ആര്‍ കെ നഗറില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി

Tuesday 19 December 2017 9:02 am IST

 

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ വഴികളും ഒരുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി.തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നും കോടതി നിര്‍ദേശം നല്‍കി.

ഭരണകക്ഷിപ്രവര്‍ത്തകര്‍ വ്യാപകമായി പണംവിതരണം ചെയ്യുന്ന സാഹചര്യത്തില്‍ ആര്‍കെ നഗറില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്നും ഇനിയും സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സ്ഥാനാര്‍ഥി മരുതുഗണേഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. രവിചന്ദ്രബാബു നിര്‍ദേശം നല്‍കിയത്.

എന്നാല്‍, ആര്‍കെ നഗറിലെ 968 തെരുവുകളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു. വോട്ടിങ് നടപടിക്രമങ്ങള്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ആര്‍.കെ നഗറില്‍ നിലവില്‍ 15 അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്.

ആര്‍.കെ നഗറിലെ എല്ലാ വോട്ടര്‍മാര്‍ക്കും പണം ലഭിച്ച രീതിയിലാണ് ഡിഎംകെ പ്രചാരണം നടത്തുന്നതെന്നും കമ്മീഷന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി.എന്നാല്‍, ആര്‍.കെ.നഗറില്‍ പ്രത്യേക നിരീക്ഷകന്‍ എത്തിയ ശേഷവും വോട്ടര്‍മാര്‍ക്ക് നൂറുകോടിയിലധികം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ഡി.എം.കെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.