ആറാമതും തമ്പുരാന്‍

Tuesday 19 December 2017 2:45 am IST

‘വികസന രാഷ്ട്രീയവും വിഭാഗീയ രാഷ്ട്രീയവും തമ്മിലാണ് ഗുജറാത്തില്‍ മത്സരം. വിഭാഗീയ രാഷ്ട്രീയത്തെ വികസന രാഷ്ട്രീയം പരാജയപ്പെടുത്തുക തന്നെ ചെയ്യും’. ഒക്ടോബര്‍ 16ന് ഗുജറാത്തില്‍ പ്രചാരണത്തിന് തുടക്കംകുറിച്ച് ഏഴു ലക്ഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജിഎസ്ടിയും പട്ടേല്‍ പ്രക്ഷോഭവും കലുഷിതമാക്കിയ രാഷ്ട്രീയസാഹചര്യത്തില്‍ തുടര്‍ച്ചയായി ആറാമതും ബിജെപി ഭരണത്തിലേറുമ്പോള്‍ മോദിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. ബിജെപിയുടെ ഭരണത്തിനും മോദിയുടെ വികസനത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് ഒറ്റവാക്കില്‍ ജനവിധിയെ വിശേഷിപ്പിക്കാം.

ജിഎസ്ടിക്ക് അംഗീകാരം: ചരക്ക് സേവന നികുതി (ജിഎസ്ടി) ജനങ്ങള്‍ സ്വീകരിച്ചതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പ് ഫലം. ‘ഗബ്ബര്‍ സിംഗ് ടാക്‌സെ’ന്ന് വിശേഷിപ്പിച്ച് ജിഎസ്ടി ബിജെപിക്കെതിരെ പ്രചാരണായുധമാക്കിയിരുന്നു കോണ്‍ഗ്രസ്. പുതിയ നികുതി സമ്പ്രദായത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായ പ്രക്ഷോഭം അരങ്ങേറിയത് വജ്ര, വസ്ത്ര വ്യാപാരികളുടെ കേന്ദ്രമായിരുന്ന സൂറത്തിലായിരുന്നു. ഇവിടെ 16ല്‍ 14 സീറ്റിലും ബിജെപി വിജയിച്ചു. കഴിഞ്ഞ തവണ 15 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.

താരമാകാതെ ഹര്‍ദ്ദിക്:പട്ടേല്‍ വോട്ടുകള്‍ കൂട്ടത്തോടെ ഹര്‍ദ്ദിക് പാര്‍ട്ടിയിലെത്തിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ അസ്ഥാനത്തായി. ഹര്‍ദ്ദിക്കിന്റെ റാലിക്കെത്തിയവരുടെ എണ്ണം വോട്ടായി മാറിയില്ല. സൂറത്തിലാണ് ഹര്‍ദ്ദിക്കിന്റെ ഏറ്റവും ആക്രമണോത്സുക പ്രചാരണം അരങ്ങേറിയത്. പട്ടേല്‍ ഭൂരിപക്ഷമുള്ള വരാച്ച റോഡ് മണ്ഡലത്തില്‍ ബിജെപിയുടെ കിഷോര്‍ കനാനി കുമാര്‍ 21174 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പകുതിയിലേറെ പട്ടേല്‍ വോട്ടുകളുള്ള കാംരേജില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. പട്ടേല്‍ സ്വാധീന മണ്ഡലമായ നികോളിലും രാജ്‌കോട്ടിലും ജനവിധിയെ സ്വാധീനിക്കാന്‍ ഹര്‍ദ്ദിക്കിനായില്ല. എന്നാല്‍ ഊഞ്ജ, അംറേലി, ധോരാജി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഹര്‍ദ്ദിക്കിന്റെ ഭാവി രാഷ്ട്രീയ മോഹങ്ങള്‍ക്കും ഇതോടെ തിരിച്ചടിയേറ്റു. വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തി വീണ്ടും ഹര്‍ദ്ദിക് രംഗത്തെത്തി.

അല്‍പേഷും ജിഗ്നേഷും: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ഒബിസി നേതാവ് അല്‍പേഷിനും കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും വിജയിക്കാനായെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ സ്വാധീനം ഉണ്ടായില്ല. പ്രചാരണത്തിലുള്‍പ്പെടെ ഇരുവരെയും കാര്യമായി കോണ്‍ഗ്രസ് ആശ്രയിച്ചിരുന്നില്ല. ബിജെപിയുടെ സിറ്റിംഗ് സീറ്റായ രാധന്‍പൂര്‍ അല്‍പേഷ് പിടിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസ്സിന്റെ വഡ്ഗാം ജിഗ്നേഷ് നിലനിര്‍ത്തി.
ഭരണവിരുദ്ധവികാരം: ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം പൊളിഞ്ഞു. ബിജെപിക്ക് 49.1 ശതമാനം വോട്ട് ലഭിച്ചു. കോണ്‍ഗ്രസ്സിന് 41.4 ശതമാനവും. 2012ല്‍ ഇത് യഥാക്രമം 47.85 ശതമാനം, 38.93 ശതമാനം എന്നിങ്ങനെയായിരുന്നു. 8.92 ശതമാനം വ്യത്യാസമാണ് ഇരുപാര്‍ട്ടികളും തമ്മിലുണ്ടായത്. ഇത്തവണ വോട്ട് ശതമാനം ഉയര്‍ത്തി ബിജെപിക്ക് കോണ്‍ഗ്രസ്സിനേക്കാള്‍ 7.7 ശതമാനം വോട്ട് കൂടുതല്‍ നേടാനും സാധിച്ചു. ഭരണവിരുദ്ധ വികാരമുണ്ടായിരുന്നെങ്കില്‍ ജാതിരാഷ്ട്രീയത്തിനൊപ്പം കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ സാധിക്കുമായിരുന്നു.

സിംഹഭൂമിയിലെ രാജാവ് മോദി: മോദി മന്ത്രമാണ് ബിജെപിക്ക് ഭരണത്തുടര്‍ച്ച നല്‍കിയതില്‍ നിര്‍ണായകമായത്. ഗുജറാത്തിന്റെ അഭിമാനമായി മോദി മാറി. പ്രധാനമന്ത്രിയായ മോദിയെ സ്വന്തം നാട്ടില്‍ പരാജയപ്പെടുത്താന്‍ ഗുജറാത്ത് ആഗ്രഹിച്ചില്ല. നാല്‍പ്പത് വയസ്സിന് താഴെയുള്ള വോട്ടര്‍മാര്‍ ഇത്തവണ 52 ശതമാനമായിരുന്നു. യുവാക്കളുടെ താരമാകാനും മോദിക്ക് സാധിച്ചെന്നാണ് ജനവിധി തെളിയിക്കുന്നത്. മോദിയുടെ പ്രചാരണങ്ങളാണ് പാര്‍ട്ടിക്ക് പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കിയത്. 34 റാലികള്‍ മോദി നയിച്ചു. രാഹുല്‍ മുപ്പതും. കോണ്‍ഗ്രസ്സിന് സീറ്റ് വര്‍ദ്ധിപ്പിച്ചതില്‍ രാഹുലിന് പങ്കില്ലെന്നതാണ് വസ്തുത. പട്ടേല്‍ വോട്ടുകളും 22 വര്‍ഷമായി ഒരു പാര്‍ട്ടിയുടെ മാത്രം ഭരണം അനുഭവിക്കുന്നതിലെ മടുപ്പുമാണ് നേരിയ മുന്നേറ്റം കോണ്‍ഗ്രസ്സിന് നല്‍കിയത്.

മധ്യഗുജറാത്ത് സമ്മിശ്രം: മധ്യഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സിനും സമ്മിശ്രവിജയം. കോണ്‍ഗ്രസ്സില്‍നിന്നും ബിജെപിയിലെത്തിയ എംഎല്‍എമാരില്‍ ഗോധ്രയില്‍ മത്സരിച്ച സി.കെ. റൗള്‍ജി ഒഴികെയുള്ളവര്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായിരുന്നു മുസ്ലിം സ്വാധീനമേഖലയായ ഗോധ്ര. വനവാസി മേഖലയായ നര്‍മ്മദയില്‍ കോണ്‍ഗ്രസ് മുന്നേറി. ബിജെപിയുടെ രണ്ട് സിറ്റിംഗ് എംഎല്‍എമാര്‍ ഇവിടെ പരാജയപ്പെട്ടു. ദേദിയാപാഡയില്‍ മുന്‍ ജെഡിയു നേതാവ് ചോട്ടുഭായ് വാസവയുടെ മകന്‍ മഹേഷ് വാസവ വിജയിച്ചു. നന്ദോഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. വഡോദര ജില്ലയിലെ 11 മണ്ഡലങ്ങളില്‍ വ്യക്തമായ ആധിപത്യം നേടിയ ബിജെപി ഏഴിടത്തും കോണ്‍ഗ്രസ് നാലിടത്തും വിജയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.