വംശവാഴ്ചയുടെ പിന്‍മടക്കം

Thursday 21 December 2017 2:45 am IST

പ്രതിപക്ഷ നേതാവിനെ ലഭിക്കാനുള്ള അംഗബലംപോലുമില്ലാതെ ചരിത്രത്തിലെ ഏറ്റവും കനത്ത തോല്‍വി ഏറ്റുവാങ്ങിയ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പരാജയങ്ങളുടെ പരമ്പരതന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേരിടേണ്ടിവന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

എല്ലാം ദയനീയമായ പരാജയങ്ങളായിരുന്നിട്ടും അതു സമ്മതിക്കാനും, എല്ലായിടങ്ങളിലും വിജയിച്ച ബിജെപിയെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അനുമോദിക്കാനും കോണ്‍ഗ്രസ് തയ്യാറായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് രാഹുല്‍ ഗാന്ധിയെ മാത്രം കുറ്റപ്പെടുത്തരുത്, ഇതൊരു കൂട്ടത്തോല്‍വിയാണ് എന്നായിരുന്നു പാര്‍ട്ടി വക്താവ് സത്യവ്രത ചതുര്‍വേദിയുടെ പ്രതികരണം. 2017 ഒക്‌ടോബറില്‍ ഗുജറാത്തിലെ വഡോദരയില്‍ കച്ചവടക്കാരുടെ യോഗത്തില്‍ പങ്കെടുത്ത് രാഹുല്‍ പറഞ്ഞത്, 2014-ലെ തോല്‍വിയില്‍ ബിജെപിയോട് നന്ദിയുണ്ടെന്നും, പരാജയം പാഠംപഠിപ്പിച്ചു എന്നുമാണ്. ഇങ്ങനെ നിരന്തരം പരാജയം ഭക്ഷിച്ച് കഴിഞ്ഞുകൂടുകയായിരുന്നിട്ടും എന്തുകൊണ്ടാണ് ഗുജറാത്തില്‍ ബിജെപിയും നരേന്ദ്ര മോദിയും ഒറ്റയ്ക്ക് നേടിയ വിജയത്തെ അംഗീകരിക്കാതെ ‘ധാര്‍മിക വിജയം’ തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്?

ഗുജറാത്ത് ഫലത്തെ വ്യത്യസ്ത കോണുകളില്‍നിന്ന് വിലയിരുത്തുന്ന പലരും, ബോധപൂര്‍വമോ അല്ലാതെയോ വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. നാശത്തിന്റെ ചാരക്കൂമ്പാരത്തില്‍നിന്ന് വംശവാഴ്ചയിലൂടെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹം ഇതോടെ പൊലിഞ്ഞിരിക്കുന്നു. പത്തൊന്‍പതു വര്‍ഷം അധികാരം കയ്യടക്കിയ അമ്മയുടെ പിന്‍ഗാമിയായി രാഹുല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത് ഒരൊറ്റ ദിവസം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിലെ വംശവാഴ്ചയുടെ ആദ്യ ഇരയെന്ന് വിശേഷിപ്പിക്കാവുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ നാട്ടില്‍വച്ചുതന്നെ ഈ പ്രഹരമേറ്റതില്‍ ചരിത്രത്തിന്റെ പ്രതികാരം ദര്‍ശിക്കാം.

പരാജയം ഉറപ്പായ മറ്റൊരു പോരാട്ടം ആയിരുന്നില്ല കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ്. എന്തു ചെയ്തിട്ടായാലും വിജയിച്ചേ പറ്റൂ എന്ന വാശി പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രകടമായിരുന്നു. 2014- ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലോ, അതിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലോ ഇത്തരമൊരു വാശി ആ പാര്‍ട്ടിക്കുണ്ടായിരുന്നില്ല. കപട മതേതരത്വത്തിന്റെയും മതന്യൂനപക്ഷപ്രീണനത്തിന്റെയും പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെട്ടുപോന്ന കോണ്‍ഗ്രസ് സ്വന്തം അണികളെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് ‘ഹിന്ദുകാര്‍ഡ്’ പുറത്തെടുക്കുകയുണ്ടായി. നെഹ്‌റു കുടുംബത്തിന്റെ വംശാധിപതിയായ രാഹുല്‍ ശിവഭക്തനും പൂണൂല്‍ധാരിയുമായ ഹിന്ദുവാണെന്ന് തെളിയിക്കാന്‍ പാര്‍ട്ടി വക്താക്കള്‍ വല്ലാതെ വിയര്‍പ്പൊഴുക്കി.

തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം നെഹ്‌റു കുടുംബത്തിലെ അഞ്ചാമത്തെ സ്വേച്ഛാധിപതിയായി രാഹുലിനെ വാഴിച്ച നടപടിക്കുള്ള അംഗീകാരമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് ലക്ഷ്യംവച്ചത്. ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി നെഹ്‌റു കുടുംബത്തിന്റെ വംശാധിപത്യത്തില്‍നിന്ന് അവിശ്വസനീയമാംവിധം ഇന്ത്യയെ മോചിപ്പിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ സ്വന്തം തട്ടകത്തില്‍ നേടുന്ന ഒരു വിജയം കുടുംബവാഴ്ചയെ സാധൂകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടി. ജനാധിപത്യവിരുദ്ധമായ ഈ അജണ്ടയാണ് ഗുജറാത്തില്‍ ജീവന്മരണ പോരാട്ടത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജാതീയമായി വേട്ടയാടിയതുപോലും നെഹ്‌റു കുടുംബത്തിന്റെ ‘കുലമഹിമ’ സ്ഥാപിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായിരുന്നു.

രാഹുലിന്റെ സ്ഥാനാരോഹണവുമായി ഒത്തു വന്നില്ലായിരുന്നെങ്കില്‍ ഇത്രയേറെ തീവ്രതയോടും സന്നാഹത്തോടുംകൂടി കോണ്‍ഗ്രസ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ സമീപിക്കില്ലായിരുന്നു. 1919-ല്‍ മോത്തിലാല്‍ നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായത ുമുതല്‍ ഒന്‍പത് നൂറ്റാണ്ടിലേറെയായി പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയത്തിലും ഭരണത്തിലും തുടരുന്ന നെഹ്‌റു കുടുംബത്തിന്റെ വാഴ്ച ജനാധിപത്യവിരുദ്ധമാണെന്ന വികാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലുമുണ്ടായിട്ടുണ്ട്. പല ഘട്ടങ്ങളിലും അവര്‍ അത് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ വൈദേശിക ശക്തികളുടെ പിന്‍ബലവും ഇടപെടലുകളും, ദാരുണമായ കൊലപാതകങ്ങള്‍ പോലും ഇന്ധനമാക്കി വംശാധിപത്യ അതിജീവനം സാധ്യമാക്കുകയായിരുന്നു.

വംശാധിപത്യത്തെ രാഷ്ട്രീയമായി ആശ്രയിക്കേണ്ടിവന്നപ്പോഴും നെഹ്‌റു കുടുംബത്തിനു പുറമെയുള്ളവരാണ് അത് ന്യായീകരിച്ചുപോന്നത്. എന്നാല്‍ ഇങ്ങനെയൊരു മറ ഇനി ആവശ്യമില്ലെന്ന് തീരുമാനിച്ചതിന്റെ ബഹുമതി രാഹുലിനുള്ളതാണ്. 2017 സെപ്തംബറില്‍ കാലിഫോര്‍ണിയയിലെ ബര്‍ക്ക്‌ലി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വംശവാഴ്ചയെ രാഹുല്‍ പരസ്യമായി ന്യായീകരിച്ചു. വംശവാഴ്ച ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്. മുലായംസിങ്ങിന്റെ മകന്‍ അഖിലേഷ് യാദവ്, എം. കരുണാനിധിയുടെ മകന്‍ എം.കെ. സ്റ്റാലിന്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ വന്നതും, അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചന്‍ സിനിമയിലെത്തിയതും, ധീരുബായ് അംബാനിയുടെ മക്കളായ മുകേഷ്-അനില്‍ അംബാനിമാര്‍ വാണിജ്യരംഗത്തുവന്നതും ഇതിനുദാഹരണമായി രാഹുല്‍ എടുത്തുകാട്ടുകയുണ്ടായി. ”രാജ്യത്ത് ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് എന്നെ മാത്രം കുറ്റപ്പെടുത്തരുത്” എന്നായിരുന്നു രാഹുലിന്റെ അഭ്യര്‍ത്ഥന.

മറ്റു പാര്‍ട്ടികളിലെ മക്കള്‍ രാഷ്ട്രീയം എടുത്തുകാട്ടി സ്വന്തം പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെ വെള്ളപൂശാനുള്ള ശ്രമം കോണ്‍ഗ്രസ് പലപ്പോഴും നടത്തിയിട്ടുള്ളതാണ്. എന്നാല്‍ കുടുംബവാഴ്ചയെന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ കീഴ്‌വഴക്കം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനോട് മത്സരിച്ചും അല്ലാതെയും മറ്റുള്ളവര്‍ ഇത് അനുകരിച്ചെന്നു മാത്രം. ഏതെങ്കിലും ഒരു മകനോ മകളോ സ്വന്തം മാതാപിതാക്കളുടെ മേഖല തെരഞ്ഞെടുത്ത് പ്രവര്‍ത്തിച്ചുകൂടെന്ന് ആരും പറയില്ല. അവസരസമത്വം പൗരന്റെ ഭരണഘടനാപരമായ അവകാശമായിരിക്കുന്ന ഒരു രാജ്യത്ത് അങ്ങനെ ചിന്തിക്കുന്നതുപോലും സാമൂഹ്യവിരുദ്ധമാണ്. കഴിവാണ് എവിടെയും അര്‍ഹതയും യോഗ്യതയുമാവേണ്ടത്. ഇത് മാനദണ്ഡമാക്കുമ്പോഴാണ് നെഹ്‌റു കുടുംബത്തില്‍പ്പെട്ടവര്‍ അയോഗ്യരാകുന്നത്. കഴിവുകളുടെ നിറകുടമായി കോണ്‍ഗ്രസുകാര്‍ വാഴ്ത്തുന്ന രാഹുലിന്റെ കാര്യം വരുമ്പോള്‍ ആയിരത്തിലൊരു കോണ്‍ഗ്രസുകാരനായിപ്പോലും യോഗ്യതയുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തെരഞ്ഞെടുക്കപ്പെടില്ല എന്നുറപ്പാണ്.

സിനിമാ രംഗത്തെ കാര്യം പറഞ്ഞ് കുടുംബവാഴ്ചയെ ന്യായീകരിച്ച രാഹുലിന് ഹിന്ദി സിനിമാതാരം ഋഷികപൂര്‍ ചുട്ടമറുപടി നല്‍കുകയുണ്ടായി. 106 വര്‍ഷം നീളുന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ 90 വര്‍ഷവും കപൂര്‍ കുടുംബത്തിന്റെ സംഭാവനകളുണ്ട്. ഓരോ തലമുറയേയും കഴിവിന്റെയും കഠിനാദ്ധ്വാനത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നുവെന്നാണ് ഋഷികപൂര്‍ പറഞ്ഞത്. ഏത് സൂപ്പര്‍ താരത്തിന്റെ മകനായിരുന്നാലും അഭിനയിക്കാന്‍ കഴിവില്ലെങ്കില്‍ പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളും. ഈ സത്യമറിയാന്‍ മലയാള സിനിമയുടെ മറുപേരായിരുന്ന പ്രേംനസീറിന്റെ മകന്‍ ഷാനവാസിന് എന്തു സംഭവിച്ചുവെന്നുമാത്രം നോക്കിയാല്‍ മതിയല്ലോ.

എല്ലാ അര്‍ഹതയുമുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ മാറ്റിനിര്‍ത്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് പ്രസിഡന്റായതും, അതുവഴി പ്രഥമ പ്രധാനമന്ത്രിയായതും. നെഹ്‌റുവിന്റെ മകളായതുകൊണ്ടാണ,് കഴിവും അറിവും ആത്മാര്‍ത്ഥതയുമുള്ള സ്വന്തം പാര്‍ട്ടിയിലെ മഹാരഥന്മാരെ മറികടന്ന് ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാവാന്‍ കഴിഞ്ഞത്. ഇന്ദിരയുടെ മകന്‍ രാജീവിന്, കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രധാനമന്ത്രി എന്നീ പദവികളിലെത്താന്‍ കഴിഞ്ഞതും അമ്മയിലൂടെതന്നെ. ഇറ്റലിയില്‍ ജനിച്ച സോണിയ കോണ്‍ഗ്രസ് പ്രസിഡന്റായത് കുടുംബവാഴ്ചയുടെ ഗുണഭോക്താവെന്ന നിലയ്ക്ക് മാത്രമായിരുന്നു. തന്നെ ചൂഴ്ന്നുനില്‍ക്കുന്ന വ്യക്തിപരവും രാഷ്ട്രീയവുമായ ഒട്ടേറെ കാര്യങ്ങള്‍ ഇനിയും തൃപ്തികരമായി വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത, ദുരൂഹപശ്ചാത്തലമുള്ള സോണിയ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവല്ലോ.

2004-ല്‍ എംപിയും, 2007-ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും, 2013-ല്‍ പാര്‍ട്ടി ഉപാധ്യക്ഷനുമായിത്തീര്‍ന്ന രാഹുല്‍, അറിവും കഴിവും പക്വതയുമുള്ള നേതാവാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല. ഇക്കാലത്തിനിടെ പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് പാര്‍ട്ടിയെ നയിക്കുകയായിരുന്നു രാഹുല്‍. ഇതെല്ലാം മറന്നേക്കൂ എന്നുപറഞ്ഞ് ഈ അപക്വ യുവാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ നടപടിയെ അംഗീകരിക്കാന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ നിര്‍ബന്ധിതരാണെങ്കിലും ജനങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നില്ല.

രാഹുലിന്റെ സ്ഥാനാരോഹണത്തിന് ജനങ്ങളുടെ അംഗീകാരമുണ്ടെന്ന് വരുത്താനും, 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാനുമുള്ള അവസരമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് കണ്ടത്. പക്ഷേ കടുത്ത മത്സരത്തിനൊടുവില്‍ പരാജയപ്പെടേണ്ടിവന്നു. ഈ കഠിന യാഥാര്‍ത്ഥ്യത്തോട് ഈ പാര്‍ട്ടി പൊരുത്തപ്പെടാന്‍ സമയമെടുക്കും. ഒരു കാര്യം വ്യക്തമാണ്; കോണ്‍ഗ്രസിലെ കിരീടം വയ്ക്കാത്ത രാജാവായി രാഹുല്‍ തുടരുമെങ്കിലും രാജ്യത്തിന്റെ ഭരണരംഗത്ത് ആ പാര്‍ട്ടിയുടെ വംശവാഴ്ച ഇതോടെ അവസാനിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.