ഗുണഭോക്താക്കളെ വെറും കൈയ്യോടെ മടക്കി 

Wednesday 20 December 2017 12:30 pm IST

തിരുവനന്തപുരം: പിഎംഎവൈ പദ്ധതിപ്രകാരം ഭവനനിര്‍മാണത്തിന് ആദ്യഗഡു തുക നല്‍കാമെന്ന അറിയിപ്പ് നല്‍കി വിളിച്ചുവരുത്തിയ ഗുണഭോക്താക്കളെ വെറും കൈയ്യോടെ മടക്കി അയച്ചു. തിരുവനന്തപുരം നഗരസഭയിലെ ഗുണഭോക്താക്കളെയാണ് ഉദ്ഘാടനച്ചടങ്ങിന് ആളെ കൂട്ടാന്‍ വേണ്ടി വിളിച്ചു വരുത്തിയ ശേഷം വെറുംകൈയ്യോടെ മടക്കിയത്.
പ്രധാനമന്ത്രി ആവാസ്‌യോജനപ്രകാരം പട്ടികയില്‍ ഇടം പിടിച്ച 3000 ഗുണഭോക്താക്കള്‍ക്ക് തുക നല്‍കുമെന്നായിരുന്നു അറിയിപ്പ്. വിതരണോദ്ഘാടനം കനക്കുന്നിന് എതിര്‍വശത്തുള്ള പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍വച്ച് നിര്‍വഹിക്കുമെന്നും അറിയിച്ചിരുന്നു. അറിയിപ്പ് ലഭിച്ചതനുസരിച്ച് ആദ്യലിസ്റ്റില്‍ ഇടം പിടിച്ചവര്‍ രാവിലെ മുതല്‍ ഹാളില്‍ എത്തിച്ചേര്‍ന്നിരുന്നു. ആയിരം പേരെ ഉള്‍ക്കൊള്ളാവുന്ന ഹാളില്‍ ഗുണഭോക്താക്കളുടെ കൂടെ വന്നവരുള്‍പ്പെടെ നാലായിരത്തോളംപേര്‍ എത്തി. ഇതോടെ ഹാളില്‍ നിന്ന് തിരിയാന്‍ ഇടമില്ലാതായി. കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും വൃദ്ധരുമെല്ലാം ഇരിപ്പിടം പോലും കിട്ടാതെ നന്നേ ബുദ്ധിമുട്ടി.
രാവിലെ 11ന് ഉദ്ഘാടനം നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഉദ്ഘാടകനായ മന്ത്രി കെ.ടി. ജലീല്‍ എത്തിയത് 12ന്. അതുവരെ മേയര്‍ വി.കെ. പ്രശാന്തിന്റെ ദീര്‍ഘമായപ്രസംഗം. മന്ത്രിയെത്തിയതോടെ ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചു. അരമണിക്കൂര്‍ മന്ത്രിയുടെ ഉപദേശവും പ്രസംഗവും. തുടര്‍ന്നു വന്ന അറിയിപ്പാണ് ഗുണഭോക്താക്കളെ ഏറെ നിരാശരാക്കിയത്. തുകയുടെ ആദ്യ ഗഡു 30000 രൂപയാണ് നല്‍കുന്നതെന്നും ഈ തുക ഓണ്‍ലൈന്‍വഴി അവരവരുടെ അക്കൗണ്ടുകളില്‍ എത്തുമെന്നും അതിന്റെ ഉദ്ഘാടനമാണ് ഇവിടെ നടക്കുന്നതെന്നും അറിയിപ്പ് വന്നു. തുകയ്ക്കു വേണ്ടി രാവിലെമുതല്‍ എത്തിയ നിരവധി പേര്‍ ചോദിക്കുന്നുണ്ടായിരുന്നു തങ്ങളെ വിളിച്ചുവരുത്തിയത് എന്തിനെന്ന് ?
മറ്റൊരു തട്ടിപ്പ് കൂടി സംഘാടകര്‍ നടത്തി. പട്ടികയില്‍ ഇടം പിടിച്ചവര്‍ക്കുള്ള അനുമതിപത്രം. 25 പേര്‍ക്ക് വേദിയില്‍ നിന്ന് നല്‍കുമെന്നും മറ്റുള്ളവര്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ നിന്ന് വാങ്ങിപ്പോകണമെന്നും നിര്‍ദ്ദേശിച്ചു. അനുമതിപത്രം വാങ്ങാനായി വീണ്ടു തിക്കും തിരക്കും. പിഎംവൈഎ പദ്ധതി പ്രകാരം തുക ബാങ്ക് അക്കൗണ്ട് വഴി മാത്രമെ നല്‍കൂ. ഇത് മറച്ചുവച്ചാണ് മേയറും കൂട്ടരും ഉദ്ഘാടന മാമാങ്കത്തിനായി ഇത്രയും നിര്‍ധനരെ വിളിച്ചുവരുത്തിയത്. ഓണ്‍ലൈന്‍ രജിസ്ട്രഷനിലൂടെ അനുമതി ലഭിച്ചാല്‍ അനുമതി പത്രത്തിന്റെ ആവശ്യവും ഇല്ല.
മൂവായിരംപേര്‍ക്ക് ആദ്യഗഡു നല്‍കുന്നു എന്ന് വ്യാപക പ്രചാരണം നടത്തിയിട്ട് ഉദ്ഘാടനസമയത്ത് 1397 പേര്‍ക്കാണെന്നും ബാക്കിയുള്ളവര്‍ ഓണ്‍ലൈന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുമാണ് നഗരസഭ അറിയിച്ചത്. ഇതോടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്ത പകുതിയോളം പേര്‍ക്ക് അനുമതി പത്രം പോലും ലഭിച്ചില്ല.
ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, അര്‍ബന്‍ മിഷന്‍ ഡയറക്ടര്‍ ബിനുഫ്രാന്‍സിസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ. ശ്രീകുമാര്‍, സിമി ജ്യോതിഷ്, സഫീറാ ബീഗം, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ഡപ്യൂട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.