അത് സംഭവിക്കാതിരിക്കാൻ

Thursday 21 December 2017 2:45 am IST

നഷ്ടപ്പെട്ട സ്വര്‍ഗം ഓര്‍ക്കാപ്പുറത്ത് വീണ്ടുകിട്ടിയ സന്തോഷം ത്രിവക്രയെ വീര്‍പ്പുമുട്ടിക്കാന്‍ പോന്നു. ആരെങ്കിലുമായി പങ്കിട്ടാല്‍ സന്തോഷം ഇരട്ടിക്കും. അവളിലെ സന്തോഷം ഇരട്ടിച്ചു കാണാന്‍ അവര്‍ക്ക് കൊതിയായി. ആദ്യം ആരുമായിട്ടാവണം ഈ സന്തോഷം പങ്കിടേണ്ടത്? ആരോ മനസ്സിലിരുന്നു പറയുന്നതായി അവള്‍ക്കു തോന്നി: എന്താ സംശയം? നീ നിന്റെ ജീവിതം ഒരാളുമായി പങ്കിട്ടിട്ടില്ലേ? ആ ആളുമായിട്ടല്ലേ ഈ സന്തോഷം ആദ്യമായി പങ്കിടേണ്ടത്?
അവളോര്‍ത്തു: അന്നവള്‍ വരദയായിരുന്നു. അതിസുന്ദരിയായ അവളെ കൊട്ടാരത്തിലെ മഹാമാത്രനായ അംഗാരകന്‍ പുടമുറിക്കല്യാണം നടത്തി. അചിരേണ അവള്‍ ഗര്‍ഭിണിയായി.

ഏഴാം മാസത്തില്‍ അവളുടെ ഗര്‍ഭം അലസിപ്പോയി. അതോടെ അവര്‍ക്ക് സന്നിപാതജ്വരം പിടിച്ചു. ജ്വരം മാറിയപ്പോല്‍ അവള്‍ക്ക് അംഗവൈകല്യം വന്നു: കഴുത്ത് ഇടത്തോട്ടു പിരിഞ്ഞു: പുറത്തു കൂനുവന്നു; കാല്‍ വിറകുകൊള്ളിപോലെ വെറുങ്ങലിച്ചു. അവളങ്ങനെ ത്രിവക്രയായി. അതോടെ ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു. ഇതാ, പന്ത്രണ്ടു വര്‍ഷമാവുന്നു…കൊട്ടാരത്തിലെ സൈരന്ധ്രിയായി അന്നുമുതല്‍ അവള്‍ ജീവിതത്തോടു മല്ലിട്ടുപോന്നു.

ഇപ്പോള്‍-അവള്‍ വരദയായി പുനര്‍ജന്മം കൊണ്ടപ്പോള്‍-അവളുടെ ജീവിതേശ്വരനുമായി ആ സന്തോഷം പങ്കിടാനൊരു മോഹം…ഇപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അരികിലെത്താം. ഈ രാത്രി അദ്ദേഹത്തോടൊപ്പം… കഴിയുമെങ്കില്‍, അദ്ദേഹം സമ്മതിക്കുമെങ്കില്‍-ഇനിയുള്ള കാലം മുഴുവന്‍…
‘ഗര്‍ഗഭാഗവതത്തിലെ ഈ കഥ, അല്ലേ?’ മുത്തശ്ശി തിരക്കി.
‘അതെ’
അടഞ്ഞുകിടന്ന വാതില്‍ക്കല്‍ ത്രിവക്ര തട്ടി. അകത്തുനിന്നു അംഗാരകന്‍ വിളിച്ചുചോദിച്ചു: ‘ആരാണ് ഈ അസമയത്ത്?’
‘ഞാനാണ്’- ത്രിവക്ര അടക്കിയ ശബ്ദത്തില്‍ പറഞ്ഞു: ‘വാതില്‍ തുറക്കൂ’-
വാതില്‍ തുറന്ന അംഗാകരന് അവളെ തിരിച്ചറിയാനായില്ല. അസമയത്ത് തന്റരികെ, സുന്ദരിയായ പെണ്ണൊരുത്തി എത്തിയിരിക്കുന്നു. ഒരു ഭയം ഉള്ളില്‍ മുള വലിച്ചു: ഒരുപക്ഷേ, വല്ല ചാരപ്പണിയുടെ ഭാഗമായിരിക്കുമോ? രാജാവ് തന്നെ ഏല്‍പ്പിച്ച കാര്യം നടത്തുമോ എന്നറിയാന്‍ കൊട്ടാരത്തില്‍നിന്നു തന്നെ അയച്ചതാവുമോ?
ത്രിവക്ര ചിരിച്ചു: ‘എന്നെ മനസ്സിലായില്ലേ?’
തെല്ലുനേരം അംഗാരകന്‍ ആലോചന പൂണ്ടു. പെട്ടെന്ന്, ആ മുഖം അദ്ഭുതത്തില്‍ കുതിര്‍ന്നു. അവള്‍ക്കപ്പോള്‍ മനസ്സിലായി: അദ്ദേഹം തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു…
‘വരദേ, ഇതു നീയോ?’ അംഗാരകന്‍ പ്രണയപൂര്‍വം തിരക്കി; ഭര്‍ത്താവിന്റെ സ്വാതന്ത്ര്യം കയ്യടക്കിക്കൊണ്ട്, ചവിട്ടുപടിയില്‍ നിന്നിരുന്ന അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ക്ഷണിച്ചു: ‘വാ, അകത്തു വാ’-
ത്രിവക്ര അകത്തു കടന്നു. അംഗാരകന്‍ ഉടനെ വാതിലടച്ചു. അവളെ അയാള്‍ കട്ടിലിലേക്ക് കൂട്ടിക്കൊണ്ടുപോയി: ബലമായി പിടിച്ചിരുത്തി. പലവട്ടം അവളെ അടിമുടി വീക്ഷിച്ചുകൊണ്ട്, പ്രേമപൂര്‍വം കാതില്‍ പറഞ്ഞു: നീയിപ്പോള്‍ എന്റെ വരദയല്ലാ. അപ്‌സരസ്സാണ്.
അവളെ അയാള്‍ അടക്കിപ്പിടിച്ചു. അവള്‍ അയാള്‍ക്ക് വഴങ്ങിക്കൊടുത്തു.
‘നീയിനി എന്നെ വിട്ടുപോവരുത്.’
‘ഇല്ല’
‘നീയെങ്ങനെയാണ് ഇങ്ങനെ?’ അംഗാരകന്‍ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് തിരക്കി. അവള്‍ എല്ലാം വിശദമായി പറഞ്ഞു. അവസാനിപ്പിക്കുമ്പോലെ അവള്‍ പറഞ്ഞു: ‘കൃഷ്ണനല്ല. അവിടുന്ന് എന്റെ ദൈവമാണ്. എനിക്ക് രണ്ടാം ജന്മം തന്ന ദൈവം. ആ രണ്ടാം ജന്മവുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്-‘ അവള്‍ തേങ്ങിക്കരഞ്ഞു.
‘നീ കരയല്ലേ’- അംഗാരകന്‍ ആശ്വസിപ്പിച്ചു.
‘ഞാന്‍ കരയുന്നത് സങ്കടംകൊണ്ടല്ലാ. സന്തോഷം കൊണ്ടാണ്.’
‘അപ്പോള്‍, നീ പറയുന്നത് കൃഷ്ണന്‍ ദൈവമാണെന്നാണോ?’ അംഗാരകനു വിശ്വാസംവരാത്തപോലെ.
‘നോക്കൂ. ദൈവത്തിനല്ലാതെ എന്നെ ഇങ്ങനെയാക്കി മാറ്റാനാവുമോ? നോക്കിക്കോളൂ. നാളെ എന്റെ ദൈവം ആ ദുഷ്ടനെ കൊല്ലും.
അംഗാരകന്‍ ത്രിവക്രയുടെ വായ്‌പൊത്തിപ്പിടിച്ചു. ശബ്ദമടക്കിപ്പറഞ്ഞു: ‘മിണ്ടല്ലേ. ഇവിടെ ചുറ്റും ചാരന്മാരാണ്’-
‘ചാരന്മാരോ? എന്തിനാണിവിടെ ചാരന്മാര്‍?’
‘എന്റെ വിധിയെ തേടി’
‘എന്നുവച്ചാല്‍?’ ത്രിവക്ര അമ്പരന്നു.
‘അതെ, വരദേ. ഇപ്പോള്‍ നീ പറഞ്ഞില്ലേ, നിന്റെ ദൈവത്തെപ്പറ്റി? നിന്റെയാ ദൈവത്തെ നാളെ ഞാന്‍ കൊല്ലാന്‍ പോവുകയാണ്-‘
‘ദൈവമേ’- അവള്‍ അമ്പരന്നു തിരക്കി: ‘എന്തിനാണ് അദ്ദേഹത്തെ കൊല്ലുന്നത്? എങ്ങനെയാണ് അതു നടത്തുക?’
‘ഇന്നു രാത്രി എന്റെ കുവലയാപീഡത്തിനു ഞാന്‍ വിഷം കൊടുക്കും-മദമിളകാനുള്ള വിഷം. രാവിലെയാവുമ്പോള്‍ അവന് മദമിളകും. മദമിളകിയ അവനെ കൃഷ്ണന്റെ നേരേയ്ക്ക് ചങ്ങലയഴിച്ചുവിടാനാണ് കല്‍പന. അവന്‍ കൃഷ്ണനെ കുത്തിക്കൊല്ലും.’
ത്രിവക്ര അമ്പരന്നു പോയി. അംഗാരകനെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ‘ദൈവമാണ് എന്നെ ഇവിടെ കൊണ്ടെത്തിച്ചത്- ഇപ്പറഞ്ഞ കാര്യം സംഭവിക്കാതിരിക്കാന്‍. അതെ അതൊരിക്കലും സംഭവിക്കരുത്.
കൃഷ്ണനെ കംസന്‍ മഥുരയിലെത്തിച്ചത് ഒരിക്കലും ഇഷ്ടം കൂടാനല്ലെന്നും ഗൂഢമായി അപകടപ്പെടുത്താനുമാണെന്നും യാദവമുഖ്യര്‍ക്കു തീര്‍ച്ചയുണ്ടായിരുന്നു. അതു തടയാനുള്ള വഴികളെക്കുറിച്ചാണ് വസുദേവരുടെ കൊട്ടാരത്തിലെ ആലോചനാ മുറിയില്‍ യാദവ മുഖ്യര്‍ ആ സമയം തലപുകഞ്ഞാലോചിച്ചിരുന്നത്. വിഷ്ണു പുരാണം അതിങ്ങനെ വിവരിക്കുന്നു-മുത്തശ്ശന്‍ കഥ തുടര്‍ന്നു.
‘ഒരു വഴിയേയുള്ളൂ’ സാംബന്‍ പറഞ്ഞു: എന്തെങ്കിലും അദ്ഭുതം സംഭവിക്കണം.’
‘അദ്ഭുതം സംഭവിക്കില്ല എന്നു തീര്‍ത്തു പറയാനാവില്ല.’ അക്രൂരന്‍ പറഞ്ഞു. സാംബനപ്പോള്‍ തിരിച്ചു ചോദിച്ചു: അത്ഭുതം സംഭവിക്കുമെന്നു തീര്‍ത്തുപറയാനാവുമോ?’
‘ഉവ്വ്’- അക്രൂരന്‍ പറഞ്ഞു: ‘അതിന് സാക്ഷി നില്‍ക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി’-
അന്നേരം, വാതില്‍ക്കലെ ഇരുട്ടില്‍ ഒരു നെയ്ത്തിരി പ്രകാശം കണ്ടു. കയ്യിലൊരു തിരി വിളക്കുമായി ദേവകിയാണ്. അരണ്ട വെളിച്ചം ആ മുഖത്തെ വിളര്‍ച്ച എടുത്തുകാട്ടി. ആ കണ്ണിലെ തിളക്കം അവിടെ കൂടിയിരുന്നവരെ ഉറ്റുനോക്കി.
‘ഒരു കാര്യം പറയാനാണ് വന്നത്. എന്റെ ഒരാഗ്രഹം’-
‘എന്താണ്?’ അക്രൂരന്‍ തിരക്കി.
‘എന്റെ ഉണ്ണികള്‍ കൊല്ലപ്പെട്ടാല്‍, അവരുടെ ചിതയില്‍ എന്നെക്കൂടി ദഹിപ്പിക്കണം: ഞാന്‍ മരിച്ചാലും ഇല്ലെങ്കിലും’- ആ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നു കയ്യിലെ വിളക്കിന്റെ നാളം വിളിച്ചറിയിച്ചു.
എല്ലാവരും സ്തബ്ധരായിരുന്നു. നിശ്ശബ്ദതപോലും വെറുങ്ങലിച്ചിരുന്നുവെന്നു തോന്നി.
അക്രൂരന്റെ ശബ്ദം അവിടെ മുഴക്കമുണര്‍ത്തി: ‘ആര്യേ. അവിടുത്തെ മക്കള്‍ക്ക് എന്തെങ്കിലും സംഭവിക്കുമെങ്കില്‍, അതിനു മുന്നേ യദുകുലമുഖ്യരെല്ലാം ഈ ലോകത്തോടു വിട പറഞ്ഞിരിക്കും. ഇതു സത്യം, സത്യം, സത്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.