ഏത്തക്കുലകളുടെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു

Wednesday 20 December 2017 1:00 am IST

പത്തനംതിട്ട: ഏത്തക്കുലകളുടെ വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുമ്പോളും അതിന്റെ പ്രയോജനം സാധാരണ ജനങ്ങളില്‍ എത്തുന്നില്ല. അനുകൂല കാലാവസ്ഥയില്‍ നാട്ടില്‍ വിളവ് മെച്ചപ്പെട്ടതും മൈസൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ വാഴക്കുലകള്‍ എത്തുന്നതുമാണ് വിലത്തകര്‍ച്ചക്ക് കാരണമായത്.
അടുത്തകാലത്ത് ഏത്തക്കായക്ക് ഏറ്റവും വിലക്കുറഞ്ഞ സീസണാണ് ഇത്. കിലോയ്ക്ക് 27 മുതല്‍ 30 രൂപ വരെയാണ് ഇപ്പോള്‍ വില. എങ്കിലും ഉപ്പേരി, പഴംപൊരി എന്നിവയടക്കമുള്ള ഉല്‍പന്നങ്ങള്‍ക്ക് വിലകുറയുന്നുമില്ല. ഭൂമിപാട്ടത്തിനെടുത്ത് വന്‍തോതില്‍ വാഴകൃഷി ഇറക്കിയവരെയാണ് വിലയിടിവ് സാരമായി ബാധിച്ചത്. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതു കാരണം പൊറുതി മുട്ടിയ കര്‍ഷകര്‍ വിലത്തകര്‍ച്ച കൂടി ആയതോടെ നിരാശയിലാണ്.
വയലുകളിലും റബ്ബര്‍മരങ്ങള്‍ വെട്ടിനീക്കിയ ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് വാഴകൃഷി വ്യാപകമായി ഉള്ളത്. കാട്ടുപന്നി, കുരങ്ങ്, തത്ത തുടങ്ങിയവയാണ് വാഴക്കുലകള്‍ നശിപ്പിക്കുന്നത്.
രാത്രിയില്‍ കാട്ടുപന്നിയേയും പകല്‍ കുരങ്ങിനേയും തുരത്താന്‍ വാഴത്തോട്ടങ്ങളില്‍ ജോലിക്കാരേയും നിയോഗിക്കാറുണ്ട്. വളവും ജോലിക്കൂലിയും അടക്കം 200 രൂപയോളം ഒരുവാഴ കുലയ്ക്കുമ്പോളേക്കും ചിലവാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കിലോ ഏത്തക്കായുടെ വില 30 രൂപയില്‍ കുറഞ്ഞാല്‍ സ്വാഭാവികമായും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ട്ടമുണ്ടാകും.
ഈവര്‍ഷം കാലാവസ്ഥ അനുകൂലമായത് വിളവും ഗുണമേന്‍മയും വര്‍ധിക്കാന്‍ ഇടയാക്കി. എന്നാല്‍ മൈസൂറില്‍ കാലം തെറ്റി ഇപ്പോള്‍ ഏത്തക്കുലകള്‍ വിളവെത്തിയത് നാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നാട്ടിലെ കര്‍ഷകര്‍ക്ക് വെല്ലുവിളിയായി വാഴക്കുലകള്‍ എത്തിയിരുന്നത് വയനാട്ടില്‍ നിന്നും ആയിരുന്നു.
എന്നാല്‍ ഓണക്കാല വിപണി ലക്ഷ്യമാക്കിയാണ് അവിടെ വാഴകൃഷിയിറക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് പരമാവധി വില ലഭ്യമാക്കാന്‍ വകയാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കാര്‍ഷിക വിപണിയില്‍ ഏത്തക്കുല കിലോയ്ക്ക് 30 രൂപയാണ് ഇന്നലെ കര്‍ഷകര്‍ക്ക് ലഭിച്ച വില. കഴിഞ്ഞ ദിവസങ്ങളില്‍ 26,27 രൂപയായിരുന്നു. രണ്ടു മാസത്തിനിടെ 22 രൂപവരെ വില താണിരുന്നു. എന്നാല്‍ മറ്റിനങ്ങള്‍ക്ക് കുറെക്കൂടി വില ലഭിക്കുന്നുമുണ്ട്. പാളയങ്കോടന്‍ -22, പൂവന്‍-40, ഞാലിപ്പൂവന്‍-50, ചുവന്നപൊന്തന്‍-50 എന്നിങ്ങനെയാണ് ഇപ്പോളത്തെ വിലനിലവാരം. കായംകുളം, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന മൊത്ത വ്യാപാരികളാണ് പ്രധാനമായും വകയാര്‍ വിപണിയില്‍ നിന്നും ഏത്തക്കുലകള്‍ ലേലത്തില്‍ വാങ്ങുന്നത്. ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഇവിടെ വിപണിയുടെ പ്രവര്‍ത്തനം. ജില്ലാ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍ പ്രൊമോഷന്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് വിപണി പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.