സംസാര ശേഷിയില്ലാത്തവരുടെ ഹ്രസ്വചിത്രങ്ങള്‍ക്ക് അംഗീകാരം

Tuesday 19 December 2017 9:18 pm IST

ഇരിങ്ങാലക്കുട: സംസാര ശേഷിയില്ലാത്തവരുടെ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം. കല്‍ക്കട്ടയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡെഫ് ഫിലിം ഫെസ്റ്റിവെലിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ മിജോ ജോസിന്റെ നേതൃത്വത്തില്‍ അഫ്സല്‍ യൂസഫ്, ജസ്റ്റിന്‍ ജെയിംസ്, ബിബിന്‍ വില്‍സന്‍, സ്മൃതി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഹ്രസചിത്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്.
ഹ്രസ്വചിത്ര നിര്‍മ്മാണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരും അഭിനയിച്ചവരുമെല്ലാം തന്നെ കേള്‍വികുറവുള്ള വരും സംസാരശേഷി ഇല്ലാത്തവരുമാണ്. സംഘത്തില്‍ മിജോയ്ക്ക് മാത്രമാണ് അല്പം സംസാരശേഷിയുള്ളത്. ഇവര്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങളാണ് ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിച്ചത്. ഒരു മിനിറ്റ് വിഭാഗത്തില്‍ ‘ഫോര്‍ഗോട്ട് വാലറ്റ്’ എന്ന ചിത്രത്തിന് രണ്ടാംസ്ഥാനവും പതിനഞ്ച് മിനിറ്റ് വിഭാഗത്തില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ’ ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ബെസ്റ്റ് ഡയറക്ടര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായത് മിജോയാണ്.
കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന ഡെഫ് ഫിലിംഫെസ്റ്റിവെലില്‍ ഒരു മിനിറ്റ്, അഞ്ച് മിനിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും, 15 മിനിറ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. 2015 ല്‍ കോയമ്പത്തൂരില്‍ നടന്ന ഡെഫ് ഫിലിംഫെസ്റ്റിവെലില്‍ ബെസ്റ്റ് എഡിറ്ററായി തിരഞ്ഞെടുത്തതും മിജോയെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.