നാട്ടിലൊതുങ്ങി കോണ്‍ഗ്രസ്

Tuesday 19 December 2017 2:53 am IST

ഗാന്ധിനഗര്‍: ഇന്ത്യ അടക്കി ഭരിച്ചതിന്റെ കേമത്തമൊക്കെ കോണ്‍ഗ്രസിന് ഇനി സുഖമുള്ള ഓര്‍മ. ഹിമാചല്‍പ്രദേശിലെ ഭരണം കൂടി നഷ്ടമായതോടെ ഇനി നാലു സംസ്ഥാനങ്ങളില്‍ – പഞ്ചാബ്, കര്‍ണാടകം, മേഘാലയ, മിസോറം – മാത്രമൊതുങ്ങുന്നു കോണ്‍ഗ്രസ് ഭരണം.
ഇതില്‍ പഞ്ചാബില്‍ മാത്രമാണ് അടുത്ത അഞ്ചു വര്‍ഷം ഭരിക്കാമെന്ന ഉറപ്പുള്ളത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവിടെ ഭൂരിപക്ഷം നേടി. കര്‍ണാടകത്തില്‍ അടുത്ത മേയിലും മേഘാലയയില്‍ മാര്‍ച്ചിലും സര്‍ക്കാരുകളുടെ കാലാവധി അവസാനിക്കും. മിസോറാമില്‍ അടുത്ത ഡിസംബര്‍ 15 വരെയാണ് കാലാവധി.

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ സൂചനയെങ്കില്‍ 2018 കോണ്‍ഗ്രസിന്റെ അന്ത്യയാത്രയുടെ തുടക്കമാകും. അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി അതിന്റെ കാര്‍മികനും. 2018ല്‍ എട്ട് സംസ്ഥാന നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്. മധ്യപ്രദേശ് (സീറ്റുകള്‍ 230), കര്‍ണാടകം (224), രാജസ്ഥാന്‍ (200), ഛത്തീസ്ഗഢ് (90), മേഘാലയ (60), മിസോറം (40), നാഗാലാന്‍ഡ് (60), ത്രിപുര (60) എന്നിവ. വടക്കു കിഴക്കന്‍ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യവും ഈ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും.

ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭകളുടെ കാലാവധി 2019 ജനുവരിയിലാണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് 2018 അവസാനമുണ്ടാകും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന അവിടങ്ങളില്‍ ബിജെപിക്ക് വെല്ലുവിളിയുയര്‍ത്താന്‍ നിലവില്‍ കോണ്‍ഗ്രസിന് ശേഷിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമിലും ഈ സമയത്താകും തെരഞ്ഞെടുപ്പ്. അവിടെയും ഭരണം നിലനിര്‍ത്തുക കോണ്‍ഗ്രസിന് ഏറെ ശ്രമകരം.
ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളിലാകും കര്‍ണാടകം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്. കര്‍ണാടകത്തില്‍ ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം. കോണ്‍ഗ്രസ് ഭരണത്തിലുള്ള ഇവിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനവിരുദ്ധ നയങ്ങളില്‍ വ്യാപക അതൃപ്തിയുണ്ട്. അത് മുതലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മേഘാലയയിലും കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്.

നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ്ഫ്രണ്ട്-ബിജെപി സഖ്യമാണ് ഭരണത്തില്‍. ഇവിടെയും കോണ്‍ഗ്രസിന് പ്രതീക്ഷയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് തെരഞ്ഞെടുപ്പ് നേരിടാന്‍ എന്‍ഡിഎ ഒരുങ്ങുന്നു. സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ നിലവില്‍ കോണ്‍ഗ്രസാണ് പ്രതിപക്ഷമെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ത്രിപുരയില്‍ സിപിഎമ്മിനെ വെല്ലുവിളിക്കാവുന്ന തരത്തിലേക്ക് ബിജെപിയുടെ അടിത്തറ വികസിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.