സഹോദരങ്ങളുടെ മരണം: ദുരൂഹത തുടരുന്നു

Wednesday 20 December 2017 2:00 am IST

പൂച്ചാക്കല്‍: സഹോദരങ്ങള്‍ കൊല്‍ക്കത്തയില്‍ വിഷാംശം ഉള്ളില്‍ ചെന്ന് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പാണാവള്ളി പള്ളിവെളി കുന്നേല്‍വെളിയില്‍ മാമച്ചന്‍ ജോസഫ് (58), കുഞ്ഞുമോന്‍ ജോസഫ് (51) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മൂന്നാഴ്ച മുമ്പ് മരണമടഞ്ഞത്.
വിഷവാതകം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞുമോനും, മാമച്ചനും സ്വര്‍ണം വാങ്ങാനാണ് കൊല്‍ക്കത്തയിലേക്ക് പോയത്. കുഞ്ഞുമോന്‍ ബംഗാളിലെ ശരണ്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലും മാമച്ചന്‍ അപ്പോളോ ആശുപത്രിയിലുമാണ് മരിച്ചത്.
ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി ബാപ്പു എന്ന ഹുല്‍ചന്ദ് ബിന്ദ്രയാണ് ഇരുവരെയും ബംഗാളിലെ ബര്‍ദമാനിലേക്ക് കൊണ്ടുപോയത്. സ്വര്‍ണം എന്ന് കരുതുന്ന പൊതിയുമായി സംഘം ടൗണിലെ ഹോട്ടലില്‍ മുറിയെടുത്തു.
നാണയങ്ങള്‍ അടങ്ങിയ പൊതി തുറന്നപ്പോള്‍ ഇവര്‍ക്ക് വിഷവാതകം ഏറ്റെന്നാണ് സൂചന. നാട്ടില്‍ നിന്ന് സ്വര്‍ണ പണിക്കാരന്‍ കൊടുത്തുവിട്ട ആസിഡ് ഉപയോഗിച്ച് മാറ്റ് നോക്കിയപ്പോള്‍ ഇതിന്റെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ പോലീസ് തയാറായിട്ടില്ല.
ഇവരോടൊപ്പം ഉണ്ടായിരുന്ന ബാപ്പുവിനെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് കരിപിടിച്ച മൊന്തയും ബാഗില്‍ നിന്ന് നാണയങ്ങളും ലഭിച്ചു.
ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോകാത്തത് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 200 മില്ലി നൈട്രിക് ആസിഡാണ് കൊടുത്തുവിട്ടതെന്നും ഇവ ബാങ്കുകാര്‍ക്കും മാറ്റ് നോക്കാന്‍ കൊടുക്കാറുണ്ടെന്നുമാണ് സ്വര്‍ണപ്പണിക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇരുന്നൂറു മില്ലി ആസിഡ് ഉപയോഗിച്ച് മാറ്റ് നോക്കിയാല്‍ ആരും മരണമടയാറില്ലെന്ന വിദഗ്ദ്ധരുടെ അഭിപ്രായം പോലീസിനെ കുഴയ്ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.