ശിവഗിരിമഠം എസ്എന്‍ഡിപി യോഗത്തിന്റെ ആത്മീയ അടിത്തറ - വെള്ളാപ്പള്ളി

Wednesday 20 December 2017 2:30 am IST

ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ദിവ്യജ്യോതി പ്രയാണത്തിന്റെ സമാപന സമ്മേളനം ശിവഗിരിയില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

ശിവഗിരി: എസ്എന്‍ഡിപി യോഗത്തിന്റെ ആത്മീയ അടിത്തറ ശിവഗിരിമഠമാണെന്നും അതിന്റെ പ്രേരണയില്‍ നിന്നാണ് യോഗം പ്രവര്‍ത്തിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ദിവ്യജ്യോതി പ്രയാണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യോഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും സാമുദായിക ശക്തി ആര്‍ജ്ജിക്കാനും ശിവഗിരി മഠത്തിന്റെയും സന്ന്യാസിവര്യന്മാരുടെയും അനുഗ്രഹം ആവശ്യമാണ്. സമുദായത്തിന്റെ ആഗ്രഹമായിരുന്നു ശിവഗിരി മഠവും എസ്എന്‍ഡിപി യോഗവും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത്. അത് ഇപ്പോള്‍ പ്രാവര്‍ത്തികമായിരിക്കുകയാണ്. ഇതിനെ തകര്‍ക്കാന്‍ പല മാരീചന്മാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ സമുദായത്തിന് കഴിയണം. ഓരോ പ്രത്യയശാസ്ത്രക്കാരും ഗുരുദേവ ദര്‍ശനങ്ങള്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. ദിവ്യജ്യോതി പ്രയാണത്തിന്റെ ക്യാപ്റ്റന്‍ തുഷാര്‍ വെളളാപ്പളളി, ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി സച്ചിദാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, സ്വാഗതസംഘം ചെയര്‍മാന്‍ സി.വിഷ്ണുഭക്തന്‍, ജനറല്‍ കണ്‍വീനര്‍ എസ്.ഗോകുല്‍ദാസ്, വര്‍ക്കിംഗ് കണ്‍വീനര്‍ ചൂഴാല്‍ നിര്‍മ്മലന്‍, ട്രഷറര്‍ സുപ്രിയ സുരേന്ദ്രന്‍, കണ്‍വീനര്‍ അജി എസ്.ആര്‍.എം, വനിതാസംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥന്‍, യോഗം കൗണ്‍സിലര്‍ സന്ദീപ് പച്ചയില്‍, അനില്‍ തറനിലം, ഡോ. രതീഷ് ചെങ്ങന്നൂര്‍, അഡ്വ. സിനില്‍ മുണ്ടപ്പിളളി തുടങ്ങിയവര്‍ സംസാരിച്ചു.

ചെമ്പഴന്തിയില്‍ നിന്ന് നൂറ് കണക്കിന് യൂത്ത് മൂവ്‌മെന്റ് വോളന്റിയര്‍മാരുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ഉച്ചയ്ക്ക് കല്ലമ്പലത്ത് എത്തിയ ദിവ്യജ്യോതി പ്രയാണത്തെ ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, വെള്ളാപ്പള്ളി നടേശന്‍, എസ്എന്‍ഡിപി യോഗത്തിന്റെയും സ്വാഗതസംഘത്തിന്റെയും നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ശിവഗിരിയിലേക്ക് ആനയിച്ചു. ദിവ്യജ്യോതി എത്തിയതോടെ സന്ന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ മഹാസമാധിയില്‍ പ്രത്യേക പൂജ നടന്നു. തുടര്‍ന്ന് ദിവ്യജ്യോതിയെ മഹാസമാധിയിലെ കെടാവിളക്കിലെ ജ്യോതിയില്‍ വിലയിപ്പിച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.