മൂന്നാറില്‍ ഇനി പൂക്കാലം

Tuesday 19 December 2017 9:33 pm IST

മൂന്നാര്‍: സഞ്ചാരികള്‍ക്ക് വര്‍ണ്ണവിസ്മയമൊരുക്കി മൂന്നാറില്‍ ഇന്ന് വിന്റര്‍ പുഷ്‌പോത്സവത്തിന് തുടക്കം. പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ ഒരുങ്ങുന്ന പുഷ്‌പോത്സവം വൈകിട്ട് 6ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും.
ശൈത്യകാലം അസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഉദ്ദേശിച്ചാണ് പുഷ്പമേള സംഘടിപ്പിച്ചിട്ടുള്ളത്. 500 ല്‍പ്പരം വ്യത്യസ്തങ്ങളായ പൂക്കളാണ് ഇതിന്റെ ഭാഗമായി പുഷ്പമേള നടക്കുന്ന പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. ജമന്തി, മേരിഗോള്‍ഡ്, ഡയാന്റിസ്, വിട്രോണി, പുത്തിന്‍ സെത്തിയ, ക്രിസാന്തിസം, ഹിഗോണി, സലേഷ്യ, വിങ്ക തുടങ്ങിയ ഇനം പൂക്കളാണ് ഒരുക്കിയിരിക്കുന്നത്.
അലങ്കാര മത്സരങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം ബോട്ടിംഗ്, കയാക്കിങ് എന്നിവയും സഞ്ചാരികള്‍ക്ക് ഹരം പകരും. ദിവസവും വൈകിട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ദിവസവും രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് സഞ്ചാരികള്‍ക്ക് മേള കാണുവാന്‍ അവസരം. മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് നിരക്ക്. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ എംഎല്‍എ എസ്.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.പി ജോയ്‌സ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. മേള ജനുവരി 10 ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.