പഞ്ചായത്ത് കുളം വൃത്തിഹീനമായിട്ട് വര്‍ഷങ്ങള്‍

Wednesday 20 December 2017 12:10 pm IST

പോത്തന്‍കോട്: പണിമൂല ക്ഷേത്രത്തിനു സമീപത്തെ പഞ്ചായത്ത് കുളം വൃത്തിഹീനമായിട്ട് വര്‍ഷങ്ങള്‍ ഏറെയായി. കുളം ഉപയോഗശൂന്യമായി പായലും കാടും പിടിച്ച് കിടന്നിട്ടും അധികൃതര്‍ കണ്ണടയ്ക്കുന്നു.
പോത്തന്‍കോട് പഞ്ചായത്തിലെ പണിമൂല വാര്‍ഡിലെ കുളത്തിനാണ് ഈ ദുരവസ്ഥ. കാവുകളുടെയും കുളങ്ങളുടെയും നവീകരണത്തിന് സര്‍ക്കാര്‍ ഫണ്ടുകള്‍ അനുവദിക്കുമ്പോഴും വാര്‍ഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ ഈ കുളം വൃത്തിയാക്കാന്‍ മുന്‍കൈ എടുത്തിട്ടില്ല. നാടിന്റെ പ്രധാന ജലസ്രോതസുകളില്‍ ഒന്നാണ് ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന കുളം. നാട്ടുകാരും ഭക്തജനങ്ങളും കുളത്തെ ആശ്രയിക്കുന്നുണ്ട്.
സമീപത്തെ ഓടകളില്‍ നിന്ന് മലിനജലം കുളത്തിലേക്ക് ഒഴുകുന്നത് കുളത്തിലെ ശുദ്ധജലത്തെ മലിനമാക്കുന്നു. കുളത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് പോകാതെ മലിനജലങ്ങള്‍ ഒഴുകിയെത്താത്തവിധം ഭിത്തികള്‍ കെട്ടി സംരക്ഷിച്ചാല്‍ മാത്രമെ കുളത്തെ ഉപയോഗപ്രദമാക്കാന്‍ കഴിയൂ. പണിമൂല ക്ഷേത്ര ഉത്സവത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. കുളത്തിന് ചുറ്റും കാടുപിടിച്ചതിനാല്‍ ഇഴജന്തുക്കളുടെ നിരന്തര ഉപദ്രവം ഭക്തജനങ്ങള്‍ക്കുണ്ടാകുന്നതായി ക്ഷേത്രഭാരവാഹികള്‍ പറയുന്നു.
ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉപയോഗപ്രദമായ രീതിയില്‍ അധികൃതര്‍ കുളത്തിന്റെ നവീകരണം നടത്തുമോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കുളത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സ്ഥലം എംഎല്‍എ ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിട്ട് നാളുകള്‍ ഏറെയായി.

പണിമൂല ക്ഷേത്രത്തിനു സമീപത്തെ പഞ്ചായത്ത് കുളം കാടും പായലും പിടിച്ച അവസ്ഥയില്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.