ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിന് വെട്ടേറ്റു

Tuesday 19 December 2017 10:12 pm IST

തലശ്ശേരി: ആര്‍എസ്എസ് നേതാവിന് നേരെ സിപിഎം വധശ്രമം. ആര്‍എസ്എസ് പൊന്ന്യം മണ്ഡല്‍ കാര്യവാഹ് നായനാര്‍ റോഡിലെ കെ.പ്രവീണി(33)നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടെ ജോലികഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴായിരുന്നു അക്രമം.
കതിരൂര്‍ പല്ല്യോട് സിഎച്ച് നഗറില്‍ കാരായി രാജന്റെ വീടിന് സമീപം ബൈക്ക് തടഞ്ഞ് വെച്ച് പതിനഞ്ചംഗ സിപിഎം അക്രമിസംഘം പ്രവീണിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിനും തലക്കും ശരീരമാസകലവും സാരമായി വെട്ടേറ്റ പ്രവീണിന്റെ ഇടതുകൈ അറ്റുതൂങ്ങിയ നിലയിലാണ്. സാരമായി പരിക്കേറ്റ് ചോരവാര്‍ന്ന് ഏറെനേരം റോഡില്‍ കിടന്ന പ്രവീണിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. തലശ്ശേരിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രണ്ട് ദിവസം മുമ്പ് പൊന്ന്യം മണ്ഡല്‍ ശാരീരിക് പ്രമുഖ് മലാവിലെ ഷിജിലിന്റെ വീടിന് നേരെ സിപിഎം സംഘം ബോംബേറ് നടത്തിയിരുന്നു. സംഘര്‍ഷം ഇല്ലാതാക്കാനായി ഒരുഭാഗത്ത് സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുമ്പോള്‍ സിപിഎം ഈ മേഖലയില്‍ സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രവീണിന് നേരെയുള്ള അക്രമം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം അക്രമങ്ങളെന്ന് സംശയിക്കുന്നു. പാര്‍ട്ടി സമ്മേളനം നടക്കുന്നതിനിടയിലുണ്ടാകുന്ന വിഭാഗീയതക്കും പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിനും തടയിടാനും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമാണ് ഇത്തരം അക്രമങ്ങളെന്ന് ബിജെപി ജില്ലാ കമ്മറ്റി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.