ഗെയില്‍ വിരുദ്ധ സമരം: പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു

Tuesday 19 December 2017 10:05 pm IST

മുക്കം: കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ എരഞ്ഞിമാവ് ഗെയില്‍ വിരുദ്ധ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാര്‍ച്ച്. ഇന്നലെ ഗെയില്‍ പൈപ്പ്‌ലൈന്‍ പ്രവൃത്തി നിര്‍ത്തിവെച്ചതിനാല്‍ പ്രതിഷേധമാര്‍ച് ഫലം കണ്ടില്ല.
പദ്ധതിയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്നും കോഴിക്കോട് കലക്ട്രേറ്റില്‍ മന്ത്രി എ.സി.മൊയ്തീന്റെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെടുത്ത തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് നടന്നത്. രാവിലെ എട്ടരയോടെ നെല്ലിക്കാപറമ്പില്‍ സമരക്കാര്‍ എത്തിതുടങ്ങിയിരുന്നു.എന്നാല്‍ അരീക്കോട്, കാവനൂര്‍, കീഴുപറമ്പ്, മാവൂര്‍ ഭാഗങ്ങളില്‍ നിന്ന് സമരക്കാര്‍ എത്തുന്നത് തടയുന്നതിനായി അതി രാവിലെ മുതല്‍ കുറ്റൂളിയിലും കുളിമാടും പോലീസ് പരിശോധന നടത്തി. ബസ്സുകളിലടക്കം യാത്രക്കാരെ പരിശോധിച്ച ശേഷമാണ് പോലീസ് വിട്ടയച്ചത്.
രാവിലെ പത്തരയോടെ മുന്നൂറോളം സമരസമിതിപ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തി. സമരക്കാരുടെ ഇരട്ടിയിലധികം പോലീസും സമരത്തെ നേരിടുന്നതിനായി തയ്യാറായി നിന്നു. റൂറല്‍ എസ്.പി. പുഷ്‌ക്കരന്റെ നേതൃത്വത്തിലാണ് പോലീസ് മാര്‍ച്ച് തടഞ്ഞത്.
എന്നാല്‍ ഗെയില്‍ പ്രവൃത്തി നിര്‍ത്തിവെച്ചതിനാല്‍ സമര സമിതിക്ക് പ്രവൃത്തി തടയാനായില്ല. ഞായറാഴ്ച്ചയും തിങ്കളാഴ്ചയുമായി മുഴുവന്‍ ജെ.സി.ബി അടക്കമുള്ള യന്ത്രസാമഗ്രികളും സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. ഇതോടെ സമരം വിജയിച്ചതായി പ്രഖ്യാപിച്ച് സമരസമിതി നേതാക്കളും പ്രവര്‍ത്തകരും തിരിച്ചു പോയി. പ്രവൃത്തി തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി.
മാര്‍ച്ച് എം.ഐ.ഷാനവാസ് എം.പി.ഉദ്ഘാടനം ചെയ്തു.സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അധ്യക്ഷത വഹിച്ചു. കെ.എം.ഷാജി എം.എല്‍. എ, എ.പി.അനില്‍കുമാര്‍ എം. എല്‍.എ, സി.ആര്‍.നീലകണ്ഠന്‍,സി.മോയിന്‍കുട്ടി, ടി.സിദ്ധീഖ്, സി.പി.ചെറിയമുഹമ്മദ്, സി.കെ.കാസിം,എം.ടി.അഷ്‌റഫ്, സബാഹ് പുല്‍പറ്റ, റസാഖ് പാലേരി, പറമ്പന്‍ ലക്ഷ്മി, പ്രദീപ് നെന്‍മാറ, പി.കെ.കമ്മദ് കുട്ടി ഹാജി സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.