കുറുവ ദ്വീപ് ടൂറിസം അടച്ചിടാന്‍ കളമൊരുങ്ങുന്നു

Tuesday 19 December 2017 10:12 pm IST

മാനന്തവാടി: സിപിഎമ്മും സിപിഐയും തമ്മിലുള്ള അധികാരവടംവലിയുടെ ഭാഗമായി കുറുവ ദ്വീപ് ടൂറിസം അടച്ചിടാന്‍ കളമൊരുങ്ങുന്നു. ഇതിന്റെഭാഗമായി അഡ്വക്കറ്റ് ഹരീഷ്‌വാസുദേവന്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഗ്രീന്‍ ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിലും പരാതിയെത്തി. കേന്ദ്ര സര്‍ക്കാരിനും പരാതി അയച്ചിട്ടുണ്ട്. സിപിഐയെ ഒതുക്കി സിപിഎം നടത്തിയ അനധികൃത നിയമനങ്ങളും അഴിമതികളുമാണ് കുറുവാദ്വീപ് എക്കാലത്തേക്കുമായി അടച്ചിടാന്‍ സാഹചര്യമൊരുങ്ങുന്നത്.
കുറുവയിലെ നാല് ജീവനക്കാരെ അനധികൃതമായി സസ്പന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സിപിഎമ്മുകാരനായ ഒരാളെ തിരിച്ചെടുത്തു. ഇതാണ് സിപഐയെ ചൊടിപ്പിച്ചത്. മുള്ളന്‍തറ, ചാലിഗദ്ദ കോളനികളിലെ ധാരാളം വനവാസികള്‍ തൊഴിലില്ലാതെ അലയുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തായ തിരുനെല്ലിയിലെ സിപിഎമ്മുകാരെ നിയമിക്കാനാണ് ഡിഎംസി തിടുക്കംകൂട്ടിയത്. പാല്‍വെളിച്ചം കുറുവാ ദ്വീപില്‍ വനസംരക്ഷണ സമിതിയും നിലവിലില്ല. സിപിഎമ്മിന് അഴിമതി നടത്താനാണ് വനസംരക്ഷണ സമിതി രൂപീകരിക്കാത്തതെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎം നേതാക്കള്‍ ഇടപെട്ട് കുറുവയിലെ പല അഴിമതിക്കും ചൂട്ടുപിടിക്കുകയാണ്.
പൂച്ചെടികള്‍ മോഷ്ടിച്ചതിനെതുടര്‍ന്ന് കയ്യോടെ പിടികൂടിയ, മുന്‍പ് പിരിച്ചുവിട്ട ജീവനക്കാരനെ സിപിഎം നേതൃത്വം ഇടപെട്ടാണ് തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഐ മാനന്തവാടിയില്‍ പത്രസമ്മേളനം നടത്തി.
എണ്‍പതോളം ആദിവാസി കുടുംബങ്ങളുള്ള കുറുവയില്‍ പാല്‍വെളിച്ചം കേന്ദ്രീകരിച്ച് കുറുവ പാല്‍വെളിച്ചം വനസംരക്ഷണസമതി രൂപീകരിക്കണമെന്നാണ് സിപിഐയുടെ ആവശ്യം. ദ്വീപില്‍ പ്രദേശവാസികള്‍ക്കും കൃഷിക്കാര്‍ക്കും ആദിവാസികള്‍ക്കും തൊഴില്‍ പരിഗണന ലഭിച്ചില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ഡിടിപിസിയും ഡിഎംസിയും ചേര്‍ന്ന് കുറുവയെ കച്ചവട കേന്ദ്രമാക്കി മാറ്റുകയാണെന്നും 50 ലക്ഷം രൂപ മുടക്കി നവീകരിച്ച പര്‍ക്കിങ്ങ് എരിയാ നിര്‍മ്മാണത്തില്‍ അഴിമതി നടന്നുവെന്നും സിപിഐ ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എക്കോ ഷോപ്പ്, പാര്‍ക്കിങ്ങ് എരിയും സ്വകാര്യ വ്യക്തിക്കുനല്‍കിയതുകൊണ്ട് പ്രദേശവാസികള്‍ക്കും ആദിവാസികള്‍ക്കും ലഭിക്കേണ്ട തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നും സിപിഐ മുട്ടങ്കര ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി. മുമ്പ് അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് പകരം പുതിയ ആളുകളെ തിരുകികയറ്റാനാണ് സിപിഎം നീക്കം.
കുറുവയില്‍ സിപിഎം പ്രവര്‍ത്തകര്‍ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുത്ത് പ്രശ്‌നം തീര്‍ക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം വഴങ്ങിയില്ല. കുറവാ ദ്വീപ് ടൂറിസത്തിന് തടയിട്ട് പ്രകൃതി സംരക്ഷണം ഉറപ്പിക്കാനാണ് പ്രകൃതി സംരക്ഷണസമിതിയുടെയും മറ്റ് പാരിസ്ഥിതി സംഘടനകളുടെയും ആവശ്യം. സിപിഎം-സിപിഐ പോര് ഇക്കുട്ടര്‍ മുതലെടുക്കുന്നതായും ആക്ഷേപമുണ്ട്. രണ്ടായിരത്തോളംപേരുടെ ഉപജീവനമാര്‍ഗ്ഗമാണ് സിപിഎം ധാര്‍ഷ്ട്യം മൂലം ഇല്ലാതാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.