അമിത് ഷാ രാഷ്ട്രീയ ചാണക്യന്‍

Tuesday 19 December 2017 8:27 am IST

ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന വിശേഷണം തികച്ചും അനുയോജ്യമാണെന്ന് അനുദിനം തെളിയിക്കുകയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ സംഘടനാശേഷിയെ ബൂത്തു തലത്തിലേക്കും അവിടെനിന്ന് പേജ് പ്രമുഖന്മാരിലേക്കും എത്തിക്കുന്നതോടൊപ്പം പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 11 കോടിയിലേക്ക് ഉയര്‍ത്തിയതും അമിത് ഷായുടെ പ്രവര്‍ത്തന ശൈലിയുടെ വിജയമായി.

2013 ജൂലൈ 18ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിക്കൊണ്ടാണ് അമിത് ഷാ രാഷ്ട്രീയ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. 2013 ല്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി എടുത്ത ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമായിരുന്നു ഗുജറാത്തിലെ തന്റെ വിശ്വസ്ഥന്‍ അമിത് ഷായെ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കുക എന്നത്. നീക്കം വിജയം കണ്ടപ്പോള്‍ 80ല്‍ 73 സീറ്റുകളോടെ യുപി ബിജെപിക്കൊപ്പമെത്തി. അമിത് ഷാ ദേശീയ അധ്യക്ഷ പദവിയിലുമെത്തി.

അധികാരത്തിലെത്തുന്ന പാര്‍ട്ടികള്‍ സാധാരണ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായി ചുരുങ്ങാന്‍ ശ്രമിക്കുമ്പോള്‍ അമിത് ഷാ സംഘടനയെ വളര്‍ത്താനാണ് പരിശ്രമിച്ചത്. മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് അടക്കമുള്ള സംവിധാനങ്ങളിലൂടെ പാര്‍ട്ടിയുടെ അംഗങ്ങളുടെ എണ്ണം 11 കോടിയിലേക്ക് അമിത് ഷാ ഉയര്‍ത്തി. ബൂത്തുതലത്തിലുള്ള സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതു വഴി 2014ന് ശേഷം നടന്ന ബഹുഭൂരിപക്ഷം തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിച്ചു കയറി. ഗുജറാത്തിലാവട്ടെ വോട്ടര്‍ പട്ടികയിലെ ഓരോ പേജുകള്‍ക്കും പേജ് പ്രമുഖന്മാരെ നിശ്ചയിച്ചുള്ള ഏറ്റവും കൃത്യതയും ചിട്ടയാര്‍ന്നതുമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഇതാണ് പ്രതികൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും തുടര്‍ച്ചയായ ആറാംവട്ടവും ഗുജറാത്തില്‍ അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ചത്.

മുപ്പതു വര്‍ഷംമുമ്പ് 1985ല്‍ ഗുജറാത്തില്‍ അരങ്ങേറിയ ജാതി സംവരണ കലാപങ്ങള്‍ ബിജെപിയുടെ വരവോടെയാണ് അടങ്ങിയത്. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായ ജാതി രാഷ്ട്രീയ കലഹങ്ങളെ വീണ്ടും അതിസമര്‍ത്ഥമായി ഗുജറാത്തിന്റെ മണ്ണിലേക്ക് കോണ്‍ഗ്രസ് കടത്തി വിട്ടപ്പോള്‍ ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ അതിനെ മറികടന്നത് അമിത് ഷായുടെ വിജയമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘടനാ സെക്രട്ടറിമാരെയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞരെയും ഗുജറാത്തില്‍ വിന്യസിച്ച് ബൂത്ത് തലത്തില്‍ വരെയുള്ള കൃത്യമായ കണക്കെടുപ്പും വിലയിരുത്തലും നടത്തുന്നതിലും അമിത് ഷായ്ക്ക് വിജയമുണ്ടായി.

ഗുജറാത്ത്് ഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന വേളയില്‍ പോലും നാലുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന കര്‍ണ്ണാടക, ത്രിപുര തെരഞ്ഞെടുപ്പുകളുടെ ആലോചനാ യോഗത്തിലായിരുന്നു അമിത് ഷാ. മുന്നോട്ടുമാത്രം ചിന്തിച്ച് പാര്‍ട്ടിയെ ശക്തമായ സംഘടനാ സംവിധാനത്തിലൂടെ കൊണ്ടുപോകുന്നതിനൊപ്പം അതിസമര്‍ത്ഥമായ രാഷ്ട്രീയ തന്ത്രങ്ങളും അമിത് ഷാ രൂപപ്പെടുത്തുന്നു. ദേശീയ രാഷ്ട്രീയത്തിലെ ചാണക്യന്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്ന അമിത് ഷാ സമാനതകളില്ലാത്ത നേതാവ് തന്നെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.