ന്യൂദല്‍ഹി: ദല്‍ഹി മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടത്തിനിടെ അപകടത്തില്‍പ്പെട്ടു. ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ള മജന്ത ലൈനിലൂടെ ഓടിയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍ മതില് ഇടിച്ചുതകര്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ട്രെയിനിന്റെ ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം പ്രവര്‍ത്തനരഹിതമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ട്രെയിനിന്റെ രണ്ടു കോച്ചുകള്‍ ഭാഗികമായി തകര്‍ന്നു. കാളിന്ദി കുഞ്ജില്‍ മതില് തകര്‍ത്ത് ട്രെയിന്‍ പുറത്തുവന്നെങ്കിലും നിലത്തുവീഴാതിരുന്നത് വന്‍ അപകടമൊഴിവാക്കി.
കല്‍ക്കാജി മന്ദിറില്‍നിന്നു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കുള്ള മജന്ത ലൈന്‍ സര്‍വീസ് നീട്ടല്‍ ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനുള്ളതാണ്. അപകടത്തോടെ ഉദ്ഘാടനക്കാര്യത്തില് തീരുമാനം പുനപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദല്‍ഹിയിലെ ജനകാപുരിയില്നിന്നു നോയിഡയിലേക്കാണ് മജന്ത ലൈന്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: