രാഹുല്‍ യുഗം കടങ്കഥ

Tuesday 19 December 2017 2:45 am IST

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായപ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നത്, ബിജെപി എല്ലാതലത്തിലും അതിശക്തമായെന്നതാണ്. ഒന്നരവര്‍ഷം പിന്നിട്ടാല്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തെ നേരിടാന്‍ ദേശീയതലത്തില്‍ ഒരു ശക്തിയും ഉണ്ടാകില്ലെന്ന് പുതിയ ഫലത്തോടെ വ്യക്തമായി. ബിജെപി 15 സംസ്ഥാനങ്ങളില്‍ ഭരണം നയിക്കുകയാണ്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ എണ്‍പതിലധികം ശതമാനം പ്രദേശവും ബിജെപിയുടെ ഭരണത്തിലായി.

ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളും എംഎല്‍എമാരും ബിജെപിക്കാണ്. ബിജെപിയെ നേരിടാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രതിയോഗികളെയാണ് ഗുജറാത്തില്‍ കണ്ടത്. സാമുദായിക ഘടകങ്ങളെ സൃഷ്ടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരെ വാരിപ്പുണരുകയും ചെയ്തു. കേരളത്തില്‍ കീരിയും പാമ്പും പോലെ കഴിയുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേ ചിഹ്‌നത്തിലാണ് വോട്ടുചെയ്തത്. ബിജെപി തറപറ്റുന്ന കാഴ്ച ഇത്തവണ കാണുമെന്ന് ഇവര്‍ സ്വപ്‌നം കണ്ടു. നാടാകെ അത് പ്രചരിപ്പിച്ചു.

രാഹുലിന്റെ യുഗം പിറന്നു. ഇനി വച്ചടിവച്ചടി കയറ്റമെന്ന് ആവര്‍ത്തിച്ചു. നോട്ടുമരവിപ്പിക്കലും ജിഎസ്ടിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ തരിച്ചിരിക്കുകയാണ്.
ഏത് നെറികെട്ട കൂട്ടുകെട്ടുണ്ടാക്കിയാലും ബിജെപിയുടെ ജനകീയ അടിത്തറ തൊടാന്‍പോലും കരുത്ത് പോരെന്നാണ് തെളിഞ്ഞത്. അഞ്ചുവര്‍ഷം മുന്‍പ് 47 ശതമാനം വോട്ടുനേടിയാണ് ബിജെപി ജയിച്ചതെങ്കില്‍, ഇത്തവണ അത് 50 ശതമാനത്തിലധികമായി. നേടിയ സീറ്റ് അല്‍പം കുറവായി എന്നത് സമ്മതിക്കാം. 22 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കക്ഷിക്കെതിരെ ജനവികാരം എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അത് നടന്നില്ല. ജനപിന്തുണ കൂടുകയാണ് ചെയ്തത്.

വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചത് അക്ഷരംപ്രതി ശരിയാണ്. വന്‍വികസനം ഗുജറാത്തില്‍ നടത്തിയിട്ടുണ്ട്. അഴിമതിമുക്തമായ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റി. അതുകൊണ്ടാണ് നഗരപ്രദേശത്തോടൊപ്പം വനവാസി മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടായത്. ഗ്രാമങ്ങളെയും നഗരങ്ങളെയും ബിജെപി സര്‍ക്കാര്‍ ഒരുപോലെ പരിഗണിച്ചു. വനവാസികള്‍ക്ക് സ്വാധീനമുള്ള 47 മണ്ഡലങ്ങളില്‍ ഏഴിടത്താണ് കോണ്‍ഗ്രസിന് നേടാനായത്. കഴിഞ്ഞതവണ ഇത് 25 ആയിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളും വിജയം നല്‍കിയത് ബിജെപിക്കാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് സീറ്റ് നില മെച്ചപ്പെടുത്തിയത് രാഹുലിന്റെ നേട്ടമായി കോണ്‍ഗ്രസുകാരും ചില മാധ്യമങ്ങളും വാഴ്ത്തിപ്പാടുന്നുണ്ട്. ഹിമാചലിലും രാഹുല്‍ തേര് തെളിച്ചതല്ലേ!

ഹിമാചലില്‍ കോണ്‍ഗ്രസായിരുന്നു ഭരണം നടത്തിയിരുന്നത്. മാസങ്ങളോളം രാഹുല്‍ ഇവിടെ ഭരണം നിലനിര്‍ത്താന്‍ തീവ്രശ്രമം നടത്തി. നിരവധി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. 68 അംഗനിയമസഭയില്‍ 44 സീറ്റ് നേടി ബിജെപിക്ക് മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷമാണ് ലഭിച്ചത്. അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഹിമാചലിനെ അഴിമതിയുടെ ചളിക്കുണ്ടാക്കിയിരുന്നു. അഴിമതിമുക്ത ഹിമാചല്‍ എന്ന ബിജെപി മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചു. 21 സീറ്റുകൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഒരു സീറ്റ് സിപിഎം ജയിച്ചത് കോണ്‍ഗ്രസിന്റെ സംഭാവനയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളപ്പെട്ടതാണ് സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയത്തിലെത്തിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇനി രാഹുല്‍യുഗം എന്നാണ് വാഴ്ത്തിക്കൊണ്ടിരുന്നത്. ഗുജറാത്തില്‍ കുറച്ച് സീറ്റ് കൂടിയപ്പോള്‍ രാഹുലിന്റെ നേട്ടം എന്നു കൊട്ടിഘോഷിക്കുമ്പോള്‍ ഹിമാചലിലെ തോല്‍വി അതിന് മറുപടി നല്‍കുന്നു. രാഹുല്‍ യുഗം എന്നത് മണ്ണാങ്കട്ടയാണ്. ഒരു ചാറ്റല്‍മഴ മതി ആ യുഗം അലിഞ്ഞുതീരാനെന്നാണ് വ്യക്തമായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.