എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം

Tuesday 19 December 2017 9:14 pm IST

ചാഴൂര്‍: ചാഴൂരില്‍ എടിഎം മെഷീന്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമം. ചാഴൂര്‍ വിഎകെ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ചാശ്രമം നടന്നത്. മെഷീനില്‍ 1,87,600 രൂപ ഉണ്ടായിരുന്നെങ്കിലും പണം സൂക്ഷിച്ചിരിക്കുന്ന അറയുടെ ഉള്ളിലെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നതിനാല്‍ പണം കവരാന്‍ സാധിച്ചില്ല. എടിഎം മെഷീനില്‍ പണം നിക്ഷേപിക്കുന്ന ട്രേയുടെയും പണം പുറത്തേക്ക് വരുന്ന ഭാഗത്തെയും പുറം കവറുകള്‍ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. മെഷിനില്‍ ഘടിപ്പിച്ച സിസിടിവി ക്യാമറ കറുത്ത സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച നിലയിലായിരുന്നു. കൗണ്ടറിന്റെ പുറത്ത് സ്ഥാപിച്ചിരുന്ന അലാറം തകര്‍ത്ത് കാനയിലെറിഞ്ഞ നിലയില്‍ കണ്ടെത്തി.
എടിഎം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമ കൂടിയായ റഹ്മത്ത്അലി രാവിലെ പത്രം എടുക്കാന്‍ താഴെ വന്നപ്പോഴാണ് എടിഎം മെഷീന്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടനെ ബാങ്ക് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബാങ്ക് അധികൃതരെത്തി മെഷിന്‍ തുറന്ന് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. വലപ്പാട് സിഐ ടി.കെ.ഷൈജു, അന്തിക്കാട് എസ്‌ഐ സനീഷ് എന്നിവരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.