അവരെ ഒപ്പം നിര്‍ത്തി മോദി പറഞ്ഞു, കേന്ദ്രം നിങ്ങള്‍ക്കൊപ്പമുണ്ട്

Tuesday 19 December 2017 6:17 pm IST

കൊച്ചി: അവര്‍ ഒപ്പം നിന്നില്ലെന്നും എത്തി നോക്കിയില്ലെന്നും പറഞ്ഞവരോട് നേര്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, കേന്ദ്രം നിങ്ങള്‍ക്കൊപ്പമുണ്ട്. സര്‍ക്കാര്‍ സബ്കേ സാഥ്, എല്ലാവര്‍ക്കും ഒപ്പമുണ്ട്.

ഓഖി ദുരന്തത്തെ തുടര്‍ന്ന് ജീവിതം താറുമാറായവരെ ലക്ഷദ്വീപിലും പൂന്തുറയിലും കന്യാകുമാരിയിലും ചെന്നുകണ്ട് അവര്‍ക്ക് ആശ്വാസം നല്‍കിയ പ്രധാനമന്ത്രി അവര്‍ക്ക് ബോധ്യമാക്കിക്കൊടുത്തു, കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ട്.

‘ആകാശ വിനോദയാത്ര’ നടത്തിയല്ല, ആളുകള്‍ക്കൊപ്പം നിന്ന് അവരുടെ സങ്കടങ്ങള്‍ കേട്ട് നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി മടങ്ങിയത്. ലക്ഷദ്വീപില്‍ കവറത്തി ദ്വീപിലെ അഡീമിനിസ്ട്രേഷന്‍ ഓഫീസിലെത്തി പ്രധാനമന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംഭവിച്ച ദുരന്തങ്ങളും സംഘടിപ്പിച്ച സംവിധാനങ്ങളും നേരിട്ടു വിലയിരുത്തി.

ദ്വീപില്‍ ഏറ്റവും ദുരിതം ബാധിച്ച കല്‍പ്പേനിയില്‍നിന്നുള്ളവരെ കണ്ടു, കേട്ടു. ആദ്യമായി ദ്വീപിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നിന്ന വിദ്യാര്‍ത്ഥികളോടും പ്രധാനമന്ത്രി മോദി ചോദിച്ചറിഞ്ഞത് ഓഖിയെക്കുറിച്ചും ക്ലാസുകള്‍ മുടങ്ങിയതിനെക്കുറിച്ചുമായിരുന്നു. അവരോടും പ്രധാനമന്ത്രി പറഞ്ഞു, കേന്ദ്രവും ഞാനും ഒപ്പമുണ്ട്.

കന്യാകുമാരിയില്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി തമിഴ്നാാട് സര്‍ക്കാര്‍ കൈക്കൊണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ജീവനാശം സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് പരമാവധി സഹായങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദ്ദേശിച്ചു. തമിഴ് മക്കളോടും പ്രധാനമന്ത്രി പറഞ്ഞു, സര്‍ക്കാര്‍ ഒപ്പമുണ്ട്, ഞാന്‍ കൂടെയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.