മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Wednesday 20 December 2017 2:30 am IST

തൃശൂര്‍: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഗവ. മെഡിക്കല്‍ കോളേജുകളില്‍ പിജി വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തില്‍.

മെഡിക്കല്‍ കോളേജുകളില്‍ ഒ.പി വിഭാഗവും അത്യാഹിത വിഭാഗവും കൈകാര്യം ചെയ്യുന്നത് പിജി വിദ്യാര്‍ത്ഥികളാണ്. ഇന്നലെ ഇവര്‍ നടത്തിയ സൂചനാ പണിമുടക്ക് മെഡിക്കല്‍ കേളേജുകളുടെ താളം തെറ്റിച്ചു. പണിമുടക്കിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ തൃശൂരിലെ ആരോഗ്യസര്‍വ്വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും പങ്കെടുത്തു.

ഡോക്ടര്‍മാരുടേയും ആരോഗ്യമേഖലയിലെ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച നടപടിക്കെതിരെയാണ് സമരം. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ 23 മുതല്‍ സ്വകാര്യ മേഖലയടക്കമുള്ള മെഡിക്കല്‍ കോളേജുകളില്‍ അനിശ്ചിതകാല പഠിപ്പുമുടക്കും പണിമുടക്കും നടത്തുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു.

അത്യാഹിത വിഭാഗങ്ങള്‍, ഓപ്പറേഷന്‍തീയറ്റര്‍ , ലേബര്‍ റൂം എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരുന്നു ഇന്നലത്തെ സൂചനാ സമരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.