഘടകങ്ങള്‍ ലഭിച്ചിട്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഹിമാചലില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോള്‍ 22 വര്‍ഷത്തെ ഭരണം ബിജെപി നിലനിര്‍ത്തിയെന്നത് മാത്രം മതി ദേശീയരാഷ്ട്രീയത്തിന്റെ ഇനിയുള്ള ഗതി വ്യക്തമാകാന്‍.

നരേന്ദ്ര മോദിയെ ജനങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് ഫലം. രണ്ട് സംസ്ഥാനങ്ങളിലും മോദിയാണ് ബിജെപിയുടെ പ്രചാരണം നയിച്ചത്. ഗുജറാത്തില്‍ പ്രതികൂല ഘടകങ്ങള്‍ ബിജെപി മറികടന്നതും ‘മണ്ണിന്റെ മകന്റെ’ മാസ്മരികതയിലാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിലും മോദിയാകും നയിക്കുക.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും പ്രവര്‍ത്തന പദ്ധതികള്‍ക്കുമുള്ള അംഗീകാരമാണ് വിജയം. നോട്ട് റദ്ദാക്കലും ജിഎസ്ടിയും പ്രതിപക്ഷത്തിന്റെ രൂക്ഷമായ കടന്നാക്രമണങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കുമൊപ്പം അണിനിരന്നു. സാമ്പത്തിക പരിഷ്‌കരണമുള്‍പ്പെടെയുള്ള നയപരിപാടികള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കാനുള്ള പ്രോത്സാഹനമാണ് ജനങ്ങള്‍ നല്‍കിയത്.

വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് വിഭാഗീയ രാഷ്ട്രീയത്തെയാകും കൂട്ടുപിടിക്കുകയെന്ന വ്യക്തമായ സൂചനയും ഗുജറാത്ത് നല്‍കുന്നു. ജാതിരാഷ്ട്രീയത്തിന്റെ തീപ്പൊരി ആളിക്കത്തിക്കാന്‍ അറപ്പില്ലാത്ത കോണ്‍ഗ്രസ് അധികാരത്തിനായി ഏതറ്റം വരെയും പോകുമെന്ന മുന്നറിയിപ്പാണിത്. ഗുജറാത്തിലെ സീറ്റുകളിലുണ്ടായ കുറവ് വലിയ സ്വപ്‌നങ്ങള്‍ കാണുന്ന മോദിയും അമിത് ഷായും ഗുണപാഠമാക്കേണ്ടി വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.