ഗുജറാത്ത്: ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത് നഗരങ്ങള്‍

Wednesday 20 December 2017 2:51 am IST

ന്യൂദല്‍ഹി: ബിജെപിയെ ഗുജറാത്തില്‍ ആറാമതും ഭരണത്തിലേറ്റിയതില്‍ നിര്‍ണായകമായത് നഗരങ്ങളിലെ മുന്നേറ്റം. 80 ശതമാനത്തിലേറെ നഗര മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. അഹമ്മദാബാദ് (15/21), ഗാന്ധിനഗര്‍ (2/3), സൂറത്ത് (15/16), വഡോദര (6/8), ജാംനഗര്‍ (2/3), ഭാവ്‌നഗര്‍ (4/4) എന്നിവിടങ്ങളില്‍ ബിജെപി വ്യക്തമായ ആധിപത്യം നിലനിര്‍ത്തി. സീ പ്ലെയിനിന്‍ പറന്നിറങ്ങി മോദി അവസാന ദിവസം നടത്തിയ പ്രചാരണം വികസനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നഗരവോട്ടര്‍മാരുടെ മനസ്സിളക്കി.

57.8 ശതമാനം വോട്ടും 46 സീറ്റുമാണ് നഗരപ്രദേശങ്ങളില്‍ ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസ്സിന് 37 ശതമാനം വോട്ടും പത്ത് സീറ്റും. 2012ല്‍ ബിജെപിക്കും കോണ്‍ഗ്രസ്സിനും യഥാക്രമം 50, 6 സീറ്റുകളാണ് കിട്ടിയത്.

ഗ്രാമീണ മേഖലയില്‍ വോട്ട് ശതമാനത്തില്‍ ബിജെപി മുന്നിലെത്തിയെങ്കിലും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സിനാണ് ലഭിച്ചത്. 45.36% വോട്ടോടെ 53 സീറ്റുകള്‍ ബിജെപിയും 43.43% വോട്ടോടെ 67 സീറ്റുകള്‍ കോണ്‍ഗ്രസ്സും നേടി. 2012ല്‍ കോണ്‍ഗ്രസ്സിന് 55, ബിജെപിക്ക് 65 എന്നിങ്ങനെയായിരുന്നു സീറ്റുകള്‍. കാര്‍ഷിക മേഖലയിലെ അതൃപ്തിയാണ് ബിജെപിക്ക് തിരിച്ചടിയായത്.

വോട്ട് കൂടിയിട്ടും സീറ്റ് കുറഞ്ഞു. കാരണം?

കഴിഞ്ഞ തവണത്തേക്കാള്‍ 1.25 ശതമാനവും കോണ്‍ഗ്രസ്സിനേക്കാള്‍ 7.7 ശതമാനം വോട്ടും കൂടുതല്‍ ലഭിച്ചിട്ടും ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞു. 2012ല്‍ കോണ്‍ഗ്രസ്സിനേക്കാള്‍ 8.97 ശതമാനം വോട്ട് കൂടുതലുണ്ടായപ്പോള്‍ 54 സീറ്റ് ബിജെപിക്ക് അധികമായി ലഭിച്ചിരുന്നു. രണ്ട് പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പുകളില്‍ ചെറിയ വോട്ട് ശതമാനം പോലും വലിയ സീറ്റ് വ്യത്യാസത്തിന് കാരണമാകാറുണ്ട്. ബിജെപിയുടെ ഭൂരിപക്ഷം കോണ്‍ഗ്രസ്സിനേക്കാള്‍ കൂടുതലാണെന്നതാണ് സീറ്റ് കുറവിന്റെ കാരണം. ബിജെപി വോട്ടുകള്‍ കേന്ദ്രീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചിതറിക്കിടന്നു.

1.17 ലക്ഷമാണ് ബിജെപിയുടെ ഏറ്റവും വലിയ ഭൂരിപക്ഷം. കോണ്‍ഗ്രസ്സിന്റേത് 50776. ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തില്‍ രണ്ട് സീറ്റുകളും അരലക്ഷം മുതല്‍ ഒരു ലക്ഷം വരെ ഭൂരിപക്ഷത്തില്‍ 18 സീറ്റുകളും ബിജെപി ജയിച്ചു. അരലക്ഷത്തിന് മുകളില്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം ലഭിച്ചത് ഒരിടത്ത് മാത്രം. കേവലം പതിനായിരം വോട്ടില്‍ താഴെ ഭൂരിപക്ഷത്തിന് 35 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബിജെപിയുടേത് 26 സീറ്റുകളാണ്. കോണ്‍ഗ്രസ്സിന്റെ വോട്ട് ശതമാനം 2.5 ശതമാനം വര്‍ധിച്ചതും പ്രധാനമാണ്.

പ്രമുഖരെ നഷ്ടപ്പെട്ട് കോണ്‍ഗ്രസ്

നേതാക്കള്‍ തോറ്റത് കോണ്‍ഗ്രസ്സിന് നാണക്കേടായി. മുന്‍മന്ത്രിയും ദേശീയ വക്താവുമായ ശക്തിസിംഗ് ഗോഹില്‍, മുന്‍ പ്രതിപക്ഷ നേതാവ് അര്‍ജ്ജുന്‍ മൊധ്‌വാഡിയ, മുന്‍ മുഖ്യമന്ത്രി ചിമന്‍ഭായ് പട്ടേലിന്റെ മകന്‍ സിദ്ധാര്‍ത്ഥ് പട്ടേല്‍, മുന്‍ മുഖ്യമന്ത്രി അമര്‍സിംഗ് ചൗധരിയുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ തുഷാര്‍ ചൗധരി എന്നിവര്‍ തോറ്റു. രാജ്‌കോട്ട് വെസ്റ്റില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കെതിരെ രംഗത്തിറക്കിയ ഇന്ദ്രനീല്‍ രാജ്ഗുരു പരാജയപ്പെട്ടതും ക്ഷീണമായി.

നരേന്ദ്ര മോദിയുടെ ആദ്യ മണ്ഡലമെന്ന നിലയില്‍ ശ്രദ്ധേയമായ രാജ്‌കോട്ടില്‍ മുക്കാല്‍ ലക്ഷത്തോളം പട്ടേല്‍ വോട്ടുകളുണ്ടായിട്ടും കോണ്‍ഗ്രസ്സിന് വിജയിക്കാനായില്ല. ബിജെപി മുന്‍ മന്ത്രി ശങ്കര്‍ ചൗധരിയും തോറ്റ പ്രമുഖരിലുണ്ട്. വിജയ് രൂപാണി, നിതിന്‍ പട്ടേല്‍, സൗരഭ് പട്ടേല്‍, ജിത്തുഭായ് വഖാനി തുടങ്ങിയ ബിജെപി നേതാക്കള്‍ വിജയിച്ചു. കോണ്‍ഗ്രസ്സില്‍നിന്നും രാജിവെച്ച് ബിജെപിയിലെത്തിയ ഏഴ് എംഎല്‍എമാര്‍ മത്സരിച്ചതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ജയിക്കാനായത്. രാഹുലിന്റെ 27 ക്ഷേത്രസന്ദര്‍ശനങ്ങള്‍ ഗുണം ചെയ്‌തെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള 18 മണ്ഡലങ്ങളില്‍ വിജയിച്ചതായി പാര്‍ട്ടി അവകാശപ്പെട്ടു.

സീറ്റ് കുറച്ചത് സൗരാഷ്ട്ര

സൗരാഷ്ട്രയിലാണ് ബിജെപിക്ക് ഇത്തവണ സീറ്റുകളില്‍ വലിയ കുറവുണ്ടായത്. 2012ല്‍ 30 സീറ്റുണ്ടായിരുന്നത് 19 ആയി കുറഞ്ഞു. കോണ്‍ഗ്രസ്സിന്റെ സീറ്റ് 15ല്‍നിന്ന് 28 ആയി വര്‍ധിച്ചു.
ദക്ഷിണഗുജറാത്ത്- 30, ബിജെപി- 22 (24),കോണ്‍ഗ്രസ്- 7 (6), കച്ച്്- ആറ്,ബിജെപി- 4 (5),കോണ്‍ഗ്രസ്- 2 (1),വടക്കന്‍ ഗുജറാത്ത്- 32, ബിജെപി- 14 (15), കോണ്‍ഗ്രസ്- 17 (17),മധ്യഗുജറാത്ത്- 66, ബിജെപി- 40 (41),കോണ്‍ഗ്രസ്- 23 (22)

പട്ടേല്‍ സീറ്റുകളില്‍ ബിജെപി

ഇരുപത് ശതമാനത്തിലേറെ പട്ടേല്‍ വോട്ടുള്ള 28 സീറ്റില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ്സിന് 23 സീറ്റും ലഭിച്ചു. നഗരങ്ങളിലെ പട്ടേല്‍ മണ്ഡലങ്ങള്‍ ബിജെപിക്കും ഗ്രാമങ്ങളിലെ പട്ടേല്‍ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ്സിനുമൊപ്പമാണ്. അതിനാല്‍ പട്ടേല്‍ വോട്ടുകളേക്കാള്‍ നഗര, ഗ്രാമ സ്വാധീനമാണ് വിജയങ്ങളില്‍ പ്രതിഫലിപ്പിച്ചതെന്ന വിലയിരുത്തലുണ്ട്. മെഹസാന, പത്താന്‍, സൂറത്ത് തുടങ്ങിയ പട്ടേല്‍ ശക്തികേന്ദ്രങ്ങളില്‍ വിജയക്കൊടി പാറിക്കാനും പട്ടേല്‍, ജിഎസ്ടി പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന സൂറത്തില്‍ 2012ലെ സീറ്റുകള്‍ നിലനിര്‍ത്താനും ബിജെപിക്ക് സാധിച്ചു.

ഹര്‍ദിക് പട്ടേല്‍ ഏറ്റവും ശക്തമായ പ്രചാരണമാണ് സൂറത്തില്‍ നടത്തിയത്. വലിയ പട്ടേല്‍ റാലികള്‍ നടത്തിയ അഹമ്മദാബാദിലും രാഹുലും ഹര്‍ദ്ദിക്കും പ്രചാരണത്തിനിറങ്ങിയ നികോളിലും കോണ്‍ഗ്രസ് തോറ്റു. അതേ സമയം അംറേലി, മോര്‍ബി ജില്ലകളിലെ മുഴുവന്‍ സീറ്റുകളിലും പ്രക്ഷോഭത്തിനിടെ അക്രമം അരങ്ങേറിയ ബാപ്പുനഗറിലും ഹര്‍ദിക്കിന്റെ ജന്മനാടായ വിരാംഗാമിലും കോണ്‍ഗ്രസ് വിജയിച്ചു. പതിമൂന്ന് പട്ടികജാതി സീറ്റുകളില്‍ ബിജെപി ഏഴും കോണ്‍ഗ്രസ് അഞ്ചും നേടി.

2012ല്‍ ഇത് യഥാക്രമം 10, 3 ആയിരുന്നു. 27 പട്ടികവര്‍ഗ്ഗ സീറ്റുകളില്‍ ബിജെപി ഒന്‍പതും കോണ്‍ഗ്രസ് 17ഉം നേടി. രണ്ട് സീറ്റ് കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്കാണ്. 2012ല്‍ ബിജെപിക്ക് 10, കോണ്‍ഗ്രസ്സിന് 16 സീറ്റുകളാണ് ലഭിച്ചത്. വനവാസി മേഖലകളില്‍ അഞ്ച് ശതമാനം വോട്ട് ശതമാനം ഉയര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. 2002ല്‍ 13 സീറ്റുകള്‍ ബിജെപി ഇവിടെ വിജയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.