ഓഖി ചുഴറ്റിയെറിഞ്ഞവര്‍

Thursday 21 December 2017 2:45 am IST

കൊടുങ്കാറ്റും പേമാരിയും തീരപ്രദേശങ്ങളില്‍ നാശം വിതച്ചു. കടല്‍ സംഹാരതാണ്ഡവമാടി. ഒന്നുമറിയാതെ കടലില്‍ പോയവര്‍ കുടുങ്ങി. കരയില്‍ അലമുറകളുയര്‍ന്നു. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യായീകരിച്ചു. ”കാറ്റുണ്ടാകുമെന്നറിയിപ്പ് കിട്ടിയിരുന്നു. അത് കൂടെക്കൂടെ ഉണ്ടാവുന്ന സാധാരണ നടപടി മാത്രമാണ്. ചുഴലിക്കാറ്റ് എന്നുപറഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ കാര്യമായി തന്നെ മുന്‍കരുതലെടുക്കുമായിരുന്നു.” ഇതുതന്നെ മുഖ്യമന്ത്രിയും പറഞ്ഞു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുമെന്നേ അറിയിച്ചൊള്ളൂ, ആനയിറങ്ങുമെന്നു പറഞ്ഞില്ല എന്നുപറയുന്നതുപോലെയാണിത്.

മേഴ്‌സിക്കുട്ടിയമ്മ ദുരിതബാധിതരെ വീണ്ടും പരിഹസിച്ചു. കടലില്‍ പോയവര്‍ക്കെന്തുപറ്റിയെന്നറിയാതെ സ്ത്രീകള്‍ ചങ്കുപൊട്ടി കരഞ്ഞു. നിസ്സാരകാര്യങ്ങള്‍ക്ക് കരയുകയെന്നത് ആ സ്ത്രീകളുടെ സ്വഭാവമാണ്, കാര്യമാക്കേണ്ട എന്നായിരുന്നു മന്ത്രിണിയുടെ പരിഹാസവചനം. മറ്റൊരു മഹാജനസേവകന്‍ മുകേഷ് എംഎല്‍എ മൂന്നാം ദിവസം കടപ്പുറത്തെത്തി. എവിടെയായിരുന്നു ഇതുവരെ, വരാന്‍ എന്താണു താമസിച്ചത് എന്ന ചോദ്യത്തിന്, പരിഹാസത്തോടെ എംഎല്‍എ മറുപടി പറഞ്ഞു, ”ഇവിടെയൊക്കെ ഉണ്ടായിരുന്നേ,വിദേശത്തൊന്നും പോയില്ലേ.” ഇത്തരം ജനസേവകരെക്കാള്‍ വിവരവും മാന്യതയുമുള്ളവരായിരുന്നു അവിടത്തെ ജനങ്ങള്‍. അല്ലായിരുന്നെങ്കില്‍, പങ്കായംകൊണ്ടു തലതല്ലിപ്പൊളിച്ചേനെ.

ഉത്തരവാദപ്പെട്ടവരാരും വിഴിഞ്ഞത്തേക്കെത്തി നോക്കിയതേയില്ല. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രധാനമന്ത്രിമാര്‍, വെള്ളപ്പൊക്കവും, ഭൂകമ്പവുമൊക്കെ ഉണ്ടാവുമ്പോള്‍ ഹെലികോപ്റ്ററില്‍ പറന്ന് രംഗനിരീക്ഷണം നടത്തുമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും പൂതിയുണ്ടായി. അദ്ദേഹവും അങ്ങനെയൊരു നിരീക്ഷണം നടത്തി. ഭൂമിയിലിറങ്ങിയ അദ്ദേഹം പ്രഖ്യാപിച്ചു, ”ഞാന്‍ ഏറെനേരം നിരീക്ഷിച്ചിട്ടും ഓഖിയെന്ന സാധനത്തെ കണ്ടില്ല. എന്നാല്‍, കടല്‍ ക്ഷോഭിച്ചിരിക്കുകയാണ്.”

ഇല്ലാത്ത സംഘപരിവാര്‍ ഫാസിസത്തിന്റെ ഇരകളെ ആശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പലനാടുകളിലും പോയിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞത്തു കടലില്‍ പോയ വള്ളങ്ങളുടെ എണ്ണം അദ്ദേഹത്തിനറിയില്ല. മത്സ്യത്തൊഴിലാളികളാരെങ്കിലും പോയിട്ടുണ്ടോയെന്നും നിശ്ചയമില്ല. എല്ലാം ശരിയാക്കാന്‍ അധികാരമേറ്റ തൊഴിലാളി വര്‍ഗ്ഗനേതാവ്! മൂന്നാം ദിവസം അദ്ദേഹത്തിന്റെ മനസ്സുരുകി. സിംഹാസനം വിട്ടുയര്‍ന്നു. പ്രജാവത്സലനായ അദ്ദേഹം പ്രജകളുടെ ക്ഷേമാന്വേഷണത്തിനായി, പരിവാരസമേതം വിഴിഞ്ഞത്തേക്ക് പുറപ്പെട്ടു.

അവിടെയെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. എന്തിനിപ്പോള്‍ എഴുന്നള്ളിയെന്ന ചോദ്യത്തിനുത്തരമുണ്ടായില്ല. കിളിത്തട്ടുകളിയിലെന്നപോലെ പോലീസ് ഓടിനടന്ന് സുരക്ഷയൊരുക്കി. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു. മറ്റേതോ കാറില്‍ മുഖ്യനെ തള്ളിക്കയറ്റി. വളരെ പണിപ്പെട്ട്, ജനരോഷത്തില്‍ മുറിവേല്‍ക്കാതെ വാഹനം സെക്രട്ടറിയേറ്റിനെ ലക്ഷ്യമാക്കി പാഞ്ഞു. നനഞ്ഞ കോഴിയെപ്പോലെ കാറിന്റെ മൂലയിലിരുന്നു. ഓരോ പ്രവൃത്തിയ്ക്കും തത്തുല്യമായ തിരിച്ചടിയുണ്ടെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ കൊള്ളാം.
രാജ്യരക്ഷാ മന്ത്രി നിര്‍മല സീതാരാമന്‍ കേരളത്തിലെത്തി.

വിഴിഞ്ഞം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. പിണറായി ഭക്തര്‍ക്കു സഹിച്ചില്ല. മുഖ്യനെ വേണ്ടാത്തിടത്ത് കേന്ദ്രമന്ത്രിയും പോകണ്ടായെന്നവര്‍ തീരുമാനിച്ചു. അവിടെ ജനങ്ങള്‍ പ്രകോപിതരാണ്. സന്ദര്‍ശനം ഉപേക്ഷിക്കണമെന്നു പോലീസ് നിര്‍ദ്ദേശിച്ചു. അതു ഞാന്‍ നോക്കിക്കൊള്ളാമെന്നായിരുന്നു നിര്‍മലയുടെ മറുപടി. ഭാരതമെന്ന മഹാരാജ്യത്തിന്റെ രക്ഷാമന്ത്രി ഏതാനും ജനങ്ങളുടെ രോഷത്തെ പേടിച്ചാല്‍ ആ സ്ഥാനത്തിരിക്കാന്‍ അവര്‍ഹയല്ലായെന്ന് ആ ഉത്തരത്തിലൂടെ അവര്‍ പറയാതെ പറഞ്ഞു.

നമ്മുടെ മുഖ്യന്‍ പണ്ടു മധ്യപ്രദേശില്‍ പോയി. അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങു നടക്കുന്നിടത്ത് എന്തൊക്കെയോ ബഹളം നടക്കുന്നുണ്ട്. അതൊന്നു ശാന്തമാക്കാന്‍ കുറച്ചുസമയം വേണമെന്നു പോലീസുകാര്‍ പറഞ്ഞപ്പോള്‍ വണ്ടിതിരിച്ചു വിട്ടയാളാണ്. നിര്‍മ്മലയെന്ന സ്ത്രീയുടെ വാക്കും ചങ്കൂറ്റവും അദ്ദേഹത്തിനു പാഠമാവട്ടെ.
നിര്‍മല വിഴിഞ്ഞത്തെത്തിയപ്പോള്‍ ജനം കോപാക്രാന്തരായി. ആ കോപം തന്റെ നേരെയല്ലെന്നും, കൂടെയുള്ള കടകംപള്ളിയോടും മേഴ്‌സിക്കുട്ടിയമ്മയോടുമാണെന്ന് മന്ത്രിക്ക് മനസ്സിലായി. അവര്‍ പറഞ്ഞു, പ്രകോപിതരാവരുത്. ഞാനും പെണ്ണാണ്. അമ്മമാരുടെ, സഹോദരിമാരുടെയൊക്കെ വികാരം എനിക്ക് മനസ്സിലാവും. നിങ്ങളോടൊപ്പം ഞാനുണ്ട്. ചെയ്യേണ്ടതെല്ലാം ചെയ്യും. ആ വാക്കുകള്‍ കൊടുങ്കാറ്റിനിടയിലെ കുളിര്‍കാറ്റായി. ആശങ്കയില്‍ തപിച്ച മനസ്സുകള്‍ തണുത്തു. വികാരങ്ങള്‍ തണുത്തു. ജനങ്ങളുടെ നേരെ ചീറ്റുന്ന പിണറായി. സാന്ത്വനോക്തികളിലൂടെ ജനഹൃദയങ്ങളെ സമാധാനിപ്പിക്കുന്ന നിര്‍മല സീതാരാമന്‍.

സ്ത്രീക്കും സ്ത്രീത്വത്തിനും മഹത്വമേറുന്നതായി നിര്‍മ്മലാ സീതാരാമന്റെ വാക്കുകള്‍. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ സ്ത്രീക്ക് കഴിയുന്നില്ലെങ്കില്‍ അവരെ മേഴ്‌സിക്കുട്ടിയമ്മ എന്നുവിളിക്കണം.

രണ്ടുപേരെക്കൂടി പരാമര്‍ശിച്ചില്ലെങ്കില്‍ ഈ മന്ത്രിസഭയുടെ മഹത്വം പൂര്‍ണമാവില്ല. ഒരാള്‍ മന്ത്രിക്കവി ജി. സുധാകരന്‍. അദ്ദേഹം കടല്‍ത്തീര ദുഃഖത്തെപ്പറ്റി കവിതയെഴുതിയിട്ടുണ്ട്. ഒബാമയോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിച്ചിട്ടുമുണ്ട്. കടല്‍ത്തീരത്തുപോയിട്ടുണ്ടോ, കടല്‍ത്തീരദുഃഖം കണ്ടിട്ടുണ്ടോ, മത്സ്യസുഗന്ധവുമായി വരുന്നവരെ കണ്ടിട്ടുണ്ടോ എന്നിങ്ങനെ. കടല്‍ത്തീരദുഃഖം കാണാന്‍ മന്ത്രിക്കവിയെന്തേ പോയില്ല? തന്റെ മുഖ്യനുണ്ടായ ദുര്‍ഗ്ഗതി ഓര്‍ത്തിട്ടാവാം.

രണ്ടാമന്‍ വണ്‍, ടു, ത്രി, ഫോര്‍ പറഞ്ഞ് പച്ചമനുഷ്യരെ തല്ലിയും കുത്തിയും വെടിവച്ചും കൊന്നിട്ടുണ്ടെന്ന് പറഞ്ഞ സഖാവ്. ഇപ്പോള്‍ അദ്ദേഹവും മന്ത്രി, നാക്കുപിഴ ജന്മസിദ്ധം. സഖാവു വര്‍ഗ്ഗത്തില്‍പ്പെടാത്ത സ്ത്രീകളെ പരമുപുച്ഛമാണ്. വിഴിഞ്ഞത്തു ചെന്നാല്‍… കരയുന്ന സ്ത്രീകളെ കണ്ടാല്‍… ഇവള്‍ടെ ഒക്കെ സോക്കേടെന്താണെന്ന് ഞങ്ങള്‍ക്കറിയാമെന്നേ എന്നാവും പ്രസംഗിക്കുക. ഇനിയും നാണക്കേടുകള്‍ കൂട്ടിയിടാന്‍ സെക്രട്ടറിയേറ്റില്‍ സ്ഥലമില്ലാത്തതിനാല്‍ വിലക്കിയിട്ടുണ്ടാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.