വാനാക്രൈയുടെ പിന്നില്‍ ഉത്തര കൊറിയ

Tuesday 19 December 2017 12:27 pm IST

 

വാഷിങ്ടണ്‍: ആഗോള തലത്തില്‍ ഉണ്ടായ വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന വെളിപ്പെടുത്തലുമായി അമേരിക്ക. 2017ല്‍ ലോകത്തെ 150ഓളം രാജ്യങ്ങളില്‍ നടന്ന വാനാക്രൈ സൈബര്‍ ആക്രമണത്തില്‍ 200,000 കമ്പ്യൂട്ടറുകളാണ് പ്രവര്‍ത്തന രഹിതമായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഉത്തരകൊറിയയാണെന്ന് ബലമായി സംശയിക്കുന്നു.ഈ ആക്രമണത്തെത്തുടന്ന് ബില്യണ്‍ കണക്കിന് ഡോളറാണ് നഷ്ടമായി വന്നിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ടാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പത്രത്തിലൂടെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. ഇതാദ്യമായാണ് അമേരിക്ക വാനക്രൈ സംബന്ധിച്ച് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബാങ്ക്, ആശുപത്രി, ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകള്‍ക്കാണ് വാനാക്രൈ ആക്രമണം വന്നിരിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നിയിച്ചിരിക്കുന്നതെന്ന് തോമസ് ബോസെര്‍ട്ട് വ്യക്തമാക്കുന്നു. വാനക്രൈയുടെ പൂര്‍ണ ഉത്തരവാദിത്തം ഉത്തരകൊറിയക്കാണെന്നാണ് ഇവരുടെ വാദം.

ഉത്തര കൊറിയയുടെ സൈബര്‍ സ്വാധീനം കുറയ്ക്കുന്നതിനായി അമേരിക്ക സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഉത്തരകൊറിയക്കെതിരെ സമാനമായ ആരോപണമായി ബ്രിട്ടനും ടെക്ക് ഭീമനായ മൈക്രോസോഫ്റ്റും രംഗത്ത് വന്നിരുന്നു. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകള്‍ക്ക് നേരെയാണ് അന്ന് ആക്രമണമുണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.