പ്രധാനമന്ത്രിക്ക് നല്‍കിയത് തട്ടിക്കൂട്ട് റിപ്പോര്‍ട്ട്: ബിജെപി

Thursday 21 December 2017 2:46 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ച ഓഖി പുനഃരധിവാസ പാക്കേജ് മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതല്ലെന്ന് ബിജെപി. വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാതെ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ് പ്രധാനമന്ത്രിക്കു മുന്നില്‍ സമര്‍പ്പിച്ചതെന്നും സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണമെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഓഖി ദുരന്തത്തിനിരയായവരെ പുനഃരധിവസിപ്പിക്കുന്നതിനായി പാക്കേജില്‍ പറഞ്ഞിരിക്കുന്നത് വെറും 32.5 കോടി രൂപമാത്രം. ദുരന്തത്തില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെയും കാണാതായവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കാനേ ഈ തുക തികയൂ. റോഡ്, സാമൂഹിക സേവനം, ഭവന നിര്‍മ്മാണം തുടങ്ങിയവയ്ക്കാണ് കൂടുതല്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്.

പിഎംഎവൈ പദ്ധതി പ്രകാരം വീടില്ലാത്തവര്‍ക്കെല്ലാം ഭവന നിര്‍മ്മാണത്തിന് തുക നല്‍കുന്നുണ്ട്. റോഡ് നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമ്പോഴെല്ലാം തുക നല്‍കിവരുന്നു. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഓഖി ദുരന്തത്തിനിരയായവരെ സംരക്ഷിക്കാതെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രത്യേക പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.

തീരദേശ മേഖലയില്‍ 17,000 പേര്‍ക്ക് സ്വന്തമായി വിടില്ല. ഇതില്‍ 13,000 പേര്‍ക്ക് ഭൂമി പോലുമില്ല. ഇതൊന്നും സര്‍ക്കാര്‍ കാണുന്നില്ല. തങ്ങള്‍ ആവശ്യപ്പെട്ട ധനസഹായം അനുവദിക്കുന്നില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. റവന്യൂ വകുപ്പ് തയ്യാറാക്കിയ പാക്കേജല്ല പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. അതിനാലാണ് റവന്യൂ മന്ത്രിയെ പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടത്തിയത്.

ബിജെപി സംസ്ഥാന നേതൃത്വവുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് വ്യക്തമായ പുനഃരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഔദ്യോഗിക സര്‍ക്കാര്‍ സംവിധാനം ഉള്ള വ്യക്തിയാണ്.

കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടും ട്രാഫിക് പ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറിയത് ജാള്യതമൂലമാണെന്നം എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.